Connect with us

Gulf

നാടുകടത്തല്‍ കേന്ദ്രത്തില്‍ 98 ഇന്ത്യക്കാര്‍

Published

|

Last Updated

ദോഹ: വിവിധ കാരണങ്ങളാല്‍ പിടിക്കപ്പെട്ട് നാടു കടത്തുന്നതിനായി ഖത്വര്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നത് 98 പേര്‍. കഴിഞ്ഞ മാസം 32 പേരുണ്ടായിരുന്നതാണ് 98 ആയി ഉയര്‍ന്നത്. സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിക്കുന്ന ഇന്ത്യക്കാര്‍ 129 പേരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 154 പേരായിരുന്നു മേയ് മാസം ഒടുവില്‍ തടവില്‍ കഴിഞ്ഞിരുന്നത്. റമസാനോടനുബന്ധിച്ച് അമീര്‍ മാപ്പു നല്‍കയവരില്‍ 23 ഇന്ത്യക്കാരും ഉള്‍പ്പെട്ടതാണ് കുറയാന്‍ കാരണമായതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പുതിയ എംബസി ആസ്ഥാനത്തു നടന്ന ഓപ്പണ്‍ ഫോറത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അധികൃതര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മേയ് മാസത്തില്‍ രാജ്യത്തുവെച്ച് മരിച്ച ഇന്ത്യക്കാര്‍ 22 പേരാണ്. ഇതോടെ ഈ വര്‍ഷം ഖത്വറില്‍ മരിച്ചവര്‍ 141 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 279 പേര്‍ വീതമാണ് രാജ്യത്തു വെച്ചു മരിച്ച ഇന്ത്യക്കാര്‍. ഈ വര്‍ഷം ഇതുവരെയായി എംബസി ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം 2234 പരാതികള്‍ സ്വീകരിച്ചതായി എംബസി വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ആകെ ലഭിച്ച പരാതികള്‍ 4132 ആയിരുന്നു.
ഖത്വര്‍ ഗവണ്‍മെന്റ് അതോറിറ്റികളുടെ ആവശ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 34 പൗരന്‍മാര്‍ക്ക് നാട്ടില്‍ പോകുന്നതനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി എംബസി അറിയിച്ചു. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞു വന്നവര്‍ക്കാണ് രേഖ അനുവദിച്ചത്. 38 പേര്‍ക്ക് നാട്ടില്‍ പോകുന്നതിനുള്ള വിമാന ടിക്കറ്റും എംബസി നല്‍കി. ഇന്ത്യന്‍ കമ്യൂണിറ്റി ബെനലവലന്റ് ഫോറം ഇന്ത്യക്കാര്‍ക്കു വേണ്ടി വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വിമാന ടിക്കറ്റ്, സാമ്പത്തിക സഹായം, മെഡിക്കല്‍ സഹായം എന്നിവയാണ് ഐ സി ബി എഫ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇത്തവണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് മിശൈരിബ് ഡൗണ്‍ടൗണ്‍ പദ്ധതി പ്രദേശത്തെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മോദി പങ്കെടുത്തു. തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. മൂന്നു തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസം വിമാന ടിക്കറ്റ് നല്‍കി.
ഓപ്പണ്‍ ഹൗസിന് അംബാസിഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ കേള്‍ക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യതു. ഐ സി ബി എഫ് വൈസ് പ്രിസിഡന്റ് ബേബി കുര്യനും മറ്റു സാമൂഹിക പ്രതിനിധികളും സംബന്ധിച്ചു.

Latest