Connect with us

Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിമുറുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ആശങ്കാജനകമായ രീതിയില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിമുറക്കുന്നു. ഒരാഴ്ചക്കിടെ 365 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി 83 പേര്‍ക്കും മലേറിയ 56 പേര്‍ക്കും കണ്ടെത്തി. ഇന്നലെ മാത്രം കോഴിക്കോട് ഒഴികെ 13 ജില്ലകളിലുമായി 87 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഡിഫ്തീരിയ ഭീതിയിലാണ്ട മലപ്പുറത്ത് ഡെങ്കിയും പകര്‍ച്ചപ്പനിയും ഒപ്പം ഭീഷണി ഉയര്‍ത്തുകയാണ്.
ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് നിരവധി മരണങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് വെളിപ്പടുത്തുന്നില്ല. ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതാണ് കാരണം. ഡെങ്കിക്കൊപ്പം 23 പേര്‍ക്ക് എലിപ്പനിയും 18 പേര്‍ക്ക് മലേറിയയും സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 13,045 പേര്‍ പനി ബാധിച്ച് ചികിത്സ തേടി.
തിരുവനന്തപുരത്ത് 18 പേര്‍ക്കും കൊല്ലത്ത് 20 പേര്‍ക്കും പത്തനംതിട്ട 11 പേര്‍ക്കും ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും കോട്ടയത്ത് ഏഴ് പേര്‍ക്കും ആലപ്പുഴ നാല് പേര്‍ക്കും എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും മലപ്പുറത്ത് 13പേര്‍ക്കും കാസര്‍കോട് നാല് പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എലിപ്പനി തിരുവനന്തപുരത്ത് 17 പേര്‍ക്കും ആലപ്പുഴ മൂന്ന് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കണ്ടെത്തിയത്.
മലേറിയ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ മാത്രം സ്ഥിരീകരിച്ച 18 പേരില്‍ തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും എറണാകുളത്ത് നാല് പേര്‍ക്കും തൃശൂരില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട്ട് ആറ് പേര്‍ക്കുമാണ് മലേറിയ കണ്ടെത്തിയത്.
ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ ബാധിക്കുന്നവരും കുറവല്ല. ചിക്കന്‍പോക്‌സ് 33 പേര്‍ക്കും മഞ്ഞപ്പിത്തം 28 പേര്‍ക്കും ടൈഫോയ്ഡ് എട്ടുപേര്‍ക്കും ഇന്നലെ സ്ഥിരീകരിച്ചു. വയറിളക്ക അനുബന്ധ രോഗങ്ങളും കാര്യമായി വര്‍ധിക്കുന്നതായാണ് കണക്കുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ മാത്രം 3479 പേര്‍ വയറിളക്ക രോഗങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

Latest