Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ അന്വേഷണം പ്രഹസനമായി മാറി: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വെറും പ്രഹസനമായി മാറിയെന്നു ഹൈക്കോടതി. കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സിന് നേരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കേസില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണം പ്രഹസനമായി മാറുന്നതു സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. കേസില്‍ ആരോപണവിധേയനായ വ്യവസായി വി.എം. രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും ഇയാളെ സര്‍ക്കാരുകളെല്ലാം സംരക്ഷിക്കുകയാണോയെന്നും കോടതി ചോദിച്ചു.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു.