Connect with us

Kannur

പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തതക്ക് സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുന്നു

Published

|

Last Updated

കണ്ണൂര്‍; പാല്‍, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്ത നേടാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് ലക്ഷ്യം. പാല്‍, മുട്ട, മാംസം എന്നിവക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് ഇപ്പോഴും കേരളം. ഇത് അവസാനിപ്പിച്ച് കേരളത്തില്‍ തന്നെ ഇവയെല്ലാം ഉത്പാദിപ്പിക്കുക വഴി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കാനാണ് സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണമേഖലയിലെ സമ്പത്ത് ക്രമാനുഗതമായി വര്‍ധിപ്പിക്കാനും അധിക വരുമാനം നേടാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
സര്‍വീസ് സഹകരണ ബേങ്കുകളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുവഴി കേരളത്തിലെ പാല്‍ ഉത്പാദനം എണ്‍പത് ശമാനത്തില്‍ നിന്ന് നൂറ് ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 27 ലക്ഷത്തോളം ടണ്‍ പാലാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഏകദേശം 21 ലക്ഷം ടണ്‍ പാല്‍ മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. പശുഗ്രാമം, മില്‍ക് ഷെഡ് തുടങ്ങി നിരവധി പദ്ധതികളിലൂടെ കഴിഞ്ഞ കാലങ്ങളില്‍ പാലുത്പാദനത്തില്‍ ചെറിയ തോതിലുള്ള വര്‍ധനവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കന്നുകാലി സമ്പത്തില്‍ 90 മുതല്‍ 95 ശതമാനവും അത്യുത്പാദന ശേഷിയുള്ളവയാണ്. വിദേശ ജനുസിന്റെ സങ്കരയിനങ്ങളായ ഇവയില്‍ നിന്ന് പാലുല്‍പാദനം ക്രമേണ കൂടി വരേണ്ടതാണെന്നിരിക്കെ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. പാലുത്പാദനം കൂടുന്നില്ലെന്ന് മാത്രമല്ല, നാലഞ്ച് വര്‍ഷമായി മുരടിച്ച നിലയിലുമാണ്. എട്ട് മുതല്‍ ഒമ്പത് ലിറ്റര്‍ പാല്‍ മാത്രമേ ഇപ്പോള്‍ ഒരു കാലിയില്‍ നിന്ന് കിട്ടുന്നുള്ളു. നാടന്‍ കാലികള്‍ തന്നെ ഇത്രയും പാല്‍ നല്‍കുമ്പോള്‍ സങ്കരയിനത്തിന്റെ കുറഞ്ഞ ഉത്പാദനക്ഷമത പരിതാപകരമാണ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കിടാങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭ്യമാകേണ്ടതാണെങ്കിലും കേരളത്തില്‍ സ്ഥിതി മറിച്ചാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും പാല്‍ ഉത്പാദനക്ഷമത കുറയുന്നുവെന്ന് മാത്രമല്ല കാലികളുടെ എണ്ണവും ചുരുങ്ങുകയാണ്. രോഗങ്ങള്‍ പിടിപെട്ട് കാലികള്‍ ചത്തുപോകുന്ന പ്രവണതയും കൂടിവരുന്നു. ഇക്കാരണങ്ങളാല്‍ ക്ഷീരകര്‍ഷകര്‍ ഈ രംഗം വിടാന്‍ നിര്‍ബന്ധിതമാവുകയാണ്. കേരളത്തില്‍ പാലുത്പാദനം കൂടാത്തതിനെപ്പറ്റി ദേശീയക്ഷീര വികസന ബോര്‍ഡ് പഠനം നടത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സങ്കരയിനം കാലികളുള്ള കേരളത്തിലെ സ്ഥിതി ഗൗരവമേറിയതിനാലാണ് പഠനം നടത്തിയത്. സങ്കരയിനം കാലികള്‍ക്കായുള്ള ബീജസങ്കലനം, കുത്തിവെപ്പ്, അവയുടെ ആരോഗ്യ സ്ഥിതി, പരിചരണം, പോഷകാഹാരം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ സംഘം പഠന വിധേയമാക്കിയിരുന്നു.
മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വിധവകളായ സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിന് ആരംഭിച്ച ആശ്രയ പദ്ധതിക്ക് ഇതിനകം നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഒരു വിധവക്ക് പത്ത് കോഴിക്കുഞ്ഞുങ്ങളും 10 കിലോ തീറ്റയുമാണ് ആശ്രയ പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യമായി നല്‍കിവരുന്നത്.
കോഴിവളര്‍ത്തലിന് സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പക്ഷിപ്പനി പോലെയുള്ള രോഗബാധ ഉണ്ടാകുമ്പോള്‍ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന കോഴിയിറിച്ചി ആശങ്കയോടെ കഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശുദ്ധമായ കോഴിയിറച്ചി ഉത്പാദനത്തിനും സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഗ്രാമം നിറയെ കോഴികള്‍, കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍, കെപ്‌കൊ ആശ്രയ, കെപ്‌കൊ ഗ്രാമം, നഗരപ്രിയ, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, ആര്‍ കെ വി വൈ പദ്ധതി തുടങ്ങിയ പദ്ധതികള്‍ പരിഷ്‌കരിച്ച് നടപ്പാക്കും. സംസ്ഥാനത്ത് ശരാശരി 600 ടണ്‍ കോഴിയിറച്ചിയാണ് ഒരുദിവസം ആവശ്യമുള്ളത്. എന്നാല്‍ 150 ടണ്‍ കോഴിയിറച്ചി മാത്രമാണ് നേരിട്ട് ഉത്പാദിപ്പിക്കുന്നത്. ഭൂരിഭാഗവുമെത്തുന്നത് തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തും കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കിയ വിനിത മിത്രം പദ്ധതി നല്ല ഫലമാണുണ്ടാക്കിയിരുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ ആയിരം വനിതകള്‍ക്ക് പത്ത് കോഴി കുഞ്ഞുങ്ങളും പത്തുകിലോ കോഴിതീറ്റ, ആവശ്യമായ മരുന്നുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തിരുന്നത്.
പ്രതിദിനം 80 ലക്ഷം കോഴിമുട്ടയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്. ഓരോ മാസവും ഒരു കോടി കോഴിക്കുഞ്ഞുങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഫാമുകളിലേക്കെത്തുന്നുണ്ട്. ഇവക്ക് പ്രതിമാസം 35,000 ടണ്‍ കോഴിത്തീറ്റയാണ് ആവശ്യം. കേരളത്തില്‍ പ്രതിമാസം ഏകദേശം 350 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്.