Connect with us

Idukki

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം

Published

|

Last Updated

ഇടുക്കി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയും ശക്തമായി വീശിയടിക്കുന്ന കാറ്റും ഇടുക്കിയെ പിടിച്ചുലക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായി. നിര്‍ധനരും കൂലിപ്പണിക്കാരുമായ നിരവധിപ്പേരുടെ വീട് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. സുരക്ഷിതത്വ ഭീതി മൂലം തൊഴിലാളികള്‍ പണിക്കിറങ്ങാത്തതിനാല്‍ ഏലത്തോട്ട മേഖല നിശ്ചലാവസ്ഥയിലായി. യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വന്ന കുറവു മൂലം ഗതാഗത വ്യാപാര ടൂറിസം മേഖലകളും പ്രതിസന്ധിയിലാണ്. പല പ്രദേശങ്ങളും മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീഷണിയിലാണ്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസംകൊണ്ട് ഒരടി ഉയര്‍ന്നു. കല്ലാര്‍കൂട്ടി,ലോവര്‍ പെരിയാര്‍ ഡാമുകള്‍ തുറന്നുവിട്ടു.
ഈ സീസണില്‍ ഈ മാസം 1 മുതല്‍ 22 വരെ 351.7 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി തിരുവനന്തപുരം മെറ്റിയോറോളജിക്കല്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 431.4മില്ലി മീറ്റര്‍ ആണ് സാധാരണ ഈ കാലയളവില്‍ ലഭിക്കാറുള്ളത്.
ഇത്തവണ ഇത് മുന്‍ കാലങ്ങളെക്കാള്‍ 17 ശതമാനം കുറവാണെങ്കിലും ആകെ ലഭിച്ച മഴയുടെ നല്ലൊരു പങ്കും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒറ്റയടിക്ക് ലഭിക്കുന്നതാണു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ 1695.6 മില്ലീമീറ്ററാണു ലഭിച്ചത്.സാധാരണ ലഭിക്കാറുള്ളതില്‍ നിന്നും 26ശതമാനം കുറവാണു ഇത്. 2276.2 ആണു ഇക്കാലയളവിലെ മഴയുടെ പതിവ് തോത്.
ജില്ലയില്‍ പൊതുവെ കനത്ത മഴ ലഭിച്ച ഇന്നലെ മൂന്നാര്‍ 8.54ഉം മൈലാടുംപാറയില്‍ 8.5 ഉം, ഇടുക്കിയില്‍ 7.62ഉം, പീരുമേട് 6.3ഉം, തൊടുപുഴ 5.87ഉം സെന്റിമീറ്റര്‍ വീതം മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ മഴയും കാറ്റും കനക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്.

Latest