Connect with us

Kannur

മദീനാ പൂന്തോപ്പ്: ബുര്‍ദ വാര്‍ഷിക സദസ്സ് തളിപ്പറമ്പില്‍

Published

|

Last Updated

തളിപ്പറമ്പ്: ഇമാം ബൂസൂരി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഇശ്‌ഖേ റസൂല്‍-ബുര്‍ദ വാര്‍ഷിക സദസ് തളിപ്പറമ്പ് ഏഴാംമൈല്‍ നബ്രാസ് ഗ്രൗണ്ട് മദീനപൂന്തോപ്പില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ നടക്കുന്ന ആഭാസങ്ങള്‍ക്കെതിരെയുള്ള ഒരു തിരുത്തായിട്ടുകൂടിയാണ് ഈ സദസ്സ് സംഘടിപ്പിക്കുന്നത്.
വൈകുന്നേരം നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്‌രി സിലോണ്‍ പതാക ഉയര്‍ത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ പരിപാടിക്ക് തുടക്കമാകും. സയ്യിദ് മുഹമ്മദ് സുഹൈല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷററും ജില്ലാ സംയുക്ത ഖാസിയുമായ കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തിരുനബി സ്‌നേഹപ്രഭാഷണം നടത്തും. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ ശ്രദ്ധേയനായ അന്ധവിദ്യാര്‍ഥി ത്വാഹ മെഹബൂബിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ വിസ്മയം നടക്കും.
ഖസീദത്തുല്‍ ബുര്‍ദ മജ്‌ലിസിന് അബ്ദുസമദ് അമാനി പട്ടുവം, ഹാഫിസ് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കും. കേരളത്തിലെ വിവിധ ബുര്‍ദ സംഘങ്ങളുടെ അമീറുമാര്‍ സംബന്ധിക്കും. അന്നശീദത്തുല്‍ മദീന പരിപാടിക്ക് ശൈഖ് മുഹമ്മദ് അനാന്‍ ഈജിപ്ത്, ബാസില്‍ മുഹമ്മദ് സിറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇശ്ഖിന്‍ മധുരിമ പരിപാടിയില്‍ ബുര്‍0 വേദികളിലെ ശ്രദ്ധേയരായ പത്തിലേറെ മദ്ഹ് പാട്ടുകാര്‍ അണിനിരക്കും. നാത്ത് ശരീഫിന് മുഈനുദ്ധീന്‍ ബെംഗളൂരും, മൂന്ന് വയസ്സുകാരന്‍ ഉവൈസുല്‍ കര്‍ണി നേതൃത്വം നല്‍കും. അബ്ദുറഷീദ് നരിക്കോട് സ്വാഗതവും മിന്‍ഹാജ് ജെ ആര്‍ നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുസമദ് അമാനി പട്ടുവം, അബ്ദുറശീദ് നരിക്കോട്, കെ മുസ്തഫ ഹാജി, അനസ് അമാനി, മുഹമ്മദ് റഊഫ് അമാനി, മിന്‍ഹാജ് ജെ ആര്‍ സംബന്ധിച്ചു.

Latest