Connect with us

Gulf

മാലിന്യ നിര്‍മാര്‍ജനത്തിന്റെ നല്ല മാതൃകയുമായി ഖത്വര്‍ കമ്പനി

Published

|

Last Updated

ദോഹ: മാലിന്യ നിര്‍മാര്‍ജനത്തിന് പുത്തന്‍ രീതി അവലംബിച്ച് ഖത്വറിലെ ജ്യൂസ് കമ്പനി. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജ്യൂസിന്റെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെവാങ്ങി റീസൈക്കിള്‍ ചെയ്യുകയാണ് റോ മിഡില്‍ ഈസ്റ്റ് കമ്പനി. മാലിന്യ നിര്‍മാര്‍ജനത്തിന് പുത്തന്‍ രീതികള്‍ അവലംബിക്കുന്ന കൂടുതല്‍ കമ്പനികള്‍ രാജ്യത്ത് വേണമെന്ന് റോ മിഡില്‍ ഈസ്റ്റ് കമ്പനി സ്ഥാപക ലൈല അല്‍ ദുരാനി ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലും ബ്രിട്ടനിലും പ്രകൃതി സൗഹാര്‍ദ മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ലഭ്യമാണെന്ന് അവര്‍ പറയുന്നു. തിരികെ നല്‍കുന്ന ഓരോ ബോട്ടിലിനും ഒരു റിയാല്‍ വെച്ച് അടുത്ത ഓര്‍ഡറില്‍ റോ മിഡില്‍ ഈസ്റ്റ് കമ്പനി ഓഫര്‍ നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് ബോട്ടില്‍ കൂടാതെ റീസൈക്കിള്‍ ചെയ്യാവുന്ന ഡെലിവറി ബാഗുകളും കമ്പനി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ കമ്പനിക്ക് സാമ്പത്തിക ലാഭമില്ലെങ്കിലും സുസ്ഥിര കമ്പനിയാകാനുള്ള ശ്രമമാണിത്. തിരികെ വാങ്ങുന്ന ബോട്ടിലുകള്‍ക്ക് പണം നല്‍കുന്ന രാജ്യത്തെ ഏക കമ്പനിയാണ് തങ്ങളുടെതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത് ഉപഭോക്താക്കള്‍ക്കും താത്പര്യമുള്ളതായതിനാല്‍ റീസൈക്ലിംഗ് കാര്യക്ഷമമാകുന്നു.
സുസ്ഥിര വികസനവും അതിനുള്ള വഴികളും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും കമ്പനി മുന്‍പന്തിയിലാണ്. കാര്യക്ഷമമായ ലൈറ്റിംഗ് ഉപയോഗം, കുറഞ്ഞ വാതകം പുറന്തള്ളുന്ന പുതിയ വാഹനങ്ങള്‍ ഉപയോഗിക്കുക, കമ്പനിയുട പ്രവര്‍ത്തന ദിവസവും ഊര്‍ജ ഉപഭോഗവും കുറക്കുന്നതിന് സമയംലാഭിക്കാവുന്ന ഷെഡ്യൂളുകള്‍ തുടങ്ങിയവയിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും കമ്പനി പാലിക്കുന്നുണ്ട്.
മാലിന്യങ്ങളും മറ്റ് ഉപോത്പന്നങ്ങളും കംപോസ്റ്റ് ആവശ്യത്തിന് കര്‍ഷകര്‍ക്ക് കൈമാറുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനും റിസൈക്ലിംഗിനും പൊതു- സ്വകാര്യ മേഖയില്‍ നിന്ന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്ന് ഈ ഖത്വരി- അമേരിക്കന്‍ സംരംഭക ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ദിനംപ്രതി 3000 ടണ്‍ വീട്ടുമാലിന്യം മാത്രം മുനിസിപ്പാലിറ്റികള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിര്‍മാണയിടങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ ഇതില്‍ പെടില്ല. ഉം സഈദില്‍ സ്ഥാപിച്ച ഇന്റഗ്രേറ്റഡ് ഡൊമസ്റ്റിക് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സെന്ററില്‍ പ്രതിദിനം 750 ടണ്‍ മാലിന്യം പുനരുത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. സെന്ററിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.