Connect with us

Qatar

സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റുള്ള കെട്ടിടങ്ങള്‍ രൂപമാറ്റം വരുത്തിയാലും അംഗീകാരം ലഭിക്കും

Published

|

Last Updated

ദോഹ: സിവില്‍ ഡിഫന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടത്തില്‍ രൂപമാറ്റം വരുത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയുള്ളതാണെങ്കില്‍ വീണ്ടും അംഗീകാരം ലഭിക്കും. കെട്ടിടത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതേരീതിയില്‍ അംഗീകാരം ലഭിക്കും. സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമകാര്യ വകുപ്പ് സംഘടിപ്പിച്ച പുതിയ സിവില്‍ ഡിഫന്‍സ് നിയമത്തെ സംബന്ധിച്ച പ്രത്യേക സമ്മേളനത്തില്‍ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്ല ഈസ അല്‍ കഅബി അറിയിച്ചതാണിത്. വ്യവസായ പ്രമുഖര്‍, ഭൂവുടമകള്‍, കണ്‍സള്‍ട്ടന്റ് ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിവില്‍ ഡിഫന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ കെട്ടിടങ്ങള്‍ക്ക് വേണ്ട അടിസ്ഥാനകാര്യങ്ങളും മറ്റും അല്‍ കഅബി വിശദീകരിച്ചു. കെട്ടിടത്തിന്റെ ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ്, നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ അലാറം സിസറ്റവും അഗ്നിശമന സംവിധാനങ്ങളും, ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ച വെന്റിലേഷന്‍ സംവിധാനത്തോട് കൂടിയ സ്‌പെഷ്യല്‍ എന്‍ജിനീയറിംഗ് പ്ലാനിന്റെ അംഗീകാരം തുടങ്ങിയവടക്കം അനിവാര്യമാണ്. ലൈസന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും സര്‍ട്ടിഫിക്കറ്റ് പുതുക്കണം. നിയമത്തെ സംബന്ധിച്ച് പൂര്‍ണ വിശദീകരണം വിദഗ്ധര്‍ നടത്തി. നിയമത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ആശങ്കകളും നിവാരണം ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു.