Connect with us

National

ഡോ. സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ഡോ. സാക്കിര്‍ നായിക്കിന് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. നായിക്കിന്റെ പ്രസംഗം, സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍, സാമ്പത്തിക സ്രോതസ്സ് തുടങ്ങിയവയെല്ലാം അന്വേഷണ വിധേയമാക്കാനാണ് ഉത്തരവ്.

ബംഗ്ലാദേശില്‍ 20 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണ് എന്ന് കണ്ടത്തിയതോടെയാണ് അദ്ദേഹം വിവാദത്തില്‍ അകപ്പെട്ടത്. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വാര്‍ത്താ വിനിമയ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. (Read More: സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കും: കേന്ദ്രം) പ്രസംഗങ്ങള്‍ അന്വേഷിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. (Read More: സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ അന്വേഷണ വിധേയമാക്കണം: ഇന്ത്യയോട് ബംഗ്ലാദേശ്)

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ സാക്കിര്‍ നായിക്ക് നിഷേധിച്ചു. ഒരു മുസ്ലിമിനേയോ അമുസ്ലിമിനേയോ കൊലപ്പെടുത്താന്‍ പ്രേരണ നല്‍കുന്ന ഒരു വാക്ക് പോലും തന്റെ പ്രസംഗങ്ങളില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാക്കിര്‍ നായിക്കിന് ചില രാജ്യങ്ങള്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സംഘടനക്ക് യുഎസില്‍ വിലക്കുണ്ട്. മലേഷ്യയില്‍ വിലക്കുള്ള 16 പണ്ഡിതന്‍മാരില്‍ ഒരാളാണ് സാക്കിര്‍ നായിക്ക്.