Connect with us

Articles

ഇസില്‍ ഭീഷണിയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും

Published

|

Last Updated

ഐ എസിന്റെ ആഗോള ഭീകരശൃംഖലകളിലേക്ക് കേരളത്തില്‍ നിന്നും യുവതീയുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതായുള്ള സ്‌തോഭജനകമായ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദൃശ്യഅച്ചടി മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. റോയും എന്‍ ഐ എയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് അനേ്വഷണം ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര രഹസ്യാനേ്വഷണ ഏജന്‍സിയായ റോ കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ 19 പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുവത്രെ. ഇവര്‍ ഐ എസ് ഉള്‍പ്പെടെയുള്ള ആഗോള ഭീകരസംഘടനകളില്‍ ചേര്‍ന്നതായിട്ടുള്ള ഒരു സ്ഥിരീകരണവും അനേ്വഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഇതെഴുതുന്നതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍, സംഘ്പരിവാര്‍ സംഘടനകളും ചില മാധ്യമങ്ങളും ഈയൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തി ഐ എസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള വാര്‍ത്തകളും കഥകളും പ്രചരിപ്പിച്ച് മുസ്‌ലിം പേടി പടര്‍ത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഹണ്ടിംഗ്ടണ്‍ തിസീസിന്റെ പിന്‍താങ്ങികളായ ഇന്ത്യയിലെ സാംസ്‌കാരിക സംഘര്‍ഷവാദികളാണ് ഐ എസ് പ്രശ്‌നമുയര്‍ത്തി സമൂഹത്തില്‍ സംഘര്‍ഷവും വര്‍ഗീയ ധ്രുവീകരണവും ഉണ്ടാക്കാന്‍ ശ്രമമാരംഭിച്ചിരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയാകെ നിരാകരിക്കുന്ന ഹിംസാത്മകമായൊരു ഇസ്‌ലാമിക വ്യവസ്ഥയെക്കുറിച്ചുള്ള ആദര്‍ശങ്ങളാണ് ഐ എസ് മേധാവിയായ അബൂബക്കര്‍ അല്‍ ബാഗ്ദാദി മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യയില്‍ ആര്‍ എസ് എസ് ഇതിന് സമാനമായ മതരാഷ്ട്രസിദ്ധാന്തവും പ്രയോഗപരിപാടികളുമാണല്ലോ പിന്തുടരുന്നത്. അതുകൊണ്ടാണ് ദാത്രി ഉള്‍പ്പെടെയുള്ള ക്രൂരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപൂര്‍വദേശത്തെ ഐ എസ് പോലെയാണ് ഇന്ത്യയില്‍ ആര്‍ എസ് എസ് എന്ന് പല സാമൂഹിക ശാസ്ത്രചിന്തകരും നിരീക്ഷിച്ചിട്ടുള്ളത്. ഐ എസും ആര്‍ എസ് എസും ഒരുപോലെ മതരാഷ്ട്രവാദികളും ഹിംസയെ അപരമതവിരോധത്തെ ജീവിതമൂല്യമാക്കാന്‍ പഠിപ്പിക്കുന്ന മതാന്ധരുമാണ്.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 21 പേരെ കാണാത്തതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കാസര്‍കോടുനിന്ന് 17 പേരെയും പാലക്കാട്ട് നിന്ന് രണ്ട് പേരെയും തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നിന്ന് ഓരോരുത്തരെയും കാണാതായതാണ് പരാതി. ഇതില്‍ 17 പേര്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളാണ്. ഇതില്‍ 12 പേര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര അനേ്വഷണ ഏജന്‍സികളുടെ പ്രതേ്യക സംഘം പറയുന്നു. ഇതിനിടയില്‍ മുംബൈയില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസില്‍ നിന്ന് എന്‍ ഐ എക്ക് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായും രഹസ്യാനേ്വഷണഏജന്‍സികള്‍ സൂചന നല്‍കുന്നുണ്ട്. കാണാതായവരില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച പ്രൊഫഷനലുകളാണ് ഉള്ളത്. പലരും ദമ്പതികളാണ്. കുട്ടികളുമുണ്ട്. ഇവരില്‍ പലരും ശ്രീലങ്ക വഴി സിറിയയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

കാണാതായ ഫാത്തിമ എന്ന നിമിഷയുടെ അമ്മ ബിന്ദു ചാനല്‍ ചര്‍ച്ചകളിലും മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ പരാതിയിലും ബി ഡി എസ് വിദ്യാര്‍ഥിയായ മകളെ മതപരിവര്‍ത്തനം നടത്തിയാണ് ഈസയെന്ന ചെറുപ്പക്കാരന്‍ വിവാഹം കഴിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായാംഗമായ ബഗ്‌സന്‍ മതം മാറിയത്രെ ഈസയായത്. ഇയാളുടെ സഹോദരനും മതം മാറി യഹിയ എന്ന പേര് സ്വീകരിച്ചു. യഹിയയുടെ ഭാര്യ മെറിന്‍ എന്ന മറിയയെയും കാണാതായിട്ടുണ്ടെന്ന് ഈസയുടെയും യഹിയയുടെയും പിതാവ് വിന്‍സന്റ് പാലക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇവരുടെ തിരോധാനം അത്യന്തം ഗൗരവാവഹമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ആഗോള നിയോസലഫിസത്തിന്റെ വിശ്വാസപരമായ ഉന്മാദങ്ങളില്‍പ്പെട്ടുപോയവരാകാം ഇവരെല്ലാം. സ്വന്തം മക്കളുടെ നിര്‍ഭാഗ്യകരമായ നടപടിയെ ഇവരുടെ അച്ഛനമ്മമാര്‍ അതിശക്തമായിതന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. രാജ്യത്തിനും ലോകത്തിന്റെ സമാധാനത്തിനുമെതിരായ പാതയാണ് മകന്‍ തിരഞ്ഞെടുത്തതെങ്കില്‍ പടന്ന സ്വദേശിയായ ഹക്കീം എന്ന പിതാവ് പറഞ്ഞത് അവന്‍ മരിച്ചതായി കണക്കാക്കുമെന്നാണ്.

ഇവര്‍ ഐ എസില്‍ ചേര്‍ന്നതായി മാതപിതാക്കള്‍ക്ക് വിവരം ലഭിക്കുന്നത് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ്. “നരകത്തില്‍ നിന്നും ഞങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നു. ഇനി അനേ്വഷിക്കരുത്” എന്നാണത്രെ ഇവരയച്ച വാട്‌സ്ആപ്പ് സന്ദേശം. ഈയൊരു സാഹചര്യത്തെ മുസ്‌ലിം വിരുദ്ധമായ വികാരം സൃഷ്ടിക്കാനുള്ള അവസരമായി ആര്‍ എസ് എസും ബി ജെ പിയും ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മതനിരപേക്ഷ ജനാധിപത്യവാദികള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രബുദ്ധമെന്നും മതനിരപേക്ഷമെന്നും കരുതുന്ന കേരളം പോലുള്ള ഒരു സമൂഹത്തില്‍ നിന്നും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പൊതുവെ അഭ്യസ്തവിദ്യരുമായ യുവതീയുവാക്കള്‍ എന്തുകൊണ്ടാണ് മതതീവ്രവാദപ്രസ്ഥാനങ്ങളിലേക്ക് ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് ആലോചിക്കേണ്ടത്.

അവരെ ആധുനിക ജിഹാദിസത്തിലേക്കും തീവ്രവാദത്തിലേക്കും റിക്രൂട്ട്‌ചെയ്യുന്ന ഏജന്‍സികളും പ്രത്യയശാസ്ത്ര കേന്ദ്രങ്ങളും ഏതാണെന്നാണ് അനേ്വഷിക്കേണ്ടത്. അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമാണ് നമ്മളെല്ലാം ഉത്തരവാദിത്വപൂര്‍വം ആലോചിക്കേണ്ടത്.

ഐ എസ് പ്രശ്‌നത്തെ ഏതെങ്കിലും ഒരു മതത്തിന്റെ പ്രശ്‌നമായി കാണാതെ നമ്മുടെ സാമൂഹിക ജീവിതത്തെ അസ്ഥിരീകരിക്കുന്ന, എല്ലാവരും ഒരുമിച്ച് നിന്ന് എതിര്‍ത്തുതോല്‍പിക്കേണ്ട, വിധ്വംസക പ്രവണതയായിട്ടാണ് കാണേണ്ടത്. മതമൗലികവാദവും അശാസ്ത്രീയമായ മതപഠനവും പകര്‍ന്നുനല്‍കിയ ഉന്മാദാവസ്ഥയാണ് ഉയര്‍ന്ന പ്രൊഫഷനലുകളെ പോലും ഐഎസില്‍ എത്തിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ സമീപനങ്ങളില്‍ നിന്നേ മതതീവ്രവാദ സ്വാധീനത്തെ നമുക്ക് നിര്‍ധാരണം ചെയ്യാനും അതില്‍പെട്ടുപോകുന്നവരെ മോചിപ്പിച്ചെടുക്കാനും കഴിയൂ.

ഇസില്‍, ബോക്കോ ഹറാം, അല്‍ഖാഇദ, അല്‍നുസ്‌റ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലും നാമങ്ങളിലും ഭീകരത സൃഷ്ടിക്കുന്ന ആധുനിക ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പിറകില്‍ അമേരിക്കയും സയണിസ്റ്റ് രാഷ്ട്രമായ ഇസ്‌റാഈലുമാണെന്നത് ഇത്തരം സംഘടനകളെക്കുറിച്ചുള്ള പഠനങ്ങളും അനേ്വഷണറിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകത്തെല്ലായിടത്തുമുള്ള മതവംശീയ ഭീകരസംഘടനകളെല്ലാം സാമ്രാജ്യത്വ സൃഷ്ടിയാണ്. വ്യത്യസ്ത ഭൂഖണഅധങ്ങളില്‍ തങ്ങളുടെ നവ അധിനിവേശ താല്പര്യങ്ങള്‍ക്കാവശ്യമായ പ്രത്യയശാസ്ത്രപദ്ധതിയും പ്രയോഗ പരിപാടിയുമെന്നനിലയിലാണ് സാമ്രാജ്യത്വശക്തികള്‍ നാനാതരം മതവംശീയ വിഘടനവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുത്തിട്ടുള്ളത്.

മൂന്നാം ലോക ദേശീയതകളില്‍ മാത്രമല്ല തീഷ്ണമാകുന്ന മുതലാളിത്ത പ്രതിസന്ധിയുടെ സമ്മര്‍ദം മൂലം വികസിത മുതലാളിത്ത രാജ്യങ്ങളിലും ജനസമൂഹങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും കഴിയുന്ന മതവംശീയ പ്രസ്ഥാനങ്ങളെ മൂലധനശക്തികള്‍ യഥേഷ്ടം രൂപപ്പെടുത്തിയിട്ടുണ്ട്. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ അധിനിവേശത്തിന് തടസ്സം നില്‍ക്കുന്ന എല്ലാ രാഷ്ട്ര ഘടനകളെയും ജനസമൂഹങ്ങളുടെ പരമാധികാര പൂര്‍ണമായ ദേശരാഷ്ട്രസ്വത്വത്തെയും അസ്ഥിരീകരിക്കുകയാണ് മതവംശീയതീവ്രവാദപ്രസ്ഥാനങ്ങളെ ഉപയോഗിച്ച് സാമ്രാജ്യത്വശക്തികള്‍ ചെയ്യുന്നത്.

സി ഐ എ ശീതയുദ്ധകാലത്ത് ആവിഷ്‌കരിച്ച രാഷ്ട്ര ശിഥിലീകരണത്തിനുള്ള “ബാള്‍ക്കനൈസേഷന്‍ പ്രൊജക്ടു”കളാണ് പശ്ചിമേഷ്യയില്‍ ഇസ്‌ലാമിക തീവ്രവാദത്തെയും സയണിസത്തെയുമെല്ലാം ശക്തിപ്പെടുത്തിയത്. ഇത്തരം ശിഥിലീകരണ പദ്ധതികളുടെ ഫലമായി തമ്മിലടിക്കുന്ന ജനസമൂഹങ്ങളുടെ അരക്ഷിതപൂര്‍ണമായ അവസ്ഥയെ ഉപയോഗപ്പെടുത്തി തങ്ങളുടെ ക്രൂരമായ ചൂഷണം പതിന്മടങ്ങാക്കാനും മൂന്നാം ലോക രാജ്യങ്ങളില്‍ തങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത വിഭവങ്ങളുടെയും സമ്പദ്പ്രവര്‍ത്തനങ്ങളുടെയും മണ്ഡലങ്ങളെ കൈയടക്കാനും സാമ്രാജ്യത്വം ശ്രമിക്കുന്നു.

മതനിരപേക്ഷ ജനാധിപത്യവാദികള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രബുദ്ധമെന്നും മതനിരപേക്ഷമെന്നും കരുതുന്ന കേരളം പോലുള്ള ഒരു സമൂഹത്തില്‍ നിന്നും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പൊതുവെ അഭ്യസ്തവിദ്യരുമായ യുവതീയുവാക്കള്‍ എന്തുകൊണ്ടാണ് മതതീവ്രവാദപ്രസ്ഥാനങ്ങളിലേക്ക് ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് ആലോചിക്കേണ്ടത്. അവരെ ആധുനിക ജിഹാദിസത്തിലേക്കും തീവ്രവാദത്തിലേക്കും റിക്രൂട്ട്‌ചെയ്യുന്ന ഏജന്‍സികളും പ്രത്യയശാസ്ത്ര കേന്ദ്രങ്ങളും ഏതാണെന്നാണ് അനേ്വഷിക്കേണ്ടത്. അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും നമ്മളെല്ലാം ഉത്തരവാദിത്വപൂര്‍വം
ആലോചിക്കേണ്ടതുണ്ട്. ഈയൊരു സാഹചര്യത്തെ മുസ്‌ലിം വിരുദ്ധമായ വികാരം സൃഷ്ടിക്കാനുള്ള അവസരമായി ആര്‍ എസ് എസും ബി ജെ പിയും ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.