Connect with us

Articles

ഞാന്‍ എന്നില്‍ സംതൃപ്തന്‍

Published

|

Last Updated

ഭരണം രണ്ടാണ്ട് പിന്നിട്ട ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭാംഗങ്ങളുടെ പ്രകടനം വിലയിരുത്തുകയും പൊതുവില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായാണ്, വടക്കേക്കൂട്ടാല നാരായണന്‍ നായരെ കടമെടുത്താല്‍, വിശേഷാല്‍ പരുന്തുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലയിരുത്തല്‍ മാത്രമുദ്ദേശിച്ച് ചേര്‍ന്ന യോഗം നാല് മണിക്കൂറും 45 മിനുട്ടും നീണ്ടു നിന്നതായും. സമയക്രമം മുഹൂര്‍ത്തം, ഘടികം, കാല ഭിന്നങ്ങളിലാണ് രേഖപ്പെടുത്തേണ്ടതെങ്കിലും ദേശീയ വൃത്താന്ത പത്രക്കാര്‍ ഇപ്പോഴും മണിക്കൂര്‍, മിനുട്ട് പ്രയോഗം തുടരുന്നുണ്ട്. ഇത്തരം പ്രയോഗങ്ങളൊക്കെ വരും നാളുകളില്‍ പരിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുക. സമയദൈര്‍ഘ്യത്തിന് ഇത്രയും പ്രാധാന്യം കൈവരാന്‍ കാരണമുണ്ട്. 1947 ആഗസ്ത് 14ന് അര്‍ധരാത്രി രാജ്യം സ്വതന്ത്രമായതിന് ശേഷം ഇന്നോളം ഇത്രയും ദൈര്‍ഘ്യമുള്ള യോഗം മോദിയല്ലാതൊരു പ്രധാനമന്ത്രിയും വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് ഭക്ഷ്യ – ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമോ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ഉത്കടമായ താത്പര്യത്തോടെയാണ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു.

