Connect with us

Gulf

ഖത്വരി ഓട്ടക്കാരന്‍ ലോക റെക്കോര്‍ഡില്‍ ഡസന്‍ തികക്കാന്‍ തയാറെടുക്കുന്നു

Published

|

Last Updated

ദോഹ: മാരത്തണ്‍ ഓട്ടക്കാരനായ ഖത്വരി പ്രവാസി തന്റെ ലോക റെക്കോര്‍ഡുകളുടെ എണ്ണം ഒരു ഡസന്‍ തികക്കാനൊരുങ്ങുന്നു. ബേങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയായ 42 കാരന്‍ സിയാദ് റഹീം ആണ് ലോകാംഗീകാരങ്ങളില്‍ റെക്കോര്‍ഡിനോടടുക്കുന്നത്. തുടര്‍ച്ചയായ ദിനങ്ങളില്‍ ദീര്‍ഘദൂരം ഓടുന്നയാള്‍, ഭൂഖണ്ഡങ്ങളില്‍ അതിവേഗം ദൂരം താണ്ടല്‍ തുടങ്ങിയ അംഗീകാരങ്ങളാണ് സിയാദ് സ്വന്തമാക്കുന്നത്. ദീര്‍ഘദൂര ഓട്ടത്തില്‍ റെക്കോര്‍ഡുകളുടെ പരമ്പരകളാണ് റഹീമിന്റെ വിനോദം. ഇപ്പോള്‍ പ്രാദേശികമായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. സ്‌കൂള്‍ പഠനകാലത്തു തുടങ്ങിയതാണ് സിയാദിന്റെ ഓട്ടപ്രിയം.
പാക്കിസ്ഥാനിലെ സ്‌പോര്‍ട്‌സിനു പ്രാമുഖ്യം കൊടുക്കുന്ന സ്ഥാപനമായ ഐച്ച്‌സണ്‍ കോളജില്‍ പഠനവും പരിശീലനവും നേടിയ അദ്ദേഹം പഠനകാലത്തു തന്നെ ഓട്ടത്തില്‍ മികവു കാട്ടിത്തുടങ്ങി. എന്നാല്‍ സ്‌പോര്‍ട്‌സിനെ ഗൗരവമായി എടുക്കാന്‍ അദ്ദേഹം സന്നദ്ധമായില്ല. മറ്റു പാക്കിസ്ഥാനി യുവാക്കളെപ്പോലെ ക്രിക്കറ്റിലായിരുന്നു പ്രിയം. ജോലിക്കും പഠനത്തിനുമായി കാനഡയിലെത്തിയപ്പോഴാണ് ഓട്ടത്തില്‍ താത്പര്യം കാണിച്ചത്. 27 ാം വയസ്സിലാണ് ആദ്യത്തെ മാരത്തണ്‍ ഓടിയത്. ടൊറന്റോയിലായിരുന്നു സംഭവം. 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം അതി കഠിനമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ ഓട്ടത്തോടെ താത്പര്യം ജനിച്ചു. അങ്ങനെ എട്ടു ആഴ്ചക്കിടെ ആറു ഹാഫ് മാരത്തണ്‍ കൂടി ഓടി. തുടര്‍ന്ന് സങ്കീര്‍ണതകള്‍ നിറഞ്ഞ ഓട്ടങ്ങള്‍ക്കായി യാത്രകള്‍ ചെയ്തു. കുടുംബത്തോടൊപ്പമായിരുന്നു യാത്രകള്‍.
പിന്നീടാണ് മാരത്തണില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുക എന്ന ആഗ്രഹവുമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. എല്ലാ ഭൂഖണ്ഡങ്ങളിലും ഉത്തര ധ്രുവത്തിലും ഓടുക എന്നതായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് ഖത്വറിലെത്തിയത്. ഓരോ വാരാന്ത്യത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാരത്തണുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ചകളില്‍ രാവിലെ ദോഹയിലെത്തുന്ന അദ്ദേഹം നേരേ ജോലിക്കായി ഓഫീസിലേക്കാണ് പോകുക. തുടര്‍ച്ചയായ ഏഴ് ആഴ്ചകള്‍ ഈ വിധം പ്രവര്‍ത്തിച്ചാണ് സിര്‍പസ്, യു എസ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ജോര്‍ദാന്‍, ഉത്തരധ്രുവം എന്നിവിടങ്ങളില്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. നേരത്തേ 324 ദിവസമെടുത്തു സൃഷ്ടിച്ചിരുന്ന ലോക റെക്കോര്‍ഡ് 41 ദിവസം എന്ന ചരിത്രം സൃഷ്ടിച്ചാണ് സിയാദ് റഹീം തിരുത്തിയത്. ആര്‍ക്കും മറികടക്കാന്‍ പറ്റാത്ത ഉയരത്തിലുള്ള റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് അദ്ദേഹം പറയുന്നു. സഹാറ മരുഭൂമിയിലും സിയാദ് തന്റെ ഓട്ടത്തിലെ അത്ഭുതം സൃഷ്ടിച്ചു. ഓരോ ഭൂഖണ്ഡത്തിലും കുറഞ്ഞത് 50 കിലോമീറ്റര്‍ വീതം ഓടിയാണ് അദ്ദേഹം തന്റെ ചരിത്രം കുറിച്ചത്. മഴയും വെള്ളവുമെല്ലാം തരണം ചെയ്തായിരുന്നു ഓട്ടം. രണ്ടു വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം പത്ത് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയതെന്ന സവിശേഷതയുമുണ്ട്. ഇപ്പോള്‍ പുതിയ വെല്ലുവിളികളും പുതിയ റെക്കോര്‍ഡുകളുമാണ് റഹീം ഏറ്റെടുക്കുന്നത്. തന്റെ കുട്ടികള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഈ സമയത്ത് അവരില്‍നിന്നും കൂടുതല്‍ കാലം അകന്നു നില്‍ക്കാന്‍ കഴിയില്ലെന്നതു കൊണ്ടാണ് ഖത്വറില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest