Connect with us

Kerala

കണാതായവരില്‍ അഞ്ചു പേര്‍ക്ക് ഇസില്‍ ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ്

Published

|

Last Updated

ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന ഈസ, ഈസയുടെ ഭാര്യ നിമിഷ എന്ന ഫാത്തിമ

തിരുവനന്തപുരം: കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസിലുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. കാസര്‍കോട് നിന്ന് കാണാതായവരില്‍ അഞ്ചുപേര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവരുടെ വീടുകളില്‍ നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാസപോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. നാലു ഫോണ്‍ നമ്പറുകളില്‍ നിന്നാണ് ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഇതില്‍ മൂന്നെണ്ണം വിദേശ നമ്പറുകളും ഒരെണ്ണം ഇന്ത്യയിലേതുമാണ്. എന്നാല്‍ ഈ നമ്പറുകള്‍ എല്ലാം തന്നെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

അതേ സമയം കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യ അന്വേഷണ ഏജന്‍സിയായ റോ സ്ഥിരീകരിച്ചു. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നേരത്തെ 16 പെരെ കാണാതായെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും റോ വ്യക്തമാക്കി. കാസര്‍കോട് നിന്നും 15 പേരെയും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നാലുപേരെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാണാതായ പതിനഞ്ചു പേരും ഒറ്റസംഘമായോ ചെറിയ ഗ്രൂപ്പുകളായോ കഴിയുന്നതായാണ് കരുതുന്നത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ റാഷിദ് (29) ആണ് കേരളത്തില്‍ ഇസിലിന്റെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. ബംഗളൂരുവില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ അബ്ദുല്‍ റാഷിദ് മുംബയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് ഒരു മാസം മുന്‍പാണ് വീട്ടില്‍നിന്നു ഭാര്യ സോണിയ സെബാസറ്റിയന്‍ എന്ന ആയിഷയോടൊപ്പം പുറപ്പെട്ടത്. പാലക്കാട് യാക്കര സ്വദേശി ഈസയേയും ഭാര്യയും തിരുവനന്തപുരം മണക്കാട് സ്വദേശിയും കാസര്‍കോട്ടെ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരിചയപ്പെടുത്തിയത് റാഷിദാണ്. പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്ലാസിലെത്തിച്ചതും റാഷിദാണ്. ഇജാസിന്റെ ഭാര്യ റഫീലയേയും മകളേയും കാണാതായിട്ടുണ്ട്. ഇജാസിന്റെ സഹോദരന്‍ ഷിയാസും കുടുംബവും മുംബൈയിലേക്കെന്നു ബന്ധുക്കളെ അറിയിച്ചാണ് പുറപ്പെട്ടത്.
ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയാണ് ഫാത്തിമ. കാസര്‍കോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റല്‍ കോളേജിലാണ് ഇവരൊന്നിച്ച് പഠിച്ചിരുന്നത്. ഇജാസ് രണ്ടുവര്‍ഷം മുമ്പാണ് തിരുവള്ളൂരിലെ മെഡിക്കല്‍ സെന്ററിലെത്തിയത്. ഇടക്കാലത്ത് ഇവിടെ ഇല്ലായിരുന്നുവെങ്കിലും വീണ്ടും എത്തി. ഒന്നരമാസം മുമ്പാണ് ഇയാള്‍ ഇവിടെനിന്നുപോയതെന്ന് സ്ഥാപനയുടമ പൊലീസിന് മൊഴിനല്‍കി. പുറത്തേക്കു പോകേണ്ടതിനാല്‍ രണ്ടുമാസം അവധി വേണമെന്നാണ് ആവശ്യപ്പെട്ടത്. സൗമ്യനായി പെരുമാറിയിരുന്ന ഡോക്ടറെക്കുറിച്ച് സ്ഥാപനയുടമ ഉള്‍പ്പെടെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പുറമേയുള്ളവരോട് അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.

Latest