യോഗത്തില്‍ സചിവകാര്യദര്‍ശിമാര്‍ സചിത്ര വിശദീകരണം നല്‍കുകയുണ്ടായി. ആകെ മൊത്തം 113 താളുകള്‍ നീണ്ടു സചിത്ര വിശദീകരണമെന്നും യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരമായി പരുന്തുകള്‍ പറയുന്നു. ഇനിയങ്ങോട്ട് മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരം യോഗങ്ങള്‍ വിളിച്ച് വിലയിരുത്തലുകള്‍ നടത്തി, ഭരണം കാര്യക്ഷമമാക്കാനാണ് പ്രധാനമന്ത്രിയുടെ പരിപാടിയെന്നും ഇവര്‍ കാതോടു കാതോരം അറിയിച്ചിട്ടുണ്ട്. അതിനപ്പുറത്തൊരു ശബ്ദമുണ്ടായാല്‍ പ്രധാനമന്ത്രി ക്ഷുഭിതനാകുമോ എന്ന ശങ്ക തീവ്രമാണെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഭരണത്തില്‍ രണ്ടാണ്ട് പിന്നിട്ടുവെന്നാല്‍ ശേഷിക്കുന്നത് മൂന്നാണ്ടാണ് എന്നാണ് അര്‍ഥം. അതില്‍ തന്നെ അവസാന കൊല്ലത്തെ ബജറ്റവതരണം ഒരു വഹയാണ്. ഫെബ്രുവരി അവസാനിക്കും മുമ്പ് ബജറ്റും മെയ് അവസാനിക്കും മുമ്പ് തിരഞ്ഞെടുപ്പും വരും. അത്തരം ബജറ്റുകളില്‍ പറയുന്നതൊക്കെ വായ്ക്കരി പോലെ രുചിനോക്കാന്‍ സാധിക്കാത്തവയാണെന്ന് ജനത്തിനാകെ മനസ്സിലായിക്കഴിഞ്ഞു. ബാക്കിയുള്ളത് രണ്ട് ബജറ്റുകള്‍. അവകളില്‍ വേണം വോട്ട് ചാര്‍ത്തുമ്പോള്‍ ജനത്തിന്റെ മനസ്സില്‍ വിരിയാന്‍ പാകത്തിലുള്ള ചിലതൊക്കെ പ്രഖ്യാപിക്കാന്‍. അതിനുള്ള സമയം വേഗത്തില്‍ ആഗതമാകയാല്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുതകുന്ന ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ അധികം സമയം ബാക്കിയില്ലെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകണം.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ചില മേഖലകളില്‍ നൂറും മറ്റുചില മേഖലകളില്‍ നൂറിനടുത്തുമൊക്കെയാക്കിയത് ആ കരുതലിന്റെ ഭാഗമായാണ്. സ്വകാര്യമേഖലക്ക് കൈമാറുകയോ പൂട്ടുകയോ ചെയ്യേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ് തയ്യാറാക്കിയിട്ടുണ്ട്, അതിന്‍മേലൊരു തീരുമാനമെടുക്കണം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് നിലവിലുള്ള നഷ്പരിഹാര – പുനരധിവാസ വ്യവസ്ഥകള്‍, അതിലെന്ത് മാറ്റമുണ്ടാക്കാമെന്ന് ആലോചിക്കണം. വായ്പയുടെ തിരിച്ചടവ് കുടിശ്ശികയാക്കിയെന്ന പേരില്‍ വിജയ് മല്യ മുതല്‍ ഗൗതം അദാനി വരെയുള്ള വ്യവസായ പ്രമുഖര്‍ മനപ്രയാസം അനുഭവിക്കുന്നുണ്ട്, അതെങ്ങനെ തീര്‍ക്കാമെന്ന് ചിന്തിക്കണം. ഗുജറാത്തിലെ മുന്ദ്രയില്‍ തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും സ്ഥാപിച്ചപ്പോള്‍ പരിസ്ഥിതിനാശമുണ്ടാക്കിയതിന് അദാനി ഗ്രൂപ്പിന് മേല്‍ ചുമത്തിയ 200 കോടി രൂപയുടെ പിഴ ഒഴിവാക്കിയത് ഇത്തരം കുടിശ്ശികകളുടെ ശല്യമൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുപോലെ ചെയ്യാനാവുന്ന ചെറിയ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യണം. അതുകൊണ്ടാണ് കൂടുതല്‍ പ്രഖ്യാപനങ്ങളൊന്നും വേണ്ടെന്നും പ്രകടനപത്രികയിലും കഴിഞ്ഞ ബജറ്റുകളിലും നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. പ്രകടനപത്രിക പരിചയപ്പെടുത്താന്‍ 2014ല്‍ രാജ്യത്ത് തലങ്ങും വിലങ്ങും സഞ്ചരിച്ചത് അദാനി ഗ്രൂപ്പിന്റെ വിമാനത്തിലായിരുന്നുവെന്നത് ഓര്‍ക്കുന്നവര്‍ക്കൊക്കെ പത്രികയില്‍ പറഞ്ഞത് നടപ്പാക്കുന്നതില്‍ ഇനിയും അലംഭാവമരുതെന്ന തിടുക്കം മനസ്സിലാകും.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന് ആനുപാതികമായി പെട്രോളിന്റെയോ ഡീസലിന്റെയോ പാചകവാതകത്തിന്റെയോ വില കുറക്കുമെന്നോ, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നോ, അതിന് തടസ്സമായി നില്‍ക്കുന്ന പൂഴ്ത്തിവെപ്പ് കുത്തകയാക്കിയവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നോ ഏറെ താഴ്ത്തിവരച്ചിരിക്കുന്ന രേഖയുടെ താഴെ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ രേഖക്ക് മുകളിലേക്ക് കുത്തിയുയര്‍ത്തുമെന്നോ ഒന്നും അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകില്ല. ഇത്തരം സംഗതികളെക്കുറിച്ച് തലപുകയ്ക്കുന്ന ഏതാനും കോടികള്‍ രാജ്യത്തുണ്ടെന്നും അവരും വോട്ടര്‍മാരാണെന്നതും ഓര്‍ക്കിതിരിക്കുന്നില്ല. അവര്‍ക്കുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ ഏത് വിലക്ക് മറികടന്നും നടത്താവുന്നതേയുള്ളൂ.

