Connect with us

Gulf

വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം : ഐസിഎഫ്

Published

|

Last Updated

അബുദാബി: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും വരുന്ന യാത്രക്കാരില്‍ നിന്നും എയര്‍ ടിക്കറ്റിന് ഭീമമായ ചാര്‍ജ് ഈടാക്കി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് പ്രവാസി യാത്രക്കാരോട് നീതി പുലര്‍ത്തണമെന്ന് അബുദാബി സെന്‍ട്രല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐസിഎഫ് ആവശ്യപ്പെട്ടു.

കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രവാസികളോട് വിമാനക്കമ്പനികള്‍ തുടരുന്ന ക്രൂരത അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടാത്തത്ത് പ്രവാസികളോട് കാണിക്കുന്ന അനീതിയാണ്. അവധിക്കാലം ആരംഭിച്ചതിനാല്‍ ഗള്‍ഫ് മേഖലയില്‍നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായ വര്‍ധിച്ചിരിക്കുകയാണ്. ഇത് പരിഗണിച്ച് ഗള്‍ഫ് സെക്ടറില്‍ എയര്‍ ഇന്ത്യയോ മറ്റുവിമാന കമ്പനികളോ കൂടുതല്‍ സര്‍വീസ് നടത്തുന്നതിന് പകരം നാലും അഞ്ചും ഇരട്ടി തുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നു. ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്‍കി രംഗത്ത് വന്ന ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇക്കാര്യത്തില്‍
മുന്‍പന്തിയിലാണെന്നത് ഖേദകരമാണ്.

നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാവണം. വര്‍ഷങ്ങളായി പ്രവാസി യാത്രക്കാരോട് വിമാനക്കമ്പനികള്‍ തുടരുന്ന ക്രൂരതക്ക് അന്ത്യമുണ്ടാകണം. വിമാന നിരക്കു വര്‍ധനവിലെ പ്രവാസി ചൂഷണം, വിവിധ തരത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിച്ചും പ്രധാനപ്പെട്ട നേതാക്കന്മാരെ ഡല്‍ഹിയില്‍ നേരിട്ട് പോയി കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടും ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു.

ഗള്‍ഫിലെ പ്രവാസികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവര്‍ക്ക് ആശ്രയിക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ വിമാന സര്‍വീസാണ്. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു. പിവി അബൂബക്കര്‍ മൗലവി, ഹമീദ് ഈശ്വരമംഗലം, സ്വദഖത്തുള്ള പട്ടാമ്പി, ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, ഹംസ അഹ്‌സനി, സലാം മാസ്റ്റര്‍, ശാഫി പട്ടുവം എന്നിവര്‍ പ്രസംഗിച്ചൂ

---- facebook comment plugin here -----

Latest