Connect with us

Gulf

കുവൈത്തില്‍ വന്‍ അഗ്നിബാധ; ഒമ്പതു പേര്‍ മരിച്ചു: 25ലേറെ പേര്‍ക്ക് പരിക്ക്‌

Published

|

Last Updated

കുവൈത്ത്: കുവൈത്തില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. ആറു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. ഫര്‍വാനിയയിലെ ബ്ലോക്ക് 2 ല്‍ താമസിക്കുന്ന പാക്കിസ്ഥാനി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കച്ചവടത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. പുലര്‍ച്ചെ അത്താഴം കഴിച്ച് കിടന്നതായിരുന്നു. ഇതാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത്.

അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും വിവിധ യൂണിറ്റുകളുടെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണു തീയണക്കാനും അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കാനുമായത്. പരിക്കേറ്റവരെ ഫര്‍വാനിയ, സബാ ആശുപത്രികളിലേക്ക് മാറ്റി. സുരക്ഷാ ക്രമീകരണമില്ലാതെ നിയമവിരുദ്ധമായി താല്‍ക്കാലികമായി ഉണ്ടാക്കുന്ന ഷെഡുകളാണ് ഇത്തരം അപകടങ്ങള്‍ക്കു വഴിവെക്കുന്നതെന്ന് ഫയര്‍ ഫോഴ്‌സ് ആക്ടിംഗ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ മെക്രാഡ് പറഞ്ഞു.

---- facebook comment plugin here -----

Latest