Connect with us

Gulf

ആളില്ലാപേടകങ്ങളില്‍ സിംകാര്‍ഡും നമ്പര്‍പ്ലേറ്റും വരുന്നു

Published

|

Last Updated

ദുബൈ: രാജ്യത്ത് ആളില്ലാപേടകങ്ങളില്‍ നമ്പര്‍ പ്ലേറ്റുകളും സിംകാര്‍ഡ് സംവിധാനവും നടപ്പില്‍വരുത്താന്‍ പദ്ധതിയുള്ളതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ).
സ്വകാര്യ രജിസ്‌ട്രേഷന്‍ നമ്പറോ അല്ലെങ്കില്‍ നമ്പര്‍പ്ലേറ്റുകളോ പേടകങ്ങളില്‍ സ്ഥാപിക്കണം. പേടകം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനത്തെ കുറിച്ചും സേവനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വിശദവിവരങ്ങളടങ്ങിയ ഒരു സിംകാര്‍ഡ് പേടകത്തില്‍ അടങ്ങിയിരിക്കണം. അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പന ചെയ്യുന്ന പേടകങ്ങള്‍ക്ക് മാത്രമെ രാജ്യത്ത് ഇറക്കുമതിക്കും വിപണനത്തിനും അനുമതി നല്‍കുകയുള്ളൂ. എമിറേറ്റ്‌സ് അതോറിറ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജി വിഭാഗവുമായി ഇതിന്റെ സാധ്യതകള്‍ വിശകലനം ചെയ്തുവരുന്നു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ)യുടെ ഏവിയേഷന്‍ സേഫ്റ്റി വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ ബലൂഷി പറഞ്ഞു.
നിലവില്‍ 400 ഓളം പേടകങ്ങളാണ് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത്. നൂറുക്കണക്കിന് പേടകങ്ങള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവയോ ലൈസന്‍സ് കരസ്ഥമാക്കാത്തവയോ ഉണ്ട്. നിയമാനുസൃത അനുമതിയോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളുടെ ഉടമകള്‍ക്ക് പിടിക്കപ്പെട്ടാല്‍ ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതാണ്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ഒരു തവണയും ഈ വര്‍ഷം ദുബൈയില്‍ രണ്ട് തവണയും അനധികൃത പേടകങ്ങളുടെ ഉപയോഗം മൂലം റണ്‍വേകള്‍ അടച്ചിരുന്നു. കഴിഞ്ഞ മാസം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചതുമൂലം 22 ഓളം സര്‍വീസുകളാണ് പിന്‍വലിക്കേണ്ടിവന്നത്.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ദേശീയതലത്തില്‍ അനധികൃത ഡ്രോണുകള്‍ക്കെതിരെ ജാഗ്രതാ കാമ്പയിന്‍ സംഘടിപ്പിക്കും, സുവൈദി കൂട്ടിച്ചേര്‍ത്തു.