Connect with us

National

അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് വെടിയുണ്ടകളില്ല; ആഗോള ടെന്‍ഡര്‍ വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഒമ്പത് ലക്ഷം അംഗങ്ങള്‍ വരുന്ന രാജ്യത്തെ അര്‍ധസൈനിക വിഭാഗങ്ങള്‍ വെടിയുണ്ടകളില്ലാതെ പ്രതിസന്ധിയില്‍. മാവോയിസ്റ്റ് മേഖലയിലും മറ്റും നിര്‍ണായകമായ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന സൈനികര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒമ്പത് എം എം ബുള്ളറ്റുകള്‍ക്കാണ് വന്‍ ക്ഷാമം. അത്യാവശ്യത്തിന് വേണ്ടതിന്റെ 25 ശതമാനം മാത്രമാണ് ഇപ്പോള്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ കൈവശമുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലനത്തിന് വേണ്ട ബുള്ളറ്റുകള്‍ പോലുമില്ലെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് വെടിയുണ്ടകള്‍ ഇറക്കുമതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

ആകെ വേണ്ടത് 9.3 കോടി വെടിയുണ്ടകളാണ്. എന്നാല്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറീസ് ബോര്‍ഡ് (ഒ എഫ് ബി ) നല്‍കാമെന്നേറ്റിരിക്കുന്നത് 2.3 കോടി ബുള്ളറ്റുകള്‍ മാത്രമാണ്. ആഭ്യന്തര മന്ത്രാലയം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അത്ര തന്നെ നല്‍കാന്‍ ഒ എഫ് ബി സന്നദ്ധത അറിയിച്ചിരിക്കുന്നത്. 75 ലക്ഷം ബുള്ളറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നായിരുന്നു നേരത്തേ ബോര്‍ഡ് അറിയിച്ചിരുന്നത്.

അടിയന്തരാവശ്യത്തിന് വെടിയുണ്ട ഇറക്കുമതി ചെയ്യാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലത്ത് ഇത്തരം സാഹചര്യം ഒഴിവാക്കാനായി ബുള്ളറ്റുകള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ സ്വന്തമായി സ്ഥാപിക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സര്‍വീസ് റിവോള്‍വറില്‍ നിറക്കാനും ടാര്‍ഗറ്റ് പരിശീലനങ്ങള്‍ക്കുമാണ് പ്രധാനമായും 9എം എം ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത്. തീവ്രവാദിവിരുദ്ധ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഉപയോഗിക്കുന്ന ചെറു ആയുധങ്ങളിലും 9എംഎം ബുള്ളറ്റുകളാണ് ഉപയോഗിക്കുന്നത്. ബ്ലാക്ക് ക്യാറ്റുകള്‍ക്കും ഈ വെടിയുണ്ട വേണം. അര്‍ധ സൈനിക, പോലീസ് വിഭാഗങ്ങളുടെ എണ്ണം വിപുലമായതോടെ ഒ എഫ് ബി നിര്‍മിക്കുന്നത് മതിയാകാതെ വന്നതാണ് പ്രശ്‌നമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഉടന്‍ ഇത് പരിഹരിക്കാനാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.