Connect with us

Malappuram

ഓരൊടം പാലം - വൈലോങ്ങര ബൈപ്പാസിന് 10 കോടി

Published

|

Last Updated

പെരിന്തല്‍മണ്ണ: ഓരൊടം പാലം – വൈലോങ്ങര ബൈപ്പാസിന് ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. ഈ റോഡ് പ്രവര്‍ത്തികമാകുന്നതോടെ ക്ഷേത്ര നഗരിയായ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ദേശീയപാത 213 നെയും ദേശീയപാത 47 നെയും ബന്ധിപ്പിക്കുന്ന ഹൈവേ ടൂ ഹൈവേ ലിങ്ക് റോഡായ വളാഞ്ചേരി – അങ്ങാടിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന ഈ ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ വളരെ ഉപകാര പ്രദമാകും.
അങ്ങാടിപ്പുറം – കോട്ടക്കല്‍ റോഡ് ജംഗ്ഷനിലേക്കാണ് ഈ ബൈപ്പാസ് ചെന്നെത്തുക. അതേ സമയം 2011 ലെ ബജറ്റില്‍ അനുവദിച്ച അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഓരൊടം പാലം – മാനത്ത് മംഗലം ബൈപ്പാസും ഇതൊടൊപ്പം നടപ്പിലാക്കിയാല്‍ ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്കും അങ്ങാടിപ്പുറം – പെരിന്തല്‍മണ്ണ ടൗണുകളെ ബന്ധപ്പെടാതെ പോകാനാകും .
മക്കരപ്പറമ്പ് ബൈപ്പാസിനും ബജറ്റില്‍ 10 കോടി അനുവദിച്ചു. നാലര കിലോ മീറ്ററോളം ദൈര്‍ഘ്യത്താല്‍ നാറാണത്ത് നിന്ന് കടുങ്ങോത്തേക്കാണ് ഈ ബൈപ്പാസ് . ഇതിന് 18 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയതെങ്കിലും 10 കോടി ഇപ്പോള്‍ അനുവദിച്ചു. ഇതോടെ ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും.
ദേശീയ പാത 213 ല്‍ മലപ്പുറത്തിനും പെരിന്തല്‍മണ്ണക്കുമിടയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് മക്കരപറമ്പ്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ടൗണുകള്‍. ഈ ബൈപ്പാസുകള്‍ എല്ലാം തന്നെ യാഥാര്‍ഥ്യമായാല്‍ നിലവില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് കണക്ക് കൂട്ടല്‍.

Latest