Connect with us

Gulf

മൂല്യവര്‍ധിത നികുതി; സര്‍ക്കാറിനൊപ്പം പൊതു ജനങ്ങള്‍ക്കും ഗുണകരം

Published

|

Last Updated

കഴിഞ്ഞ ഫെബ്രുവരിയില്‍ ജി സി സി രാജ്യങ്ങളില്‍ 2018 ഓടുകൂടി മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരമായിരുന്നു. അഞ്ച് ശതമാനമാണ് ഈ ഇനത്തില്‍ നികുതി ഏര്‍പ്പെടുത്തുക. മേഖലയിലെ ആദ്യത്തെ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന രാജ്യം യു എ ഇ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്നും നേരത്തെയുള്ള കരുതല്‍ ധനം സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതുണ്ടെന്നും മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളോട് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) ശുപാര്‍ശ ചെയ്തിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുവാനുള്ള നീക്കം നടക്കുന്നത്. രാജ്യത്ത് 2018ല്‍ നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ നടപ്പിലാക്കുന്ന ആദ്യവര്‍ഷത്തില്‍ 1,000 കോടി ദിര്‍ഹമിനും 1,200 കോടി ദിര്‍ഹമിനും ഇടക്ക് വരുമാനമാണ് യു എ ഇ പ്രതീക്ഷിക്കുന്നത്.
18 മാസങ്ങള്‍ക്ക് മുമ്പ് വരെ എണ്ണവരുമാനം വന്‍കരുത്താണ് രാജ്യത്തെ ദേശീയ വരുമാനത്തിന് നല്‍കിയിരുന്നത്. എന്നാല്‍ 2014ന്റെ പകുതിയില്‍ എണ്ണവില ബാരലിന് 115 ഡോളറായിരുന്നെങ്കില്‍ (422.4 ദിര്‍ഹം) 2016 ജനുവരിയില്‍ വിലയില്‍ 30 ഡോളറിന്റെ കുറവുണ്ടായി. ഇത് ദേശീയ വരുമാനത്തെ കാര്യമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കൂടുതല്‍ സൃഷ്ടിച്ചെടുക്കാന്‍ മധ്യപൗരസ്ത്യ രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും എണ്ണ കയറ്റുമതി രാജ്യങ്ങള്‍ അവരുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 34,000 കോടി ഡോളറിലധികം നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരയുത്പാദനത്തിന്റെ 20 ശതമാനമാണിത്. ഏതെങ്കിലും തരത്തിലുള്ള മൂല്യവര്‍ധിത നികുതികള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വരുന്ന കുറേ വര്‍ഷങ്ങളെ ഫലപ്രദമായി നേരിടാന്‍ പറ്റുകയുള്ളൂവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ക്ക് അധികം അവസരം കൊടുക്കാതെ സമ്പദ് വ്യവസ്ഥയുടെ സ്ഥായിയായ നിലനില്‍പ്പിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും ജി സി സി രാജ്യങ്ങള്‍ പ്രത്യക്ഷ നികുതി ചുമത്തുന്നില്ല എന്നത് തന്നെയാണ് തൊഴിലാളികളെയും വിദേശികളായ വ്യവസായികളെയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരം. കാരണം വരുമാന നികുതി, കോര്‍പറേറ്റ് നികുതി, വസ്തു നികുതി എന്നിവയില്‍ നിന്ന് ജി സി സി രാജ്യത്തെ താമസക്കാരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, യു എ ഇയില്‍ നിലവില്‍ പരോക്ഷ നികുതിയിനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഹൗസിംഗ് ഫീസ്, റോഡ് ടോള്‍, ടൂറിസം നികുതി, വിസക്കും മറ്റു വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകള്‍ സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷാ നികുതികള്‍ എന്നിവ നിലവിലുണ്ട്. ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ഗവണ്‍മെന്റ് രാജ്യത്ത് വസിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും പാര്‍ക്കുകളിലും ബീച്ചുകളിലും ഫ്രീ വൈ-ഫൈ റോഡുകളുടെയും പാലങ്ങളുടെയും നവീകരണം, മെട്രോ യാത്രക്കാര്‍ക്കും ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കും ഫ്രീ വൈ-ഫൈ, ആധുനീകരീതിയില്‍ സജ്ജീകരിച്ച ബസ് ഷെല്‍ട്ടറുകള്‍, ഉല്ലാസത്തിനും വിനോദത്തിനും വിവിധ ഫെസ്റ്റിവല്‍ പദ്ധതികള്‍ തുടങ്ങിയ മികച്ച ജീവിത രീതിയുമാണ് വിഭാവനം ചെയ്യുന്നത്. അതിനാല്‍ സ്വദേശികളും വിദേശികളും മറ്റൊരര്‍ഥത്തില്‍ പരോക്ഷ നികുതി വരുമാനത്തിന് ഒരുപോലെ ഗുണഭോക്താക്കള്‍ തന്നെയാണ്. എന്നാല്‍, വിദ്യാഭ്യാസ ആരോഗ്യ സുരക്ഷാ ഭക്ഷ്യമേഖലകളെ നികുതിയിനത്തില്‍ നിന്നു ഒഴിവാക്കുമെന്ന് ജി സി സി രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ, നിത്യോപയോഗ ക്രയവസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ആഡംബര വസ്തുക്കള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തുക. അതിനാല്‍ ആഡംബര പ്രേമികളല്ലാത്ത ശരാശരി ജീവിതം പുലര്‍ത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജീവിത ചിലവുകളില്‍ അധിക ഭാരം ചുമക്കേണ്ടിവരില്ല.
പരോക്ഷ നികുതിയിനത്തില്‍ പെട്ട മൂല്യവര്‍ധിത നികുതി വരുമാനം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നതിനാല്‍ സര്‍ക്കാരിനൊപ്പം പൊതുജനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ഗുണകരം തന്നെയാണ്.

Latest