Connect with us

Business

സ്വര്‍ണ വില കയറിയിറങ്ങി; റബ്ബര്‍ വിപണി തളര്‍ച്ചയില്‍

Published

|

Last Updated

കൊച്ചി: പച്ചത്തേങ്ങയുടെ സംഭരണ വില ഉയര്‍ത്തിയത് ഉത്പാദകരില്‍ പ്രതീക്ഷ പകര്‍ന്നു. റബ്ബര്‍ അവധി വ്യാപാരത്തില്‍ ഉത്പന്നത്തിന് വീണ്ടും കാലിടറിയത് കണ്ട് ടയര്‍ കമ്പനികള്‍ ഷീറ്റ് ശേഖരിക്കുന്നത് കുറച്ചു. ആഗോള വിദേശ അന്വേഷണങ്ങളുടെ അഭാവം കുരുമുളകിന്റെ മുന്നേറ്റത്തിന് തടസ്സമായി. സ്വര്‍ണ വില കയറി ഇറങ്ങി.
പച്ചത്തേങ്ങ സംഭരണ വില ഉയര്‍ത്തിയത് കാര്‍ഷിക കുടുംബങ്ങള്‍ക്ക് ആശ്വാസമാവും. പച്ചത്തേങ്ങ സംഭരണ വില കിലോഗ്രാമിന് 27 രൂപയായി ബജറ്റില്‍ വര്‍ധിപ്പിച്ചത് പുതിയ സാഹചര്യത്തില്‍ ഗ്രാമീണ മേഖല കൂടുതല്‍ ചരക്ക് സംഭരണം നടത്തുന്ന സഹകരണ സംഘങ്ങളിലേക്ക് നീക്കാം. തെളിഞ്ഞ കാലാവസ്ഥ നേട്ടമാക്കി പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടക്കുന്നുണ്ട്. കൊപ്രയുടെ ലഭ്യത മുന്‍ നിര്‍ത്തി മില്ലുകാര്‍ വെളിച്ചെണ്ണ വില്‍പ്പനക്ക് ഉത്സാഹിച്ചു. 7600 ല്‍ വില്‍പ്പനക്ക് തുടക്കം കുറിച്ച കൊച്ചി വിപണി വാരാന്ത്യം 7550 ലാണ്. കൊപ്ര വില 5165 രൂപ. ആഗോള റബ്ബര്‍ വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബ്ബര്‍ വില മൂന്നാഴ്ചകളിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് പെടുന്നനെ ഇടിഞ്ഞത് ലോക മാര്‍ക്കറ്റില്‍ റബ്ബറിലെ ആകര്‍ഷണം കുറച്ചു. വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകളുടെ ചുവട് പിടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റും തളര്‍ന്നു. ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര ഷീറ്റ് സംഭരണത്തില്‍ കാണിച്ച തണുപ്പന്‍ മനോഭാവം കൊച്ചി, കോട്ടയം വിപണികളെ ഒരു പോലെ തളര്‍ത്തി. മലബാര്‍ മേഖല പെരുന്നാള്‍ ആഘോഷങ്ങളില്‍ അമര്‍ന്ന് നിന്നതിനാല്‍ ഷീറ്റ് നീക്കം നാമമാത്രമയിരുന്നു. വ്യവസായിക ഡിമാന്‍ഡ് മങ്ങിയതോടെ നാലാം ഗ്രേഡ് ഷീറ്റ് വില 14,100 ല്‍ നിന്ന് 13,900 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 13,500 ല്‍ ക്ലോസിംഗ് നടന്നു. ഒട്ടുപാല്‍ 8800 രൂപയിലും ലാറ്റക്‌സ് 9200 ലുമാണ്. ഇതിനിടയില്‍ അനുകൂല കാലാവസ്ഥ കണക്കിലെടുത്ത് റബര്‍ ടാപ്പിംഗ് ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍.
സീസണ്‍ കഴിഞ്ഞതിനാല്‍ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് കുറവാണ്. ഇത് വില ഉയര്‍ത്താന്‍ ഏലക്ക വാങ്ങാന്‍ ഇടപാടുകാരെ പ്രേരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏലക്കക്ക് അന്വേഷണങ്ങളുണ്ട്. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യക്കാര്‍ കുരുമുളക് വിപണിയില്‍ നിന്ന് അകന്നതിനാല്‍ ഉത്പന്ന വില രണ്ടാം വാരത്തിലും സ്‌റ്റെഡി. വരവ് ചുരുങ്ങിയിട്ടും വാങ്ങല്‍ താല്‍പര്യം കുറഞ്ഞത് മുന്നേറ്റത്തിന് തടസ്സമായി. വിദേശ വ്യാപാരത്തിലെ തളര്‍ച്ച മൂലം കയറ്റുമതി മേഖലയില്‍ നിന്നും മുളകിന് ആവശ്യക്കാരില്ല. സ്വര്‍ണ വില കയറി ഇറങ്ങി. 22,440 രൂപയില്‍ വില്‍പ്പനയാരംഭിച്ച പവന്‍ വാരമധ്യം 22,720 ലേക്ക് കയറി. ശനിയാഴ്ച പവന്‍ 22,640 രൂപയിലാണ്. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1345 ഡോളറില്‍ നിന്ന് 1365 ഡോളറായി.

---- facebook comment plugin here -----

Latest