Connect with us

Malappuram

തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും

Published

|

Last Updated

കാളികാവ്: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് കൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ മറവില്‍ തൊഴിലാളികളുടെ അധ്വാന ഭാരം 35 ശതമാനം വര്‍ധിപ്പിച്ചു. മെയ് മാസം 18 ന് മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ മറ പിടിച്ചാണ് തോട്ടം തൊഴിലാളികളുടെ അധ്വാന ഭാരം വര്‍ധിപ്പിച്ചത്. 317 രൂപയില്‍ നിന്ന് 500 രൂപയാക്കി കൂലി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ് മുന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. 400 മരമാക്കി ഉയര്‍ത്തുകയും തൊഴിലാളികളുടെ കൂലിയില്‍ 381 രൂപയാക്കി നാമമാത്ര വര്‍ധനവും വരുത്തിയാണ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
1966 ലെ കേന്ദ്ര വേയ്ജ് ബോര്‍ഡിന്റെ ശിപാര്‍ശ ഓര്‍ഡിനന്‍സില്‍ ചേര്‍ത്തത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുയാണ്. സമരങ്ങള്‍ക്കിടെ 40 ഓളം ചര്‍ച്ചകള്‍ തോട്ടം ഉടമകളുമായി നടത്തിയെങ്കിലും വഴങ്ങാത്തത് കാരണമാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകള്‍ കൊണ്ട് വിലയിടിവിന്റെ പേര് പറഞ്ഞ് ഉടമകള്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാറില്‍ നിന്ന് നിരവധി ആനുകൂല്ല്യങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ടെന്ന് യൂനിയനുകള്‍ കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന ദിവസം ഇറക്കിയ ഓര്‍ഡിനന്‍സ് മറ്റ് പല തീരുമാനങ്ങളെയും പോലെ തന്നെ വഞ്ചനാപരമാണെന്ന് സി ഐ ടി യു, എ ഐ ടി യു സി എന്നീ യൂനിയനുകള്‍ കുറ്റപ്പെടുത്തി. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വരേണ്ട കൂലി ആറ് മാസം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ മാസം ഒന്നാം തീയ്യതി മുതല്‍ ഓര്‍ഡിനന്‍സ് പ്രകാരമുള്ള തീരുമാനം നടപ്പാക്കാന്‍ തോട്ടം ഉടമകളുടെ സംഘടനയായ എ പി കെ തീരുമാനിച്ചിട്ടുണ്ട്. തോട്ടം ഉടമകളും മുന്‍ സര്‍ക്കാറും പൊടി തട്ടിയെടുത്ത 1966 ലെ പ്രമേയങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യൂനിയന്‍ നേതാക്കള്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂലി കൂടുതല്‍ ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളും ചര്‍ച്ചകളും കൂലി കുറയുകയാണ് ചെയ്തത്.
അധ്വാന ഭാരം വര്‍ധിപ്പിച്ച് കൊണ്ടുള്ള വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും തൊഴിലാളി വിരുദ്ധമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ സമരം ശക്തമാക്കുമെന്നും യൂനിയനുകള്‍ പറഞ്ഞു. അതേ സമയം 400 മരമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ഉത്തരവ് ലംഘിക്കുന്നവരെ നേരിടുമെന്നും ഭീഷണി മുഴക്കി തോട്ടം മാനേജ്‌മെന്റുകള്‍ നോട്ടീസ് പതിച്ചു.