Connect with us

Kerala

വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികള്‍

Published

|

Last Updated

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിരവധി പദ്ധതികള്‍ ബജറ്റ് മുന്നോട്ട്‌വെക്കുന്നു. ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി അനുവദിച്ചു. നടപ്പുവര്‍ഷം ഇതിലേക്ക് 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുബന്ധ സൗകര്യങ്ങള്‍ക്കാവശ്യമായ ഫണ്ട് പി ടി എ, പൂര്‍വവിദ്യാര്‍ത്ഥി സംഘടന, തദ്ദേശഭരണ സ്ഥാപനങ്ങള്‍, എം എല്‍ എ, എം പി പ്രാദേശികവികസന ഫണ്ട് ലഭിക്കാനുളള സാധ്യതകളും പരിഗണിച്ചായിരിക്കും സ്‌കൂളുകള്‍ തിരഞ്ഞെടുക്കുക. എല്‍ ഡി എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ അന്തര്‍ദേശീയ നിലവാരമുളള 1000 സ്‌കൂളുകള്‍ എന്നത് അഞ്ച് കൊല്ലം കൊണ്ട് യാഥാര്‍ഥ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. എട്ട് മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഹൈടെക്ക് ആക്കും. ഈ സ്‌കീമില്‍ എയ്ഡഡ് സ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തും. ഇതിനുപുറമെ എല്ലാ സ്‌കൂളുകളിലും ഒരു കമ്പ്യൂട്ടര്‍ ലാബും സജ്ജീകരിക്കും. ഇതിന്റെ ഭാഗമായി ഈ ക്ലാസ് മുറികള്‍ക്ക് ആവശ്യം വേണ്ടുന്ന വൈദ്യുതീകരണവും അടച്ചുറപ്പും നവീകരണവും സൃഷ്ടിക്കും. ഓരോ സ്‌കൂളിലും ഉണ്ടാക്കുന്ന പഠന സാമഗ്രികള്‍ ഒരു പൊതുസര്‍വറില്‍ ലഭ്യമാക്കുകയും മറ്റുളളവര്‍ക്ക് ഉപയോഗപ്പെടുത്താനുളള സൗകര്യമുണ്ടാക്കുകയും ചെയ്യും. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 500 കോടി രൂപ അനുവദിച്ചു. നടപ്പുവര്‍ഷം ഇതിന് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പരിശീലനത്തിനും മറ്റും ആവശ്യമായ പണം നിലവിലുളള സ്‌കൂള്‍ ഐ ടി പദ്ധതികളില്‍ നിന്ന് കണ്ടെത്തേണ്ടതാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടേറ്റുകള്‍ക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിന് 20 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും വകയിരുത്തി. നടപ്പ്‌വര്‍ഷം അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുളള പ്രത്യേക സ്‌കീമുകളും ബജറ്റില്‍ പറയുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍്ക്കുളള ധനസഹായം, സ്‌പെഷ്യല്‍ ടീച്ചേഴ്‌സിനുളള പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ധനസഹായം, സ്‌പെഷ്യല്‍ ടീച്ചേഴ്‌സിനുളള പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള ധനസഹായം എന്നിവ ഈ സ്‌കീമുകളില്‍ പെടുന്നു. ഭിന്നശേഷിക്കാരായ 41,949 കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലുണ്ട്. ഇവര്‍ക്ക് പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്കും 500 രൂപയും യൂനിഫോമിന് 750 രൂപയും യാത്രക്ക് 1000 രൂപയും എസ്‌കോര്‍ട്ടിന് 1000 രൂപയും റീഡര്‍ക്ക് 750 രൂപയും പ്രതിവര്‍ഷം നല്‍കും. സ്‌കൂളുകളെ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, പ്രവൃത്തിപരിചയം, എന്നിവയുടെ ഹബ്ബാക്കി മാറ്റുന്നതിനുളള പ്രത്യേക പദ്ധതിയും ബജറ്റില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വലിയതോതില്‍ പൊതുനിക്ഷേപം ഉയര്‍ത്തും. സര്‍വകലാശാലകള്‍ക്ക് അധിക സഹായം നല്‍കും. സംസ്ഥാനത്തുളള 52 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകള്‍ക്കും രണ്ട് വര്‍ഷം കൊണ്ട് ഏറ്റവും വലിയ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കും. ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിനെയും എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, എന്നീ കോളജുകളെ ഡിജിറ്റല്‍ കോളജുകളായും മികവിന്റെ കേന്ദ്രങ്ങളായും മാറ്റും. ഇതിനായി പ്രത്യേക നിക്ഷേപനിധിയില്‍ നിന്ന് 150 കോടി അനുവദിച്ചു. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ പുതിയ കോളജുകളോ കോഴ്‌സുകളോ അനുവദിക്കാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്ലാന്റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ കോളജുകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ രണ്ട് വീതം ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കും. കുടിശ്ശികയായ വിദ്യാഭ്യാസവായ്പ തിരിച്ചടക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. ഇതിനായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി.