Connect with us

Business

രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു; അമേരിക്കന്‍ ഓഹരി കരുത്തില്‍

Published

|

Last Updated

നിക്ഷേപകര്‍ ഉയര്‍ന്ന റേഞ്ചിലെ പ്രോഫിറ്റ് ബുക്കിംഗ് ഉത്സാഹിച്ചത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സാങ്കേതിക തിരുത്തലിന് അവസരം നല്‍കി. യു എസ് തൊഴില്‍ മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകള്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് ഉണര്‍വ് ഉളവാക്കാം. അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ കണക്ക് കൂട്ടലുകളെയും മറികടന്ന് തിളക്കമാര്‍ന്ന പ്രകടനമാണ് തൊഴില്‍ മേഖല കാഴ്ച്ചവെച്ചത്. ജൂണില്‍ യു എസ് സമ്പദ്‌മേഖല 1.75 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങളാണ് കണക്ക് കൂട്ടിയെതെങ്കിലും 2.78 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായത് അമേരിക്കന്‍ ഓഹരി വിപണിക്ക് കരുത്തു സമ്മാനിച്ചു.
ഇന്ത്യന്‍ മാര്‍ക്കറ്റ് വാരത്തിന്റെ ആദ്യപകുതിയില്‍ കരുത്ത് കാണിച്ചെങ്കിലും നിക്ഷേപരുടെ ലാഭമെടുപ്പ് മൂലം പിന്നീട് മികവിന് അവസരം ലഭിച്ചില്ല. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞവാരവും മുന്‍ നിര ഓഹരികളിലെ താല്‍പര്യം നിലനിര്‍ത്തി. ഫോറെക്‌സ് മാര്‍ക്കറ്റിലേക്ക് ഡോളര്‍ പ്രവഹിച്ചിട്ടും രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. രൂപയുടെ വിനിമയ നിരക്ക് 67.32 ല്‍ നിന്ന് 67.37 ലേക്ക് താഴ്ന്നു.
കോര്‍പറേറ്റ് മേഖല ഈ വാരം ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് തുടങ്ങും. ഇന്‍ഫോസീസ് ടെക്‌നോളജിയും ആര്‍ ഐ എല്‍ യും വെള്ളിയാഴ്ച അവരുടെ പ്രവര്‍ത്തന ഫലം പുറത്തുവിടും. കാലവര്‍ഷം സജീവമായതിനാല്‍ കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തുമെന്നും കോര്‍പറേറ്റ് ഫലങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ സെന്‍സെക്‌സ് 28,000 ലേക്കും നിഫ്റ്റി 8500 ലേക്കും ഉയര്‍ത്താം.
നിഫ്റ്റി സൂചിക 8292-8398 റേഞ്ചില്‍ ചാഞ്ചാടിയ ശേഷം വാരാന്ത്യം 8323 ലാണ്. ഈ വാരം നിഫ്റ്റിക്ക് 8383 ലും 8443 ലും പ്രതിരോധമുണ്ട്. തിരിച്ചടി നേരിട്ടാല്‍ 8277-8231 ലെ താങ്ങില്‍ പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ സൂചിക 8171 വരെ സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാം.
ബോംബെ സെന്‍സെക്‌സ് 27,048 ല്‍ നിന്ന് 27,380 വരെ ഉയര്‍ന്ന ശേഷം ക്ലോസിംഗില്‍ മുന്‍വാരത്തെ അപേക്ഷിച്ച് 18 പോയിന്റ് നഷ്ടത്തില്‍ 27,127 ലാണ്. ഇന്ന് 27,322 ന് മുകളില്‍ ക്ലോസിംഗിന് ഇടം കണ്ടെത്തിയാല്‍ സൂചികയുടെ ലക്ഷ്യം 27,517-27,654 പോയിന്റാവും. എന്നാല്‍ ലാഭമെടുപ്പ് തുടര്‍ന്നാല്‍ 26,990-26,853 റേഞ്ചിലേക്ക് തിരിയാം.
മുന്‍ നിര ഓഹരികളായ ടാറ്റാ മോട്ടേഴ്‌സ്, ഡോ: റെഡീസ്, സിപ്ല എന്നിവയുടെ നിരക്ക് ഉയര്‍ന്നപ്പോള്‍ എയര്‍ടെല്‍, ഭെല്‍, എല്‍ ആന്‍ഡ് ടി ഓഹരി വിലകള്‍ താഴ്ന്നു. വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം 479.02 കോടി രൂപയുടെ നിക്ഷേപം നടത്തി.

Latest