വിളനാശം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇന്‍ഷ്വറന്‍സ് പുതുതായൊന്നു തുടങ്ങിയിരുന്നു. പോയകാലത്ത് നടപ്പാക്കിയ ഇന്‍ഷ്വറന്‍സുകളുടെയൊക്കെ ദോഷം തീര്‍ത്തതാണെന്ന പ്രഖ്യാപനത്തോടെ. ഒടുവിലെ കണക്ക് (അനൗദ്യോഗികം) ഇപ്രകാരമാണ്. 2014 മെയ് മുതല്‍ 2015 ഏപ്രില്‍ വരെയുള്ള കാലത്ത് രാജ്യത്ത് കടബാധ്യത മൂലം ആത്മാഹുതി ചെയ്ത കര്‍ഷകരുടെ എണ്ണം 1,306. പോയ വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കിലുള്ള വര്‍ധന 40 ശതമാനം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടിയ കാലം മുതല്‍ എന്ത് കാര്യവും വളര്‍ച്ചാ വേഗത്തിന്റെ തോതില്‍ കണക്കാക്കണം, അതിന്റെ ശതമാനം പറയുകയും വേണം. ആത്മാഹുതിയുടെ കാര്യത്തിലും പരിഷ്‌കാരം കുറയ്ക്ക വയ്യ.
2015ല്‍ വളര്‍ച്ചക്ക് വീണ്ടും വേഗം കൂടി.

ഒക്‌ടോബര്‍ വരെ മഹാരാഷ്ട്രയില്‍ മാത്രമുണ്ടായത് 2590 കര്‍ഷക ആത്മഹത്യകള്‍. ഡിസംബര്‍ 31 വരെ 3228 പേര്‍ ജീവനൊടുക്കി, ഋണമുക്തരായി. വര്‍ഷാന്ത്യ രൊക്കബാക്കി (അനൗദ്യോഗികം) ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ ശതമാനക്കണക്ക് രേഖപ്പെടുത്താന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇങ്ങനെ നിത്യനിദാനത്തിന്റെ കണക്ക് മാത്രം അറിയാവുന്നവര്‍ ജനസംഖ്യയില്‍ ചെറുതല്ലാത്ത ശതമാനമുണ്ട്. അവര്‍ ഇടഞ്ഞാലും അത് വോട്ടില്‍ പ്രതിഫലിക്കാതിരിക്കാനുള്ളതാണ് ധ്രുവീകരണ വിദ്യ. മാട്ടിറച്ചി മുതല്‍ ലവ് ജിഹാദ് വരെയും പാക്കിസ്ഥാന്‍ മുതല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വരെയും പല ഉപാധികളുണ്ട് ഇത് സാധിച്ചെടുക്കാന്‍. വേണമെങ്കില്‍ അക്രമങ്ങളോ രക്തച്ചൊരിച്ചിലോ സൃഷ്ടിക്കുകയുമാകാം.

അതിനുള്ള സാധ്യത നിലനിര്‍ത്തും വിധത്തില്‍ നേതാക്കളുടെ പ്രസ്താവനകള്‍ അനുസ്യൂതമായുണ്ട്. മാട്ടിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ തല്ലിക്കൊല, മാടിനെ കടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ മര്‍ദനമോ ചാണകം തീറ്റിക്കലോ ഒക്കെയായി, പ്രവര്‍ത്തകര്‍ അന്തരീക്ഷം സജീവമാക്കി നിര്‍ത്തുന്നുമുണ്ട്. അതിലും അവലോകനയോഗം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടാകണം. അല്ലെങ്കില്‍ അതാകണം മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ തൃപ്തികരമാക്കുന്നത്. മാനവ വിഭവ ശേഷി മുതല്‍ ആഭ്യന്തരം വരെയും വാണിജ്യം മുതല്‍ ഉപരിതല ഗതാഗതം വരെയുമുള്ള വകുപ്പുകളുടെ സഹായമില്ലാതെ ഈ അന്തരീക്ഷ സൃഷ്ടി സാധ്യമല്ലല്ലോ.

അതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്താതെ വയ്യ.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രധാനപ്പെട്ട 47 വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ കൂലംകഷമായി വിലയിരുത്തപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടങ്ങളിലെ സചിവകാര്യദര്‍ശിമാരാണ് സചിത്ര വിശദീകരണം സമര്‍പ്പിച്ചത്. ഇത്രയും പ്രധാന വകുപ്പുകള്‍ ഇപ്പോഴും സര്‍ക്കാറിന്റെ ഭരണശ്രേണിയിലുണ്ടെന്ന് രാജ്യമോര്‍ത്തത് ഈ അവലോകനയോഗത്തിന് ശേഷമായിരിക്കണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യം ഒന്നോ രണ്ടോ വകുപ്പുകളുടെയും അവകളുടെ മന്ത്രിമാരുടെയും കാര്യമേ കേട്ടിട്ടുള്ളൂ. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെക്കുറിച്ച് നാല് തവണ കേട്ടു. രണ്ട് തവണ ബജറ്റ് അവതരിപ്പിച്ചപ്പോഴും പിന്നെ ബജറ്റിനുള്ള പൊതു ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞപ്പോഴും. ചില സംസ്ഥാനങ്ങളിലെങ്കിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കയാലും പാതിമാത്രം സംസ്ഥാനമായ ഡല്‍ഹിയോട് നിരന്തരം കലഹിക്കയാലും ആഭ്യന്തര മന്ത്രിയെക്കുറിച്ച് പലകുറി കേട്ടു.

