Connect with us

Gulf

ഈ വര്‍ഷം ദുബൈ പോലീസ് പിടികൂടിയത് 41 ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകള്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈ പോലീസിന്റെ നാര്‍ക്കോട്ടിക്‌സ് വിഭാഗം 41.7 ലക്ഷം മയക്കുമരുന്നു ഗുളികകള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ദുബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത 748 കേസുകളിലാണ് ഇത്രയും ഗുളികകള്‍ പിടിച്ചെടുത്തത്. ഈ വര്‍ഷം 120.8 കിലോ തൂക്കം വരുന്ന വിവിധ മയക്കുമരുന്നുകളും 2,195 മരിജ്വാന ഗുളികകളും പിടികൂടി. ദുബൈ പോലീസിന്റെ ആന്റിനാര്‍ക്കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഗരീബ് അറിയിച്ചു. ഇതേ കാലയളവില്‍ 33.4 കിലോ ഗ്രാം ഹെറോയിന്‍, 33.8 കിലോഗ്രാം കൊക്കൈന്‍, ഒരു കിലോ ഗ്രാമില്‍ താഴെ ഒപിയം എന്നിവ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 69.1 കിലോ ഹെറോയിന്‍ 16.7 കിലോഗ്രാം കൊക്കൈയിന്‍, 4.3 കിലോ ഹഷീഷ് എന്നിവ പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തുമായി ഇതുവരെ 977 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 363 പേര്‍ പാശ്ചാത്യന്‍ വംശജരും, 195 പേര്‍ അറബ് വംശജരും 419 പേര്‍ മറ്റ് ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
മയക്കുമരുന്ന് ഉപയോഗങ്ങള്‍ക്കും വിപണനത്തിനുമെതിരെ സംഘടിപ്പിച്ച കാമ്പയിനിലൂടെ ഒട്ടനവധി കേസുകളാണ് ദുബൈ പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. ഇതിനോടകം 111 ശില്‍പശാലകളും 67 ബോധവത്കരണ എക്‌സിബിഷനുകളും ഈ വര്‍ഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.