Connect with us

National

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ടിക്കറ്റുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. തുടര്‍ന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ഇപ്പോള്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്.

രണ്ട് ഘട്ടങ്ങളായാകും പദ്ധതി നടപ്പിലാക്കുക. 15 ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ആനുകാല്യങ്ങള്‍ക്കാകും ആധാര്‍ നിര്‍ബന്ധമാക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ ടിക്കറ്റുകളുടെ ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
ട്രെയിന്‍ യാത്രയിലെ ആള്‍മാറാട്ടം തടയാനും സുരക്ഷയ്ക്കുമായാണ് ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വാദം. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രേഖകളുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണമെന്നാണ് നിയമം.

Latest