Connect with us

Articles

കലക്ടര്‍ ബ്രോ

Published

|

Last Updated

സിനിമയെ ഭൂപട(മാപ്പ്)ങ്ങളുമായി ടോം കോണ്‍ലി താരതമ്യം ചെയ്യുന്നുണ്ട്. രണ്ടിലും വിശദാംശങ്ങളുണ്ട്. രണ്ടും, പരന്ന പ്രതലത്തിലാണ് വിനിമയം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിരത്തുന്നത്. രണ്ടും, വിവരങ്ങളുടെ സാന്ദ്രത സംക്ഷേപിക്കുന്നതും വിപണനം ചെയ്യുന്നതും ദൃശ്യ പശ്ചാത്തലമുപയോഗിച്ചാണ്. സ്ഥലവിനിയോഗത്തെ സംബന്ധിച്ച നിതാന്ത ജാഗ്രത ചലച്ചിത്രകാരനെയെന്നതു പോലെ, ഭൂപട നിര്‍മാതാവിനെയും ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.
മലയാളത്തിലെ ഒരു കോമഡി സിനിമയായ മാനത്തെ കൊട്ടാരത്തില്‍ മാപ്പ് ഘടകമായ കാര്യം, ഇപ്പോള്‍ വലിയ/ചെറിയ ഒരു ചര്‍ച്ചാ വിഷയമായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാപ്പ്-സിനിമാ ബന്ധം പരാമര്‍ശിക്കുന്നത്. കേരളത്തിലെ റോഡുകളുടെ കുഴികളുടെ എണ്ണം, നമ്മള്‍ സൂര്യന്‍ എന്നു പറയുന്ന നക്ഷത്രത്തിന്റെ പേരെന്ത് ഇങ്ങനെ ആയിരക്കണക്കിന് ചോദ്യോത്തരങ്ങള്‍ അടങ്ങിയ പുസ്തകം വില രണ്ടു രൂപ ഇത് കമ്പനി പ്രചാരണാര്‍ഥം ഞങ്ങള്‍ മൂന്നു രൂപക്ക് വില്‍ക്കുന്നു. ഇത് ഏതു കണ്ണു പൊട്ടനും വായിക്കാം കൂടാതെ, കേരളത്തിന്റെ മാപ്പ്, ഇന്ത്യയുടെ മാപ്പ്, അന്താരാഷ്ട്ര സമയപ്രകാരം തയ്യാറാക്കിയ വേള്‍ഡ് മാപ്പ് എന്ന പ്രചാരണ വാക്യങ്ങളുമായി ഒരു തെരുവു വില്‍പ്പനക്കാരന്‍ മുന്നില്‍ കാണുന്ന വീട്ടിലെത്തുന്നു. വീട്ടിനകത്തു നിന്നിറങ്ങിവരുന്ന വൃദ്ധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുഗൃഹീത നടിയായ ഫിലോമിനയാണ്. ആരാണ്ടാ കാലത്ത് തന്നെ മാപ്പപേക്ഷിക്കുന്നത് എന്ന ശകാരത്തോടെയാണ് അവര്‍ ഉമ്മറത്തേക്കു വരുന്നത്. മാപ്പ് മാപ്പ് മാപ്പേ എന്ന് വീണ്ടും വില്‍പ്പനക്കാരന്‍ ശബ്ദം മുഴക്കുന്നു. ഫിലോമിന: എടാ ശവി, നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ മാപ്പു ചോദിക്കാന്‍. വില്‍പനക്കാരന്‍: ഇതാ മാപ്പല്ല. മാപ്പ്, ലോക മാപ്പ്. ഫിലോമിന: ലോക മാപ്പോ? ലോകം മുഴുവന്‍ മാപ്പ് തരാന്‍ എന്ത് തെറ്റാ നീ ചെയ്തത്? അമ്പട കൊരങ്ങേ, കാലത്ത് തന്നെ നീ എന്നെക്കൊണ്ട് മാപ്പ് പറയിക്കാന്‍ വന്നതാണല്ലേ. എന്ന് ശബ്ദമുയര്‍ത്തി ശകാരിച്ച് അയാളുടെ നേര്‍ക്കടുക്കുന്നു. എന്റെ പൊന്നമ്മച്ചി. ഇത് കേരള മാപ്പ്, ഇത് വേള്‍ഡ് മാപ്പ്. ദേ ഇത് കണ്ടോ അമേരിക്കന്‍ മാപ്പ്. ഫിലോമിന; ങേ. അമേരിക്കന്‍ മാപ്പോ. വില്‍പനക്കാരന്‍: അമേരിക്കയുടെ പടമാ അമ്മച്ചി. ഫിലോമിന: ഇതാണ് അമേരിക്കന്‍ പടംല്ലേ മോനേ, ഇത്‌ല് തൃശ്ശൂരുണ്ടോ മോനേ? വില്‍പനക്കാരന്‍ ഞരങ്ങുന്നു: ങേ തൃശ്ശൂരോ? ഇപ്പോ കാണിച്ചുതരാം, എന്നു പറഞ്ഞ് വെറുതെ ഒരു സ്ഥലം കാണിച്ച് ദേ ദാണ് തൃശ്ശൂര്‌ട്ടോ. അപ്പോള്‍ ഫിലോമിന: അപ്പോ കുന്നംകുളണ്ടോ മോനേ? വില്‍പനക്കാരന്റെ ഞരക്കം കൂടുതല്‍ രൂക്ഷമാകുന്നു. ങേ കുന്നംകുളമോ? കുന്നം കുളോം തൃശ്ശൂരും ഒന്നും ഇതിലില്ല അമ്മച്ചി. അതൊക്കെ വടക്കേ അമേരിക്കയുടെ തെക്കേ വശമാണ്. ഫിലോമിന: എനിക്കറിയാടാ. കുന്നംകുളോം തൃശ്ശൂരും ണ്ടാവില്ലാന്ന്. (തേങ്ങുന്നു) അവിടെക്കിടന്നിട്ടാടാ എന്റെ മക്കള്‌ടെ അഛന്‍ പോയത്. തറവാട് ഭാഗം വെക്കാന്‍ പോണ കാര്യം ചോദിക്കാന്‍ പോയതാടാ എന്റെ കെട്ട്യോന്‍. ഇരുന്നു കൊണ്ട് കരയുന്നു. വില്‍പ്പനക്കാരന്‍ കൂടുതല്‍ പകക്കുകയും അമ്പരക്കുകയും ചെയ്യുന്നു. ഫിലോമിന: തിരിച്ചുവന്നില്ലടാ കെട്ട്യോന്‍. എല്ലാരും കൂടി തല്ലിക്കൊന്നെടാ. അതോണ്ട് കുന്നം കുളോം തൃശ്ശൂരും ഇല്ലാത്ത മാപ്പ് നീ വിക്കണ്ടടാ. പിന്നെ കായികാക്രമണമാണ്. വില്‍പ്പനക്കാരന്റെ കുപ്പായം ഫിലോമിന വലിച്ചു കീറുകയും അയാളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഫിലോമിന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ചിത്തരോഗമുണ്ടെന്ന് വിശദീകരിക്കുന്നതിനാണ് ഈ സീന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
അടിസ്ഥാന വിവരവും വിദ്യാഭ്യാസവുമില്ലാത്തവരെ അതിന്റെ പേരില്‍ തന്നെ പരിഹസിക്കാനും അവമതിക്കാനും ഉദ്ദേശിച്ചാണ് ഇത്തരം കോമഡികള്‍ ഭാവന ചെയ്യപ്പെടുന്നത്. ഇപ്പോള്‍, കേരളത്തിലെ ഒരു ലോകസഭാംഗവും താന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലാ കലക്ടറും തമ്മിലുള്ള സോഷ്യല്‍ മീഡിയ സംഘട്ടനത്തില്‍; കളക്ടര്‍ മാപ്പു പറയേണ്ട വിധത്തില്‍ രൂക്ഷമായ തെറ്റാണ് ചെയ്തിരിക്കുന്നത് എന്ന് പാര്‍ലമെന്റംഗം ആരോപിച്ചപ്പോള്‍, തന്റെ പ്രൊഫൈലില്‍ കുന്നംകുളത്തിന്റെ മാപ്പിട്ടുകൊണ്ട് പരിഹസിച്ചിരിക്കുകയാണ് കലക്ടര്‍. ഈ കലക്ടര്‍ മലയാള സിനിമയുടെ കടുത്ത ആരാധകനാണെന്നു തോന്നുന്നു. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, മലയാള സിനിമയില്‍ കാണിച്ച പല ജനാധിപത്യവിരുദ്ധ നായകത്വ പ്രഭാവങ്ങളുടെ കൂടി ആരാധകനായി സ്വയം പരിണമിക്കുകയും അപ്രകാരം ഔദ്യോഗിക ജീവിതം മാറ്റി മറിക്കുകയും ചെയ്യുന്നത് ജില്ലാ കലക്ടര്‍ക്ക് ഭൂഷണമാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത കേരള സമൂഹത്തിനു മുന്നില്‍ വന്നു ഭവിച്ചിരിക്കുന്നു.
എം പി ഫണ്ട് എന്ന പേരില്‍ തദ്ദേശീയ വികസനത്തിനായി നിശ്ചിത സംഖ്യ എല്ലാ എം പിമാരുടെയും പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. ജനങ്ങളില്‍ നിന്നു കിട്ടുന്ന ആവലാതികളില്‍ നിന്ന് തിരഞ്ഞെടുത്തതിനു ശേഷം, എം പി നിര്‍ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്തുക. നടത്തിപ്പിന്റെ ചുമതല ജില്ലാ കലക്ടര്‍ക്കാണ്. സാങ്കേതികവും ഭരണപരവും മറ്റുമായ പരിശോധനകള്‍ വിദഗ്ധമായി നടത്തിയതിനു ശേഷമാണ് തുക വിനിയോഗിക്കേണ്ടത് എന്നതാണ് കൃത്യ നിര്‍ദേശം.
ഇപ്പോള്‍, തന്റെ എം പി ഫണ്ടിന്റെ വിനിയോഗം ബോധപൂര്‍വം ബന്ധപ്പെട്ട കലക്ടര്‍ തടയുന്നു എന്നാണ് എം പി ആരോപിക്കുന്നത്. എം പിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും: കളക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയരക്ടര്‍ റാങ്കിലുള്ള ഡി പി ഒ നൂറു ശതമാനം ഇന്‍സ്‌പെക്ഷന്‍ നടത്തിയ ഒന്നരക്കോടിയുടെ 32 ഓളം ബില്ലുകള്‍ രണ്ട് മാസമായി പാസ്സാകാതെ കിടക്കുന്നു. ….. ഫണ്ട് ചിലവഴിക്കല്‍ കുറഞ്ഞാല്‍ പഴി ഏറ്റു വാങ്ങുന്നത് എം പി മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാസവും ഫണ്ട് ചിലവഴിക്കല്‍ ശതമാനം വെബ്‌സൈറ്റില്‍ കൊടുക്കാറുണ്ട്. അത് പിറ്റേന്ന് പത്രമാധ്യമങ്ങളില്‍ വരും. ശതമാനം കുറഞ്ഞാലോ? പഴി എം പിക്കും. അതുകൊണ്ട് സ്പീഡ് ആക്കാന്‍ ശ്രമിച്ചാല്‍ എം പി കോണ്‍ട്രാക്റ്ററുടെ ആളായി. അഴിമതിക്കാരനായി. രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയില്‍ നിന്നവര്‍ പോലും ഞാന്‍ എം പി ആയ ശേഷം ഫണ്ട് നിര്‍വഹണത്തില്‍ കോണ്‍ട്രാക്ടര്‍മാരുടെ പക്കല്‍ നിന്നും പണം വാങ്ങുന്ന ആളായി ഇന്നു വരെ ചിത്രീകരിച്ചിരുന്നില്ല…….