Connect with us

Ramzan

സകാത്ത്‌

Published

|

Last Updated

പണക്കാരന്റെ ധനത്തില്‍ നിന്ന് പാവങ്ങളുടെ അവകാശം വേര്‍തിരിച്ചെടുക്കുന്ന ശുദ്ധീകരണമാണ് സകാത്ത്. നിസ്‌കാരത്തെ പോലെ പ്രാധാന്യമുള്ളതാണത്. സത്യവിശ്വാസി നിസ്‌കാരം ഉപേക്ഷിക്കുന്നത് ഗുരുതരമായ പാപമായത് പോലെ സകാത്ത് കൊടുക്കാതിരിക്കുന്നതും കഠിനമായ കുറ്റകരമാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവ രണ്ടും ഒരുമിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്.
വിശുദ്ധ ഖുര്‍ആന്റെ മുന്നറിയിപ്പ് എന്തുമാത്രം ശ്രദ്ധേയമാണ്. “സ്വര്‍ണവും വെള്ളിയും കൂട്ടിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരേ വേദനാജനകമായ ശിക്ഷയുടെ സുവിശേഷമറിയിക്കുക. അവ നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂട് വെക്കപ്പെടുന്ന ഒരു ദിനം വരുന്നുണ്ട്. അന്നവരോട് പറയപ്പെടും. ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സമ്പാദിച്ചു വെച്ചത്. നിങ്ങളുടെ നിക്ഷേപത്തിന്റെ രുചി നന്നായി ആസ്വദിച്ചുകൊള്ളുവിന്‍. (അത്തൗബ 34, 35). സകാത്ത് നിഷേധം രണ്ട് വിധമുണ്ട്. ഒന്ന് സകാത്ത് സംവിധാനത്തെ തന്നെ തള്ളിപ്പറയുക. രണ്ട് സകാത്ത് അംഗീകരിക്കുന്നു. പക്ഷെ സമ്പന്നനായിട്ടും നല്‍കുന്നതില്‍ വിമുഖത കാണിക്കുക. നിഷേധികളേക്കാള്‍ കൂടുതലും നല്‍കാത്തവരാണ്-കൃത്യമായി നല്‍കാത്തവരുമുണ്ട്. വര്‍ഷം തികയുമ്പോള്‍ കണക്ക് കൂട്ടി സകാത്ത് നല്‍കുകയാണ് വേണ്ടത്. ചോദിച്ചു വരുന്നവര്‍ക്കും മറ്റും വല്ലപ്പോഴും ചില്ലറയായി നല്‍കുന്നത് സകാതിന്റെ ഗണത്തില്‍പെടുത്തുന്നവരും കുറവല്ല.
ഐഹിക ലോകത്ത് കുന്നുകൂട്ടി പൂജിച്ചു കൊണ്ടിരിക്കുന്ന ധനത്തിന്റെ സകാത്ത് വേണ്ട വിധം നല്‍കാത്തതിന്റെ പേരില്‍ രണ്ട് ലോകത്തും ശിക്ഷയനുഭവിക്കേണ്ടിവരും. ഈ ജിവിതത്തില്‍ ദുഃഖങ്ങളും രോഗങ്ങളും പ്രയാസങ്ങളും വിടാതെ പിന്തുടരും. അസമാധാനത്തിന്റെ നടുക്കയത്തില്‍ ജീവിതം തള്ളി നീക്കേണ്ടി വരും. ഖബറിലും പരലോകത്തും ഗുരുതരവും അതികഠിനവുമായ ശിക്ഷയനുഭവിക്കേണ്ടി വരും – സകാത്തിന്റെ വിഹിതം ഒരു സുഖവും തരില്ലെന്ന് ചുരുക്കം. മനുഷ്യന്റെ മജ്ജയിലും മാംസത്തിലും വിഷസര്‍പ്പം കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ധനപൂജയും സ്വാര്‍ഥതയുമെല്ലാം വിചാരണ നാളില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഉഗ്രസര്‍പ്പങ്ങളായി പരിണമിക്കുന്നതാണ്.
ഇബ്‌നു അബ്ബാസി(റ)ന്റെ കാലത്ത് സകാത്ത് നല്‍കാന്‍ വിസമ്മതിച്ച ഒരു പണക്കാരന്റെ മയ്യിത്ത് മറവ് ചെയ്യാന്‍ വേണ്ടി ഏഴ് ഖബ്ര്‍ മാറി മാറി കുഴിച്ചു നോക്കി. ഏഴിലും ഉഗ്രവിഷപ്പാമ്പ് പ്രത്യക്ഷപ്പെട്ടു. അവസാനം ഇബ്‌നു അബ്ബാസിന്റെ കല്‍പന പ്രകാരം പാമ്പിനോടൊപ്പം തന്നെ അതേ ഖബ്‌റില്‍ മറവ് ചെയ്യേണ്ടി വന്നു (ഗാലിയത്തുല്‍ മവാഇള് 157) അന്ത്യനാളില്‍ അഗ്നിഫലങ്ങളാണ് അവരെ കാത്തിരിക്കുന്നത്. നരകത്തീയിലിട്ട് അവ പഴുപ്പിച്ചെടുത്ത് അതുകൊണ്ടവന്റെ പാര്‍ശ്വങ്ങളിലും നെറ്റിയിലും മുതുകിലും ചൂടുവെക്കും. അത് ശരീരത്തില്‍ തുളച്ചുകയറി തോളിലെ തരുണാസ്ഥിയിലൂടെ പുറത്തു വരും. വേദന മൂലം അയാള്‍ പുളഞ്ഞു കൊണ്ടിരിക്കും. (ബുഖാരി 1407, മുസ്‌ലിം 992).
സകാത്ത് അവകാശികള്‍ക്ക് യഥാവിധി നല്‍കാതെ പുത്തനാശയക്കാരുടെ കമ്മറ്റികള്‍ക്ക് നല്‍കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് അനിസ്‌ലാമികമാണ്. സകാത്തായി പരിഗണിക്കുകയില്ല. പുത്തനാശയം പ്രചരിപ്പിക്കാനുള്ള കുറുക്കുവഴിയാണത്. ജാഗ്രത പാലിക്കുമല്ലോ.

Latest