Connect with us

International

ജുനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ബഹിരാകാശ പേടകം ജൂനോ വ്യാഴത്തിന്റെ ഭ്രമണ പഥത്തിലെത്തി. 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അരികിലെത്തിയത്. പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.

അഞ്ച് വര്‍ഷം മുമ്പാണ് ജൂനോ വിക്ഷേപിച്ചത്. 113 കോടിയിലേറെ ഡോളര്‍ ചെലവിട്ടാണ് ജൂനോ നിര്‍മ്മിച്ചത്. വ്യാഴത്തിന്റെ പരമാവധി അടുത്തെത്തി ഗ്രഹത്തെ നിരീക്ഷിക്കുകയെന്നതാണ് ജൂനോയുടെ ല്കഷ്യം. ഭ്രമണപഥത്തിന്റെ സവിശേഷതകൊണ്ട് ജൂനോ വ്യാഴത്തില്‍ നിന്നും അകലെയാകും സ്ഥിതി ചെയ്യുക. ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും വ്യാഴത്തെ ചുറ്റുക. വ്യാഴത്തിന്റെ ധ്രുവമേഖലയില്‍ അടുത്തുവരുന്ന രീതിയിലാണ് ഭ്രമണപഥം. കാന്തിക മണ്ഡലമാണ് ഇത്തരത്തില്‍ ഭ്രമണപഥം സ്വീകരിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.
വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂനോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്. നിശ്ചിത സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂനോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്കു പോകുമായിരുന്നു.

ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നരവര്‍ഷം ജുനോ വ്യാഴത്തെ പരിക്രമണം ചെയ്യും. ഇക്കാലയളവിനുള്ളില്‍ 37 തവണ ഗ്രഹത്തെ ചുറ്റാനാകും. അതിനുശേഷം, ജുനോയെ ഭ്രമണപഥത്തില്‍ തന്നെ ഉപേക്ഷിച്ച് ദൗത്യം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി. ഗ്രീക്ക് ദേവതയായ ജൂണോ യുടെ പേരാണ് പേടകത്തിനു നല്‍കിയിരിക്കുന്നത്

4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ടുവെന്ന് കരുതുന്ന വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ ഇതിനുമുമ്പും ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ഗ്രഹത്തിന്റെ ഇത്രയും അടുത്തേക്ക് അവയൊന്നും ചെന്നിട്ടില്ല. സൗരയൂഥ ജനനത്തിന്റെ ആദ്യഘത്തില്‍തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിലൂടെ സൗരയൂഥ രൂപവത്കരണത്തെ സംബന്ധിച്ചും സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇവിടത്തെ ഹൈഡ്രജന്‍ഓക്‌സിജന്‍ അനുപാതം കണക്കാക്കുക, ഗ്രഹത്തിന്റെ അകക്കാമ്പിന്റെ പിണ്ഡം നിര്‍ണയിക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക തുടങ്ങിയവയൊക്കെയാണ് ജുനോ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest