Connect with us

Gulf

ബ്രെക്‌സിറ്റ് ഖത്വറിലെ വ്യവസായികള്‍ക്ക് അവസരമാകുമെന്ന് വിദഗ്ധര്‍

Published

|

Last Updated

ദോഹ: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ വിടാനുള്ള തീരുമാനം ഖത്വറിലെ വ്യവസായികള്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരം ഒരുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കറന്‍സികളില്‍ വരുന്ന വിനിമയ മാറ്റം മൂലം കൂടുതല്‍ വ്യാപാരവും നിക്ഷേപവും നടത്താന്‍ സാധിക്കുമെന്നും അതിനാല്‍ ഖത്വരി സമ്പദ്‌വ്യവസ്ഥക്ക് അനുകൂലമായി തീരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പലനിലക്കും ഖത്വറിന് അനുകൂലമായി തീരുകയാണ് ബ്രെക്‌സിറ്റ്. ഖത്വരി റിയാല്‍ പെഗ്ഗിംഗ് നടത്തുന്ന യു എസ് ഡോളര്‍ പൗണ്ടിനെതിരെ കരുത്താര്‍ജിക്കുന്നത് ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചെലവ് കുറക്കും. ഖത്വര്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ശക്തി ക്ഷയിച്ച പൗണ്ട് മുഖേനയുണ്ടാകുകയും ചെയ്യും. ബ്രിട്ടന് പുറത്തേക്കുള്ള ജോലിയൊഴുക്ക് വര്‍ധിക്കാനും ഇടയാക്കും.
ബ്രക്‌സിറ്റാനന്തര സംഭവവികാസങ്ങള്‍ ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്ന് ദോഹ ബേങ്ക് ഗ്രൂപ്പ് സി ഇ ഒ ഡോ. ആര്‍ സീതാരാമന്‍ പറയുന്നു. എണ്ണ അടക്കമുള്ള ധനകാര്യ വിപണികളുടെ അസ്ഥിരത തുടരുമോ അതോ താഴോട്ടുപോകുമോയെന്നത് യു കെയും ഇ യുവും തമ്മിലുള്ള ചര്‍ച്ചയെ ആശ്രയിച്ചിരിക്കും. നിക്ഷേപം, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഖത്വറും ബ്രിട്ടനും ഇ യുവും തമ്മില്‍ നയതന്ത്രമേഖലകളിലൂടെ അവസരങ്ങള്‍ തുറക്കേണ്ടതുണ്ട്. യു കെയിലെയും ഇ യുവിലെയും വസ്തു വിപണന മേഖലകളാണ് ഖത്വറിലെ ദീര്‍ഘകാല നിക്ഷേപകര്‍ അവസരമാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഹരി വിപണിയില്‍ നേരിയ ആഘാതം ഉണ്ടാക്കിയെങ്കിലും ആത്യന്തികമായി ഖത്വറിനെ ബാധിക്കില്ലെന്ന് ഡച്ച് ബിസിനസ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ ഹെങ്ക് ജാന്‍ ഹൂഗന്തോണ്‍ പറയുന്നു. പൗണ്ടിനും യൂറോക്കുമെതിരെ ഖത്വര്‍ റിയാല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest