Connect with us

Kerala

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട കുട്ടികള്‍ പിറന്നു

Published

|

Last Updated

തൃശൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട കുട്ടികള്‍ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ പിറന്നു. 24 ആഴ്ച മാത്രം പ്രായത്തില്‍ ജനിച്ച രണ്ട് ആണ്‍കുട്ടികളും സുരക്ഷിത പരിചരണത്തില്‍ കഴിയുന്നതായി ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് വൈകുന്നരം 6.40നാണ് ഇരിങ്ങാലക്കുട സ്വദേശി പി രാജീവ്- ഓഫ്താല്‍മോളജി ഡോക്ടറായ സന്ധ്യ (34) ദമ്പതികള്‍ക്ക് 680, 690 ഗ്രാം മാത്രം തൂക്കമുള്ള ഇരട്ട കുട്ടികള്‍ പിറന്നത്. 39 ആഴ്ച പിന്നിട്ടപ്പോള്‍ കുട്ടികള്‍ക്ക് യഥാക്രമം ഒരു കിലോ 450 ഗ്രാമും ഒരു കിലോ 876 ഗ്രാമും ഭാരമുണ്ട്. കുട്ടികള്‍ക്കും മാതാവിനും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും നിലവിലില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ജനിച്ചയുടന്‍ ആശുപത്രിയിലെ നിയോനേറ്റല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുട്ടികളെ ശ്വാസകോശം പൂര്‍ണമായി വികസിക്കാതിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സകള്‍ നടത്തിയത്. ഇന്‍ഫെക്ഷന്‍, തലച്ചോറിലേക്കുള്ള രക്തസ്രാവം തുടങ്ങിയവ തടയുന്നതിനും യഥാസമയം ന്യൂട്രീഷ്യന്‍, ഹൈഡ്രേഷന്‍, ഊഷ്മാവിന്റെ ക്രമീകരണം തുടങ്ങിയവ ലഭ്യമാക്കുന്നതിനും ഡോ. അബ്ദുല്‍ മജീദ്, ഡോ. മുരളിരാജ്, ഡോ. നോബിള്‍, ഡോ. മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിയോനാറ്റോളജി വിദഗ്ധരും നഴ്‌സുമാരും അതീവ ജാഗ്രതയായിരുന്നു പുലര്‍ത്തിയത്. മൂന്ന് മാസത്തെ നിയോനേറ്റല്‍ പരിചരണത്തിന്റെ ഫലവും ദൈവത്തിന്റെ തീരുമാനവും ഒത്തൊരുമിച്ചതാണ് കുട്ടികള്‍ക്ക് അപകടനില തരണം ചെയ്യാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.—
വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍മാരായ അബ്ദുല്‍ മജീദ്, മുരളിരാജ്, കുട്ടികളുടെ പിതാവ് പി രാജീവ് എന്നിവര്‍ സംബന്ധിച്ചു.

Latest