Connect with us

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അറസ്റ്റ് ഭീതിയില്‍ വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ് എന്‍ ഡി പി യോഗത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
അറസ്റ്റ് ഭീതിയില്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി നേതൃയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ കേസിനെ നിയമപരമായും സംഘടനാപരമായും നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നാളെ എസ് എന്‍ ഡി പി നേതൃയോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.ഇതിന്റെ മുന്നോടിയായി ഇന്ന് പ്രധാനപ്പെട്ട നേതാക്കളുമായി വെള്ളാപ്പള്ളി ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തോടൊപ്പം ചേര്‍ന്ന് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ച ബി ഡി ജെ എസിനെയും എസ് എന്‍ ഡി പിയെയും രാഷ്ട്രീയമായി നേരിടാനുള്ള സി പി എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കേസ് എന്നാണ് എസ് എന്‍ ഡി പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക പരിശോധനകള്‍ നടത്തിയെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിജിലന്‍സ് വിഭാഗം തലവനായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് കേസില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവുണ്ടായത്.
വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ സമുദായ സംഘടനയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകളുണ്ടെന്നിരിക്കെ നേതൃയോഗത്തിന്റെ തീരുമാനങ്ങളോട് താഴേ തട്ടിലുള്ളവര്‍ യോജിക്കണമെന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ പല ശാഖകളും മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തുണ്ട്. വനിതാസംഘങ്ങള്‍ പലതും പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ള സാഹചര്യത്തില്‍ സമുദായ സംഘടനയെ ഉപയോഗപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടുക വെള്ളാപ്പള്ളിക്ക് എളുപ്പമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി എസ് അച്യുതാനന്ദനാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നും എസ് എന്‍ ഡി പി യോഗത്തിനകത്ത് തന്നെയുണ്ടായിരുന്ന തിരുവനന്തപുരത്തെ ചില നേതാക്കളാണ് വി എസിനെ തെറ്റിദ്ധരിപ്പിച്ചതെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. സ്വന്തം സംഘടനക്കുള്ളിലെ നേതാക്കള്‍ പോലും തങ്ങള്‍ക്കെതിരാണെന്ന് തുറന്ന് സമ്മതിക്കുന്ന വെള്ളാപ്പള്ളിക്ക് എസ് എന്‍ ഡി പി നേതൃയോഗത്തിന്റെ പിന്തുണ കൊണ്ട് മാത്രം മൈക്രോഫൈനാന്‍സ് തട്ടിപ്പ് കേസിനെ പ്രതിരോധിക്കാനാകില്ല. അത് കൊണ്ട് തന്നെ സര്‍ക്കാരിനെയും സി പി എം നേതൃത്വത്തെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും വെള്ളാപ്പള്ളി ആരംഭിച്ചുകഴിഞ്ഞു.
തന്നെ പ്രതിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടെങ്കിലും തങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഇതിന്റെ ഭാഗമായിട്ടുകൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.