Connect with us

International

ദക്ഷിണ സുഡാനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വെടിവെപ്പ്; 150 സൈനികര്‍ മരിച്ചു

Published

|

Last Updated

ജുബ: ദക്ഷിണ സുഡാനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ നടന്ന വെടിവെപ്പില്‍ 150 സൈനികര്‍ മരിച്ചു. രാജ്യത്തിന്റെ അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ പ്രസിഡന്റിന്റെ വസതിക്ക് മുമ്പിലാണ് ആക്രമണം തുടങ്ങിയത്.

പ്രസിഡന്റ് സല്‍വാ കിര്‍, രാജ്യത്തെ ആദ്യ വൈസ് പ്രസിഡന്റും മുന്‍ വിമത നേതാവുമായ റീക് മച്ചറുമായി കൂടിക്കാഴ്ച നടക്കുമ്പോഴായിരുന്ന ആക്രമണമുണ്ടായത്. പിന്നീട് ആക്രമണം നഗരം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുമ്പിലുള്ള പൂന്തോട്ടത്തില്‍ നിരവധി സൈനികര്‍ മരിച്ചു കിടക്കുന്ന ദൃശ്യം അല്‍ ജസീറ പുറത്തുവിട്ടു. സൈനികര്‍ മരിച്ചവരുടെ ശരീരം പരിശോധനക്ക് വിട്ടുതരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
2011 ജൂലൈ ഒമ്പതിനാണ് ദക്ഷിണ സുഡാന്‍ പഴയ സുഡാനില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ രാജ്യമായത്. ഇത് സംബന്ധിച്ച ഹിതപരിശോധനയില്‍ പുതിയ രാജ്യം വേണമെന്ന ആവശ്യത്തിന് നൂറ് ശതമാനം വോട്ട് ലഭിച്ചിരുന്നു.

മരിച്ചവരില്‍ അധികപേരും സൈനികരാണ്. അക്രമണത്തില്‍ ഭയന്ന് ജനം ഇന്നലെ വീടുകളില്‍ നിന്ന് പുറത്തിറിങ്ങിയിട്ടില്ല. നഗരം പൊതുവെ ആളൊഴിഞ്ഞ നിലയിലായിരുന്നു. പൗരന്മാര്‍ ശാന്തരായി ഇരിക്കണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു.

ജുബയിലെ ആളുകള്‍ ഇപ്പോള്‍ സുരക്ഷിതമായ അവസ്ഥയിലല്ലാത്തതിനാല്‍ ആരും തന്നെ നഗരത്തിലേക്ക് ഇറങ്ങുന്നില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 25,000 അഭയാര്‍ഥികള്‍ താമസിക്കുന്ന ജുബയിലെ യു എന്‍ അഭയാര്‍ഥി ക്യാമ്പിന് സമീപം വെള്ളിയാഴ്ച രാത്രി തന്നെ വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ 40 പേര്‍ക്ക് പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest