Connect with us

Editorial

ഇസില്‍ കേരളത്തിലും?

Published

|

Last Updated

ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്ന ഇസില്‍(ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവന്ത്) എന്ന ഭീകരസംഘടന ഇപ്പോള്‍ കേരളത്തെയും ഭീതിയിലാഴ്ത്തിരിക്കയാണ്. കേരളത്തില്‍ അടുത്തിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ചിലര്‍ക്ക് ഇസിലുമായി ബന്ധമുള്ളതായാണ് വാര്‍ത്ത. വിവിധ ഭാഗങ്ങളില്‍ എട്ട് ദമ്പതിമാരടക്കം 21 പേരാണ് ഈയിടെയായി സംസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ഇവരെല്ലാവരും ഇസിലിന്റെ വലയില്‍ അകപ്പെട്ടവരാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഞ്ച് പേരെങ്കിലും സംഘടനയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കാണാതായവരില്‍ ചിലര്‍ സിറിയയിലും അഫ്ഗാനിലും എത്തിയതായും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
അല്‍ഖാഇദ, നൈജീരിയയിലെ ബോക്കോ ഹറാം, ഫിലിപ്പിന്‍സിലെ അബൂസയ്യാഫ്, സോമാലിയയിലെ അശ്ശബാബ്, പാക്കിസ്ഥാനിലെ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ഇറാഖിലെ തൗഹീദ് ആന്‍ഡ് ജിഹാദ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തലെ ജമാഅത്തെ ഇസ്‌ലാമി തുടങ്ങി ഒട്ടനവധി ഭീകര, തീവ്രവാദ സംഘടനകള്‍ ഇസ്‌ലാമിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ ഗണത്തില്‍ സിറിയ ആസ്ഥാനമായി അടുത്ത കാലത്ത് ഉടലെടുത്ത പ്രസ്ഥാനമാണ് ഇസില്‍. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇസ്‌ലാമുമായി ബന്ധമില്ലെങ്കിലും വേഷം ഇസ്‌ലാമികവും പ്രവര്‍ത്തനം ഇസ്‌ലാമിന്റെ പേരിലുമായതിനാല്‍ അവര്‍ കാണിക്കുന്ന കൊടും ക്രൂരതകളുടെയും വൃത്തികേടുകളുടെയും പാപഭാരം പേറാന്‍ ആഗോള മുസ്‌ലിംകള്‍ നിര്‍ബന്ധിതരാകുകയാണ്.

കേരളത്തില്‍ നിന്ന് ഇസിലിലേലേക്ക് ആളുകളെ കൊണ്ടുപോയതിന് പിന്നില്‍ മുജാഹിദ് പ്രവര്‍ത്തകനായ തൃക്കരിപ്പുര്‍ സ്വദേശി അബ്ദൂല്‍ റാശിദ് ആണെന്ന് സൂചനയുള്ളതായും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു റാശിദ്. ഏതാനും നാളുകളായി തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസുകളെന്ന പേരില്‍ ഇയാള്‍ ഇസിലിലേക്ക് പോകാനുളള നീക്കങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് കാണാതായവരില്‍ ഒരാളായ ഡോ. ഇജാസിന്റെ ബന്ധു പറയുന്നത്. പാലക്കാട് നിന്നു കാണാതയ ദമ്പതികളും അബ്ദുല്‍ റാശിദും ജോലി ചെയ്തിരുന്നതും ഓരേ സ്ഥാപനത്തിലായിരുന്നുവെന്നതും ഈ സേന്ദഹത്തിന് ബലമേകുന്നു.

പൊതുവേ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പണ്ഡിതന്മാരുടെ ശക്തമായ നേതൃത്വം കാരണം മറ്റിടങ്ങളിലൊന്നും കാണാനാകാത്ത മികച്ച ഒരു ഇസ്‌ലാമിക അന്തരീക്ഷം ഇവിടുത്തെ പ്രത്യേകതയാണ്. തീവ്രവാദ, ഭീകരവാദ നീക്കങ്ങള്‍ക്കു സംസ്ഥാനത്ത് വേരോട്ടം കുറവാണ്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ രംഗത്ത് വരുമ്പോഴെല്ലാം പണ്ഡിത നേതൃത്വം അവക്കെതിരെ ശക്തയായി പ്രതികരിക്കാറുമുണ്ട്. ഇത്തരം പിഴച്ച ചിന്താഗതിക്കാരോട് വിശ്വാസികള്‍ ബന്ധം പാടില്ലെന്ന് പഴയ കാലം മുതലേ പണ്ഡിതന്മാര്‍ ഉത്‌ബോധിപ്പിച്ചുവരുന്നതാണ്. അടുത്തിടെ ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ തീവ്രവാദവിരുദ്ധ സന്ദേശമുയര്‍ത്തി നടത്തിയ കേരള യാത്ര വന്‍ സ്വീകാര്യത നേടുകയുണ്ടായി.

മലയാളികള്‍ തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുവെന്നത് കേരളീയ സമൂഹത്തെയും അധികൃതരെയും ആശങ്കാകുലരാക്കുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതുപോലെ കാണാതായ മലയാളികളെല്ലാം ഇസിലില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത അപ്പടി വിഴുങ്ങാനായിട്ടില്ല. ദുരൂഹ സാഹചരത്തില്‍ ആളുകള്‍ തിരോഭവിക്കുന്നത് ഇതാദ്യമല്ല. പല വാര്‍ത്തകളും കേവല അഭ്യൂഹങ്ങളുമാകാം. കിട്ടിയ അവസരം ചൂഷണം ചെയ്തു പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. സമഗ്ര അന്വേഷണങ്ങളിലൂടെ ഇവയുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ഇസിലിന്റെ വേരുകള്‍ കേരളത്തിലും എത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അത് പിഴുതെറിയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് തുറന്നുപറഞ്ഞത് ശ്ലാഘനീയമാണ്.

നവസലഫിസത്തിന്റെയും ഇതര മുസ്‌ലിം പുത്തന്‍വാദ സംഘടനകളുടെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇസില്‍ പിന്തുടരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സിറിയയിലും ഇറാഖിലും യമനിലും ബംഗ്ലാദേശിലുമെല്ലാം ഖിലാഫത്തിന്റെ പേര് പറഞ്ഞാണ് മുസ്‌ലിംകളെ ഇസില്‍ കൊന്നൊടുക്കുന്നതെങ്കില്‍ നേരത്തെ സലഫികള്‍ തൗഹീദിന്റെ പേരില്‍ പാരമ്പര്യ മുസ്‌ലിംകളെ കൊന്നൊടുക്കിയതാവാം ഇതിന് പ്രചോദനം.

തങ്ങള്‍ വിഭാവനം ചെയ്യുന്ന ഖിലാഫത്തും തൗഹീദും അംഗീകരിക്കാത്തവരെല്ലാം കൊല്ലപ്പെടണമെന്നാണ് ഇസിലിന്റെ വാദമെങ്കില്‍ തങ്ങളുടെ ഇടുങ്ങിയ തൗഹീദ് അംഗീകരിക്കാത്തവരെല്ലാം മതഭ്രഷ്ടരാണെന്നു ആരോപിച്ചു കൊന്നൊടുക്കിയ ചരിത്രമാണ് സലഫിസത്തിനുള്ളത്. ഇസിലിന് ആധിപത്യമുള്ള മേഖലകളിലെല്ലാം അവര്‍ പുണ്യസ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും തകര്‍ക്കുന്നു, ഇതൊക്കെ തന്നെയാണല്ലോ നവസലഫികളുടെ രീതിയും. നവസലഫിസം രംഗത്ത് വന്നപ്പോള്‍, ഇസ്‌ലാമിനും മുസ്‌ലിംലോകത്തിനും അത് ആപത്താണെന്നും അവരുടെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയതാണ്. അന്ന് ആ വാക്കുകള്‍ അവഗണിച്ചു നവോന്ഥാന പ്രസ്ഥാനത്തിന്റെ മേലങ്കി അണിയിച്ചു അവരെ തോളിലേറ്റിയവര്‍ ഇനിയെങ്കിലും വസ്തുത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Latest