Connect with us

National

കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു; മരണം 20 ആയി

Published

|

Last Updated

curfew-kashmir.jpg.image.784.410

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തിയ റോഡ് പോലീസുകാര്‍ പുനഃസ്ഥാപിക്കുന്നു

ശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇരുപതായി. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇന്നലെ മരിച്ചു. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ പല ജില്ലകളിലും കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് ഇന്നലെയും തുടര്‍ന്നു. അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ രാജ്‌നാഥ് സിംഗ്, സംസ്ഥാന സര്‍ക്കാറിന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി. പ്രതിഷേധക്കാര്‍ ശാന്തരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
അനന്ത്‌നാഗ് ജില്ലയില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനം ഝലം നദിയിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് പോലീസ് ഡ്രൈവര്‍ മരിച്ചു. മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. പുല്‍വാമ ജില്ലയിലെ ലിത്തറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനേഴുകാരനായ ഇര്‍ഫാന്‍ അഹ്മദ് മാലിക്കും മരിച്ചവരില്‍ ഉള്‍പ്പെടും. കര്‍ഫ്യൂ വകവെക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇര്‍ഫാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന് ഇരു കാലുകളിലും തീവ്രവാദികളുടെ വെടിയേറ്റു.
ദംഹാല്‍ ഹാന്‍ജിപോറയില്‍ ശനിയാഴ്ച പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനിടെ കാണാതായ മൂന്ന് പോലീസുകാരെ ഇതുവരെ കണ്ടെത്തിയില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി നഈം അക്തര്‍ പറഞ്ഞു. അനന്ത്‌നാഗില്‍ പോലീസ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിനിടെ മൂന്ന് യുവാക്കള്‍ക്ക് പരുക്കേറ്റു. പി ഡി പി. എം എല്‍ എയുടെ വസതിയും ബി ജെ പി ഓഫീസുകളും ആക്രമിക്കപ്പെട്ടു.
നാല് പോലീസ് സ്റ്റേഷനുകള്‍ക്കും രണ്ട് പോലീസ് പിക്കറ്റിംഗ് കേന്ദ്രങ്ങള്‍ക്കും തഹസില്‍ദാറുടെ ഓഫീസിനും അക്രമികള്‍ തീവെച്ചതായി എ ഡി ജി (സി ഐ ഡി) എസ് എം സഹായ് പറഞ്ഞു. വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാശ്മീര്‍ താഴ്‌വരയില്‍ ബന്ദിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് കാശ്മീര്‍ താഴ്‌വര വിടുന്നതിനായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്.
പോലീസും സൈന്യവും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച കൊകേര്‍നാഗ് പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുല്‍ കമാന്‍ഡറായ ബുര്‍ഹാന്‍ മുസാഫര്‍ വാനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. വാനിയുടെ ഖബറടക്ക ചടങ്ങിനു പിന്നാലെയാണ് വടക്കന്‍ ജില്ലകളായ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭം അരങ്ങേറിയത്.

Latest