Connect with us

Gulf

ഖത്വറില്‍ പുതിയൊരു എണ്ണക്കമ്പനി കൂടി

Published

|

Last Updated

ടോട്ടല്‍ സി ഇ ഒ പാട്രിക് പുയാനി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: അല്‍ ശഹീന്‍ ഓഫ്‌ഷോര്‍ ഓയില്‍ ഫീല്‍ഡിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നതിന് ഖത്വര്‍ പെട്രോളിയത്തിനു കീഴില്‍ പുതിയ പെട്രോളിയം കമ്പനി രൂപവത്കരിക്കുന്നു. ടോട്ടല്‍ കമ്പനിയുമായി ചേര്‍ന്നാണ് “നോര്‍ത്ത് ഓയില്‍ കമ്പനി” എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുന്നത്. കമ്പനി രൂപവത്കരണം ഇന്നലെ ക്യു പി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജൂലൈ മുതലാണ് കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങുക.
ശഹീന്‍ ഓയില്‍ ഫീല്‍ഡ് അടുത്ത വര്‍ഷം ജൂലൈ മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും കഴിഞ്ഞ വര്‍ഷം ആരംഭിച്ച മത്സരാധിഷ്ഠിതമായ പ്രവര്‍ത്തനത്തിലൂടെയാണ് പൂര്‍ത്തീകരണമെന്നും ടോട്ടലുമായി ചേര്‍ന്ന് കമ്പനി രൂപവത്കരിക്കാനുള്ള തീരുമാനത്തെ ക്യു പി വിശേഷിപ്പിച്ചു. പുതിയ കമ്പനിയുടെ 70 ശതമാനം ഉടമസ്ഥാവകാശം ക്യു പിക്കും 30 ശമതാനം ടോട്ടിലിനുമായിരിക്കും. 25 വര്‍ഷത്തേക്കാണ് കരാര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തിലാണ് കമ്പനികള്‍ തമ്മില്‍ കരാര്‍ ഒപ്പു വെക്കല്‍ നടന്നത്.
ഡവലപ്‌മെന്റ് ആന്‍ഡ് ഫിസ്‌കല്‍ കരാറും ഇരു കമ്പനികളും ഒപ്പു വെച്ചു. 25 വര്‍ഷത്തേക്ക് ഓയില്‍ ഫീല്‍ഡ് വികസനത്തിനും പ്രവര്‍ത്തനത്തിനും ക്യു പിയുടെ അംഗീകാരം അനുവദിക്കുന്നതാണ് കരാര്‍. അടുത്ത വര്‍ഷം ജൂലൈ മുതലാണ് കരാര്‍ കാലാവധി ആരംഭിക്കുന്നത്. ലോകോത്തോര മികവുള്ള കമ്പനിയെ കൂട്ടാളിയായി സംഘടിപ്പിക്കുക എന്ന വെല്ലുവിളിയും മത്സരവും നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെയാണ് ടോട്ടലുമായി ധാരണയിലെത്തിയതെന്നും രാജ്യത്തിന് വലിയ സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ കഴിയുക എന്ന ആശയത്തിനുകൂടി പ്രാധാന്യം നല്‍കിയാണ് നീക്കമെന്നും ക്യു പി പ്രസിഡന്റും സി ഇ ഒയുമായ സാദ് ശരീദ അല്‍ കഅബി പറഞ്ഞു. വ്യവസായമേഖല മാന്ദ്യം നേരിടുന്ന സമയത്തും ശക്തമായ സാമ്പത്തിക, സാങ്കേതിക പിന്‍ബലവുമായി പങ്കാളിത്ത കരാറിലെത്താന്‍ കഴിയുന്നത് ഖത്വറിന്റെ സുരക്ഷിതത്വത്തെയാണ് അറിയിക്കുന്നതെന്നും രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മത്സരാധിഷ്ഠിതമായ നടപടിയിലൂടെ കരാറിലെത്താന്‍ സഹായിച്ചത് അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ കാഴ്ചപ്പാടും പിന്തുണയുമാണെന്ന് അദ്ദേഹം പറഞ്ഞു. നടപടികളുടെ ഓരോ ദിവസവും ആസ്വദിച്ചാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ ഊര്‍ജസ്‌ത്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനു വേണ്ടി നൂതനമായ മാര്‍ങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടി ഭരണാധികാരികള്‍ നല്‍കിയ പിന്തുണ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. കരാറിനുവേണ്ടി സഹകരിച്ച മീസ്‌ക് ഓയില്‍ കമ്പനിക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലോകത്തെ വന്‍കിട ഓയില്‍ ഫീല്‍ഡുകളിലൊന്നാണ് അല്‍ ശഹീന്‍. 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനി രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 40 ശതമാനം ശേഷിയും വഹിക്കുന്നു. പ്രതിദിനം 300,000 ബാരലാണ് ഉത്പാദനം.

ടോട്ടല്‍ അവസരം നേടിയത്
വമ്പന്‍മാരോട് മത്സരിച്ച്
ദോഹ: മുപ്പതു ശതമാനം പങ്കാളിത്തത്തോടെ ഖത്വര്‍ പെട്രോളിയത്തിനു കീഴില്‍ പുതിയ കമ്പനി രൂപവത്കരിക്കാന്‍ ടോട്ടല്‍ കമ്പനി യോഗ്യത നേടിയത് ഈ രംഗത്തെ പ്രമുഖരോട് മത്സരിച്ച്. ബ്രിട്ടീഷ് പെട്രോളിയം, റോയല്‍ ഡച്ച് ഷെല്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ കരാറിനായി രംഗത്തുണ്ടായിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന മത്സരാധിഷ്ഠിതമായ നടപടിയിലൂടെയാണ് ടോട്ടലുമായുള്ള കരാര്‍ അന്തിമമാക്കിയതെന്ന് ക്യു പി വ്യക്തമാക്കിയിട്ടുണ്ട്. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നയത്തിന്റെ ഭാഗം കൂടിയാണ് പുതിയ കമ്പനി രൂപവത്കരണം.
അല്‍ ശഹീന്‍ ഓയില്‍ ഫീല്‍ഡ് വികസനത്തിനും പ്രവര്‍ത്തിപ്പക്കലിനും പുതിയ കമ്പനി അവകാശം നേടിയതോടെ 1992 മുതല്‍ ഓയില്‍ഫീല്‍ഡ് പ്രവര്‍ത്തിപ്പിച്ചു വന്ന എ പി മൊല്ലര്‍ മീസ്‌ക് കമ്പനിയുടെ അവസരം നഷ്ടപ്പെട്ടു. മീസ്‌കും ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ടോട്ടലിന്റെ ബെസ്റ്റ് ഓഫറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
അഞ്ചു വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബിഡ് നേടിയ ടോട്ടല്‍ കമ്പനി വ്യക്താക്കി. സംയോജിത സാങ്കിത വിദ്യകള്‍ ഉപയോഗിച്ച് ഫീല്‍ഡ് വികസിപ്പിക്കുമെന്നും മൂന്നു ലക്ഷം ബാരല്‍ എന്ന പ്രതിദിന ഉത്ദാപനത്തോത് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പ്രഥമ ദൗത്യമെന്നും ടോട്ടല്‍ സി ഇ ഒ പാട്രിക് പുയാനി പറഞ്ഞു. കൂടുതല്‍ ഉത്പാദനം സാധ്യമെങ്കില്‍ ആ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ജൂലൈ 14 മുതലാണ് ടോട്ടലിന് അല്‍ ശഹീന്‍ ഓയില്‍ ഫീഡില്‍ഡിന്റെ പ്രവര്‍ത്തനാവകാശം.

---- facebook comment plugin here -----

Latest