Connect with us

Malappuram

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് രണ്ട് കോടി രൂപയുടെ കമ്പ്യൂട്ടറുകള്‍

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ കമ്പ്യൂട്ടര്‍ നല്‍കുന്നു. ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനും കമ്പ്യൂട്ടര്‍ പഠന സൗകര്യത്തില്‍ നില നില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് ജില്ലാ പഞ്ചായത്ത് മുന്‍ വര്‍ഷത്തെ പദ്ധതിയുടെ ഭേദഗതി സമയത്ത് ഇതിനായുള്ള പ്രോജക്റ്റ് തയ്യാറാക്കിയത്. 808 കമ്പ്യൂട്ടറുകളാണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍, കമ്പ്യൂട്ടര്‍ ലാബില്‍ നിലവിലുള്ള കമ്പ്യൂട്ടറുകള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം, ഹൈസ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍, പഠിക്കുന്ന കുട്ടികളുടെ എണ്ണം, ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍. ലാബില്‍ നിലവിലുള്ള കമ്പ്യൂട്ടറുകളുടെ എണ്ണം, ഐ ടി പഠിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ എണ്ണം, ഒരു കമ്പ്യൂട്ടറിനെ നിലവില്‍ ആശ്രയിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ എണ്ണം. തുടങ്ങിയ വസ്തുതകള്‍ സ്‌കൂളില്‍ നിന്ന് ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയവും നീതി പൂര്‍വ്വകവുമായ മാനദണ്ഡ പ്രകാരമാണ് സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടര്‍ നല്‍കുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു കൊണ്ട് നാളെ രണ്ട് മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കമ്പ്യൂട്ടര്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വണ്ടൂര്‍, തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിലേക്കുള്ള കമ്പ്യൂട്ടറുകള്‍ വിദ്യാഭ്യാസ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വെച്ച് വിതരണം ചെയ്യും. 2.21 കോടി രൂപയാണ് ഇതിന് വേണ്ടി ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് കമ്പ്യൂട്ടര്‍ വിതരണം നടത്തുന്നത്.