വാണിജ്യം, വ്യവസായം, ഉപരിതലഗതാഗതം, ഗ്രാമവികസനം, പഞ്ചായത്തി രാജ്, വനം – പരിസ്ഥിതി, ഖനി, ഊര്‍ജം എന്ന് വേണ്ടി മറ്റ് പല വകുപ്പുകളിലെയും മന്ത്രിമാരെക്കുറിച്ച് രണ്ട് വര്‍ഷത്തിനിടെ കാര്യമായെന്തെങ്കിലും കേട്ടോ എന്നതില്‍ സംശയമുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മാത്രമാണ് പേരു വേണ്ടത്ര കേള്‍പ്പിക്കാന്‍ യോഗമുണ്ടായത്. പിന്നെ സുഷമ സ്വരാജിനും.

ബജറ്റ്, രാജ്യത്തുള്ള ആകെ പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ 12.3 ശതമാനമായി ഉയര്‍ന്നുവെന്ന 2016 മാര്‍ച്ചിലെ കണക്ക് വന്നപ്പോള്‍ (മുടങ്ങിക്കിടക്കുന്നവക്കുള്ള ആകെ ചെലവ് 11.36 ലക്ഷം കോടി), ചരക്ക് – സേവന നികുതി ഉടന്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചപ്പോള്‍, ലളിത് മോദി മുതല്‍ മല്യ വരെയുള്ളവരുടെ കാര്യത്തില്‍ വിശദീകരണങ്ങള്‍ നല്‍കിയപ്പോള്‍ ഒക്കെ ജെയ്റ്റ്‌ലിയദ്ദ്യത്തിനെ ജനം കണ്ടു, കേട്ടു. രണ്ടാണ്ടിനിടെ പലകുറി നരേന്ദ്ര മോദി വിദേശപര്യടനത്തിന് പോയി. അപ്പോഴൊക്കെ ജനം സുഷമ സ്വരാജിനെ ഓര്‍ത്തു. മോദി നേരിട്ട് വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ പേരിനെന്തിന് മന്ത്രിയെന്ന് അത്ഭുതം കൂറി. ഈ യോഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോഴാണ് ദീര്‍ഘകാലത്തിന് ശേഷം രാം വിലാസ് പസ്വാനെന്നയാള്‍ മന്ത്രിസഭയിലുണ്ടെന്ന് ജനം ഓര്‍ത്തിട്ടുണ്ടാകുക.

ഇത്യാദി മന്ത്രിമാരെ അവലോകനം ചെയ്യാന്‍ നാല് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനുട്ടും ചെലവിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങളെക്കുറിച്ച് യാതൊരു ജ്ഞാനവുമില്ലെന്ന് കരുതേണ്ടിവരും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടന്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയത് അങ്ങേക്ക് ഓര്‍മയുണ്ടാകുമല്ലോ. നയപരമായ കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയുടെ കീഴിലാണെന്നാണ് വകുപ്പു വിഭജന രേഖയിലുള്ളത്. അവ്വിധത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടാല്‍ പിന്നെ ഇതര മന്ത്രാലയങ്ങള്‍ക്കൊന്നും കാര്യമായി പ്രവര്‍ത്തിക്കേണ്ടി വരില്ല. മേലാവില്‍ നിന്നുള്ള ഉത്തരവുകളില്‍ തുല്യം ചാര്‍ത്തി കീഴേക്ക് അയക്കേണ്ട ജോലിയേ ഉണ്ടാകൂ. അതാണ് ഇക്കാലത്തിനിടെ ഈ മന്ത്രാലയങ്ങളില്‍ ഭൂരിഭാഗവും ചെയ്തിട്ടുള്ളതും. അതിനെ അവലോകനം ചെയ്ത് തൃപ്തി രേഖപ്പെടുത്തിയെന്നാകില്‍ – ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണെന്ന ഗീതാവാക്യം കൂടി ഓര്‍ക്കാം.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest