Connect with us

Malappuram

ഇന്ധനം പരന്നിട്ടും സ്‌കൂളിന് അവധി നല്‍കിയില്ല; രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളില്‍

Published

|

Last Updated

തിരൂര്‍: താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഇന്ധനം പരന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്‌കൂള്‍ വിടാത്തതില്‍ പ്രതിഷേധം. ടാങ്കര്‍ അപകടം നടന്ന സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന എച്ച് എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തിയത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്നും കരിപ്പൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. സംഭവം നടന്നയുടനെ 5000 ലിറ്ററിലധികം ഇന്ധനം ഒഴുകിയിരുന്നു. സംഭവം നടന്ന തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ പോലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ടാങ്കറില്‍ നിന്നും ഒഴുകിയ ഇന്ധനം ഓടവഴി കനോലി കാനാലിലേക്ക് സംഭവം നടന്നതു മുതല്‍ തന്നെ ഒഴുകുകയായിരുന്നു.
എന്നാല്‍ കനാലിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളിന് അവധികൊടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സുരക്ഷാ മുന്‍കരുതലുകളുടെ “ഭാഗമായി തിരൂര്‍ ഡി വൈ എസ് പി, ആര്‍ ഡി ഒ, താനൂര്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം തുടങ്ങിയവരെല്ലാം സ്‌കൂളിന് അവധി നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുകണക്കിലെടുക്കാതെ സ്‌കൂള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. കൂടാതെ ഇന്ധനം പരന്ന് വായുവും വെള്ളവും മലിനമാകുകയും ചെയ്തിരുന്നു.
ഇതുമൂലം വിദ്യാര്‍ഥികളില്‍ ദേഹാസ്വാസ്ഥ്യം പ്രകടമാകുകയുണ്ടായി. വിവരമറിഞ്ഞ് ആശങ്കയിലായി സ്‌കൂളിലെത്തി രക്ഷിതാക്കള്‍ കുട്ടികളെ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. എല്‍ കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്ഥാപനത്തില്‍ കുട്ടികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ രക്ഷിതാക്കളെത്തി. ഇതിനിടയില്‍ ഇന്ധനം പരന്ന് സ്‌കൂളിനു സമീപത്ത് തീ പിടിത്തമുണ്ടായി വാഹനങ്ങളും മരങ്ങളും കത്തിനശിച്ചു.
സ്‌കൂളിലേക്ക് പുക ഉയരുകയും കുട്ടികളും അധ്യാപകരും കൂട്ടത്തോടെ പേടിച്ചോടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കുകയും പെരുന്നാള്‍ അവധികൂടി നേരെത്തെയാക്കി സ്‌കൂള്‍ അടച്ചിടുകയും ചെയ്ത് അധികൃതര്‍ തടിയൂരി.

Latest