എന്നെ അവഹേളിക്കുന്ന കലക്ടറുടെ ഒരു വാട്‌സാപ്പ് സന്ദേശം ശ്രദ്ധയില്‍ പെട്ടു. അതില്‍ പറയുന്ന പോലെ ഇന്‍സ്‌പെക്ഷന്‍ ഒഴിവാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇന്‍സ്‌പെക്ഷന് തടസ്സം ഉന്നയിച്ചിട്ടില്ല. മറ്റു എം പിമാര്‍ക്ക് ഇല്ലാതെ എനിക്ക് മാത്രം ചുമത്തിയ രണ്ടാം വട്ടം പരിശോധന വൈകിയതില്‍ വിശദീകരണം കത്തു മുഖേന ചോദിച്ചെന്നേയുള്ളൂ. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ഒരു ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയിട്ടില്ല. കലക്ടറുടെ വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞതുപോലെ, ഞാന്‍ കഴിഞ്ഞ മാസങ്ങളില്‍ കലക്ടറുടെ ഏതെങ്കിലും നമ്പറുകളില്‍ വിളിക്കുകയോ പോയി കാണുകയോ അദ്ദേഹത്തിന്റെ ക്യാബിനിലോ വീട്ടിലോ പോയി സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ ഫോണില്‍ വിളിച്ചോ നേരിട്ടോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കോള്‍ ഡിറ്റയില്‍സ് റെക്കോര്‍ഡ് എടുക്കുവാനും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുവാനും വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അദ്ദേഹം തെളിയിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കുന്നതാണ്. പി ആര്‍ ഡി ദുരുപയോഗം, വാട്ട്‌സാപ്പിലെ വാസ്തവവിരുദ്ധ ആരോപണം എന്നിവയില്‍ പാര്‍ലമെന്ററി ലീഗല്‍ നടപടികളുമായി മുന്നോട്ടു പോവും.
ആരോപിക്കപ്പെട്ട അഴിമതിയും മറ്റും തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍, എം പിയുടെ പക്ഷത്താണ് നീതി എന്ന് സാമാന്യേന ബോധ്യപ്പെടും. എന്നാല്‍, നിരവധി നൂതന ജനകീയ/ജനപ്രിയ നടപടികളിലൂടെ പേരെടുത്ത് ഹരമായി മാറിയ കലക്ടര്‍ക്കാണ് കൂടുതല്‍ ലൈക്കും പിന്തുണയും. ഏതു വിദ്യാഭ്യാസമില്ലാത്തവനും എം പിയാകാന്‍ കഴിയും; എന്നാല്‍, കഷ്ടപ്പെട്ട് പഠിച്ച് പാസായാലേ കലക്ടറാകാന്‍ പറ്റൂ എന്ന മനോഭാവത്തോടെയാണ് കലക്ടര്‍ക്കനുകൂലമായി പോസ്റ്റ് തള്ളുന്നവര്‍ ഇടിച്ചു കയറുന്നത്.
കലക്ടറെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും ആവേശഭരിതരാക്കുന്നത് കിംഗും കമ്മീഷണറും അടക്കമുള്ള സുരേഷ് ഗോപി/മമ്മൂട്ടി/ഷാജി കൈലാസ് സിനിമകളാണെന്ന് വ്യക്തം. കെ പി ജയകുമാര്‍ കുറെ മുമ്പെഴുതിയ ഒരു ലേഖനം വീണ്ടും പങ്കിട്ടു കൊണ്ട് നവമലയാളി എഡിറ്റര്‍ സ്വാതി ജോര്‍ജ് എടുത്തെഴുതുന്നത് നോക്കുക: കലക്ടര്‍ ബ്രോ എന്ന കൃത്യ-നിര്‍ദ്ദേശ-നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ജനാധിപത്യത്തിനു മുകളില്‍ പ്രതിഷ്ഠിക്കുന്നത്, ഉദ്യോഗസ്ഥ ഹീറോകളുടെ ആരാധകര്‍ ഫിക്ഷനും നിത്യജീവിതവും സവിശേഷമായ രീതിയില്‍ കൂടിക്കലര്‍ന്നു പോയ വര്‍ത്തമാനകാലത്ത് പെട്ടു പോയതിനാലാണ്. ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട് ബഹുജനസമരങ്ങളിലൂടെ വൈകി മാത്രം വരാനിടയുള്ള നീതിക്കായി കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത, വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത, അഴിമതിക്കാര്‍ക്കെതിരെ സ്വയം നീതി നടപ്പാക്കുന്ന നായകന്‍മാരിലൂടെ സാമൂഹ്യ പ്രക്രിയയില്‍ നിന്നും സ്വതന്ത്രമാക്കപ്പെട്ട “അതീതവ്യക്തി”യെയും “അതിമാനുഷനെ”യും കുറിച്ചുള്ള (പുരുഷകേന്ദ്രിതമായ) മിത്തുകള്‍ പുനസൃഷ്ടിക്കപ്പെടുകയാണ്. വ്യക്തികേന്ദ്രീകൃതമായ മത്സരത്തിന്റെ ഫലമാണ് എല്ലാ ആത്യന്തിക വിജയവും എന്ന് സ്ഥാപിക്കുകയും അവരുടെ പ്രവര്‍ത്തികളെ ഏകപക്ഷീയമായി ഉദാത്തവത്കരിക്കുകയും ചെയ്യുന്നു. നന്‍മ തിന്‍മകളെ നിശ്ചയിക്കുന്നത് വ്യക്തിസദാചാരമാണെന്നും വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതാകട്ടെ വര്‍ണ, വംശ, പാരമ്പര്യ മൂല്യങ്ങളാണെന്നും ഉള്ള ഉപരിവര്‍ഗ സാംസ്‌ക്കാരിക പ്രത്യയശാസ്ത്രം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്.
ജനാധിപത്യ പ്രക്രിയ തന്നെയാണ് ബ്രോ, മുകളില്‍ നില്‍ക്കുന്നത്. ആ വാക്കില്‍, ആധിപത്യം എന്ന ഘടകമുണ്ടെന്നതും അതിന് അധികാരരൂപമായി മാത്രം തരം താഴാന്‍ കഴിയുമെന്നും മറക്കുന്നില്ല. എങ്കിലും ജനാധിപത്യത്തിനാണ് സംസ്‌കാരമായി വളരാനാവുക. അല്ലാതെ, കോമഡി സിനിമകളില്‍ നിന്ന് കുന്നംകുളത്തിന്റെ മാപ്പ് കീറിയിട്ടും സുരേഷ് ഗോപിയും മമ്മൂട്ടിയും നിക്ഷേപിച്ചു പോയ ധാര്‍ഷ്ട്യത്തിന്റെ ഒറ്റയാള്‍ പരിഹാരങ്ങള്‍ പകല്‍ സ്വപ്‌നം കണ്ടും പകര്‍പ്പ് സംസ്‌കാരമായി അധ: പതിക്കുന്നതിലൂടെയായിരിക്കില്ല. (എന്തെങ്കിലും അധിക പ്രസംഗമായി തോന്നുന്നുവെങ്കില്‍ മാപ്പ്, കുന്നംകുളത്തിന്റെയല്ല, ശരിയായ അര്‍ത്ഥത്തില്‍ തന്നെ)

Latest