Connect with us

Kerala

ശിശുക്ഷേമ സമിതിയിലെ ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ വിവിധ ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശിപാര്‍ശ. സമിതിയിലെ വന്‍ ക്രമക്കേടുകളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പൊതുഭരണ സെക്രട്ടറി ഇ സഹീദ് നേതൃത്വം നല്‍കിയ സംഘമാണ് തുടര്‍ അന്വേഷണത്തിന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.
സമിതിയുടെ നിയമാവലിക്ക് വിരുദ്ധമായും കൃത്രിമ രേഖകള്‍ ചമച്ചും നിരവധി ആജീവാനാന്ത അംഗങ്ങളെ ചേര്‍ത്തതായും പൊതു നിയമന മാനദണ്ഡങ്ങള്‍ മറികടന്ന് 37 പേരെ പിന്‍വാതില്‍ വഴി നിയമിച്ച് സ്ഥിരപ്പെടുത്തിയെന്നുമാണ് ആജീവനാന്ത അംഗങ്ങളായ ടി കെ വിജയകുമാര്‍, സി ഭാസ്‌കരന്‍ എന്നിവര്‍ സര്‍ക്കാറിന് നല്‍കിയ പ്രധാന പരാതികള്‍. സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ സി കുര്യന്‍, ആജീവനാന്ത അംഗങ്ങളായ ബ്ലെയിസ് കെ ജോസ് ചെമ്പഴന്തി അനില്‍ എന്നിവരാണ് ക്രമക്കേടിന് നേതൃത്വം കൊടുത്തതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വിശദ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് പരാതിയില്‍ പറഞ്ഞ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനമില്ലാതെ 868 പേര്‍ക്കാണ് ഒറ്റയടിക്ക് ആജീവനാന്ത അംഗത്വം നല്‍കിയത്. പുതിയ അംഗങ്ങളില്‍ നിന്ന് അംഗത്വ ഫീസ് പിരിക്കുകയോ സമിതിയുടെ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങുകയോ ചെയ്തില്ല. അംഗങ്ങളെ വ്യാജമായി ചേര്‍ക്കുന്നതിനായി സമിതിയുടെ പല രേഖകളും കടത്തിക്കൊണ്ടുപോയി അംഗത്വ രജിസ്റ്ററില്‍ കൃത്രിമം നടത്തി. നിരവധി പേരുടെ ഫോട്ടോകള്‍ മാറ്റി മറ്റ് പലരുടെയും ഫോട്ടോകള്‍ ഒട്ടിച്ചു. രണ്ട് വ്യാജ രജിസ്റ്ററുകള്‍ തന്നെ ഇതിനായി ഉണ്ടാക്കി. അതില്‍ പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തു തുടങ്ങിയവയാണ് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍.
വ്യാജ അംഗങ്ങളില്‍ ചിലര്‍ തങ്ങള്‍ സമിതിയുടെ അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദത്ത് നല്‍കുന്നതിനെ കുറിച്ച് ഉയര്‍ന്ന വ്യാപക പരാതികളെ തുടര്‍ന്ന് 2014 ജൂണില്‍ സമിതിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ജില്ലാ കലക്ടറും ഇക്കാര്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഴുനൂറിലധികം അപേക്ഷകള്‍ ഉള്ളപ്പോള്‍ വളരെക്കുറച്ച് കുട്ടികള്‍ മാത്രമാണ് ദത്ത് അനുവദിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
രേഖകളില്‍ തിരിമറി നടത്തി ധനികരായ ദമ്പതിമാര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് കുട്ടികളെ ദത്ത് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ജോര്‍ദാനില്‍ നിന്നുള്ള ദമ്പതിമാര്‍ക്ക് ദത്ത് അനുവദിച്ചതിലും ക്രമക്കേട് നടന്നു.
നിരവധി ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശിപാര്‍ശയോടെ അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Latest