Connect with us

National

വൈ-ഫൈ, സി സി ടി വി; ട്രെയിനുകള്‍ ആധുനികവത്കരിച്ച് ഇന്ത്യന്‍ റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: വൈ-ഫൈ, സി സി ടി വി ക്യാമറ, ബ്രൈലി ഡിസ്‌പ്ലെ തുടങ്ങിയ ആധുനിക സംവിധാനങ്ങടങ്ങിയ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ എത്തുന്നു. ലോകോത്തര യാത്രയുടെ അനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യവുമായാണ് തേജസ്, ഹംസഫര്‍ ട്രൈയിനുകള്‍ ചൂളം വിളിച്ച് ഓടുക. ഈ വര്‍ഷം സുവര്‍ണ നിറമുള്ള ട്രൈയിനാണ് നിരത്തിലിറക്കുക. ട്രെയിനിനകത്ത് ആകാശത്തിന്റെയും ഭൂമിയുടെയും നിറങ്ങളുമായിരിക്കും ഉണ്ടാകുക.
ട്രെയിനിന്റെ കോച്ചുകളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. ഹംസഫര്‍, അന്ത്യോദയ, ദീന്‍ദയാലു എന്നീ ട്രെയിനുകളിലെ കോച്ചുകളുടെ ഘടന സംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും നിര്‍മാണ യൂനിറ്റ് അധികൃതരോട് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയര്‍ കാര്‍, എസി 3 ടയര്‍ കോച്ചുകളാണ് തേജസ് ട്രെയിനില്‍ ഉണ്ടാകുക. മൊബൈല്‍ ഫോണുകള്‍ വെക്കാനുള്ള സോക്കറ്റ്, ഓരോ യാത്രക്കാരനെയും ആസ്വദിപ്പിക്കാന്‍ കഴിയുന്ന സ്‌ക്രീനുകള്‍, എല്‍ ഇ ഡി ബോര്‍ഡുകള്‍ തുടങ്ങിയ 22 ആധുനിക സൗകര്യങ്ങള്‍ തേജസ് ട്രെയിനില്‍ ലഭ്യമാകും. വൈ ഫൈ സംവിധാനം, ബ്രെയിലി ഡിസ്‌പ്ലെ, ശുചിമുറിയിലെ വെള്ളത്തിന്റെ ലെവല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഇന്‍ഡികേറ്റര്‍, സ്റ്റേഷനുകളെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡ്, ഇലക്ട്രോണിക് പാസഞ്ചര്‍ റിസര്‍വേഷന്‍ ചാര്‍ട്ട് എന്നിവ തേജസ് ട്രെയിനില്‍ ഉണ്ടാകും. തേജസ് ട്രെയിനില്‍ കോഫി വെന്‍ഡിംഗ് മെഷീന്‍, കലാരൂപങ്ങള്‍ വാങ്ങാനുള്ള സംവിധാനം, മാഗസിനുകള്‍, സ്‌നാക്ക് ടേബിള്‍ എന്നിവയുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തേജസ്, ഹംസഫര്‍ ട്രെയിനുകളില്‍ സി സി ടി വിയും തീപിടിത്തം കണ്ടുപിടിക്കാനുള്ള സംവിധാനവുമുണ്ടായിരിക്കും. കഴിഞ്ഞ ബജറ്റിലാണ് അന്തോദയ, തേജസ്, ഹംസഫര്‍ എക്‌സ്പ്രസുകള്‍ പ്രഖ്യാപിച്ചത്.