Connect with us

Editorial

വിഴിഞ്ഞവും കുളച്ചലും

Published

|

Last Updated

തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്രനടപടി വിഴിഞ്ഞം പദ്ധതിയുടെ സാധ്യതയില്‍ സൃഷ്ടിച്ച ആശങ്കയെ ബലപ്പെടുത്തുന്നതാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രസ്താവന. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചാലാണ് കേന്ദ്രപദ്ധിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിഴിഞ്ഞം കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കുളച്ചല്‍ വിഴിഞ്ഞത്തിന് ഭീഷണിയാകില്ലെന്നും കേരളീയരെ ആശ്വസിപ്പിക്കാനായി അദ്ദേഹം തുറന്നെങ്കിലും കേന്ദ്രനീക്കത്തില്‍ ദൂരൂഹതയുണ്ട്. മുമ്പ് വിഴിഞ്ഞം പദ്ധതിക്കായി കേരളം ആവ ശ്യപ്പെട്ടപ്പോള്‍, 200 കിലോ മീറ്റോളം മാത്രം മാറി കൊച്ചി വല്ലാര്‍പ്പാടം തുറമുഖമുള്ളപ്പോള്‍ വിഴിഞ്ഞത്തിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത്. എന്നിരിക്കെ വിഴിഞ്ഞത്തിന് 35 കിലോ മീറ്റര്‍ മാത്രം അകലെ മറ്റൊരു തുറമുഖ നിര്‍മാണത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ചതിന് എന്ത് ന്യായീകരണമുണ്ട്? തമിഴ്‌നാടിന്റെ രാഷ്ട്രീയ സമ്മര്‍ദമാണിതിന് പിന്നിലെന്ന്് വ്യക്തമാണ്. കന്യാകുമാരിയെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗമാണ് പൊന്‍രാധാകൃഷ്ണന്‍. കുളച്ചില്‍ പദ്ധതി അദ്ദേഹത്തിന്റെ വാഗ്ദാനമായിരുന്നു. ജയലളിത സര്‍ക്കാറിനെ അനുനയിപ്പിച്ചു നിര്‍ത്തേണ്ടതും കേന്ദ്രത്തിന്റെ രാഷട്രീയ താത്പര്യത്തിന് അനിവാര്യമാണ്.
വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതാണ് വിഴിഞ്ഞം തുറമുഖം പദ്ധതി. ഒരു വശത്ത് പാരിസ്ഥിതിക വാദികളും ഇ ശ്രീധരനെ പോലെയുള്ള വിദഗ്ധരും പദ്ധതിക്കെതിരെ രംഗത്ത് വന്നു. പാരിസ്ഥിതാകാഘാതം മാത്രമല്ല, സാമ്പത്തികമായും പദ്ധതി കേരളത്തിന് ആഘാതമായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. കപ്പല്‍ വ്യവസായം തകര്‍ച്ചയിലായതിനാല്‍ പ്രതീക്ഷിച്ചപോലെ കണ്ടെയ്‌നറുകളുടെ വരവുണ്ടാകില്ല. നേരത്തെ ഇന്റര്‍നാഷനല്‍ ഫിനാനഷ്യല്‍ കോര്‍പ്പറേഷന്‍ അടക്കം രണ്ട് പ്രധാന ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ വിഴിഞ്ഞം ലാഭകരമാകില്ലെന്ന് അഭിപ്രായപ്പെട്ട കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് പദ്ധതികളെയും താരതമ്യം ചെയ്തു അടുത്ത ദിവസം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വിഴിഞ്ഞത്തേക്കാള്‍ ലാഭകരം കുളച്ചലെന്നാണ് അഭിപ്രായപ്പെട്ടത്. സ്വാഭാവിക ആഴത്തിലും അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്കുള്ള ദൂരത്തിന്റെ കാര്യത്തിലും വിഴിഞ്ഞവും കുളച്ചലും ഒപ്പമാണെങ്കിലും വിഴിഞ്ഞത്ത് വാണിജ്യസാധ്യതകള്‍ കുറവാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ വന്‍കിട സംരംഭങ്ങളോ വലിയ വ്യവസായങ്ങളോ ഇല്ലാത്തതിനാല്‍ ചരക്ക് ലഭ്യത കുറവായിരിക്കുമെന്നും തൊഴിലാളി സംസ്‌കാരം വിഴിഞ്ഞം തുറമുഖം ലാഭകരമാകുന്നതിന് തടസ്സമാണന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അതേസമയം പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരു നാഴികക്കല്ലാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അന്താരാഷ്ട്ര കപ്പല്‍ ചാലുമായുള്ള വിഴിഞ്ഞത്തിന്റെ അടുപ്പവും കടലിന്റെ ആഴക്കൂടുതലും കണക്കിലെടുത്ത് വന്‍കിട ചരക്ക് കപ്പലുകള്‍ അടുക്കാനുള്ള സാധ്യതകളാണ് ഇതിനാധാരമായി ചൂണ്ടിക്കാണിക്കുന്നത്. വിഴിഞ്ഞത്ത് തീരക്കടലില്‍ തന്നെ 24 മീറ്റര്‍ വരെ ആഴം ലഭ്യമാകുന്നുണ്ടെന്നതിനാല്‍ കപ്പല്‍ ചാലിന് ആഴം കൂട്ടാന്‍ തുടര്‍ച്ചയായ മണ്ണെടുപ്പ് വേണ്ടിവരില്ലെന്നതും അനുകൂല ഘടകമാണ്. 2030ലെത്തുമ്പോള്‍ ആഗോള ഉത്പാദനം ഇന്നിന്റെ ഇരട്ടിയാകും. അപ്പോഴേക്കും ചൈന ലോകവ്യാപാരക്കപ്പലുകളുടെ നാലിലൊന്ന് സ്വന്തമാക്കിയിരിക്കും. ഈ ഘട്ടത്തില്‍ ഇന്ത്യ പിന്‍തള്ളപ്പെടാതിരിക്കണമെങ്കില്‍ വിഴിഞ്ഞം പോലുള്ള പദ്ധതികള്‍ ആവശ്യമാണെന്നും പദ്ധതിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
എതിര്‍പ്പുകളെ അവഗണിച്ചു കേന്ദ്രത്തിന്റെ അനുമതിയോടെ വിഴിഞ്ഞം പദ്ധതി ആരംഭിച്ച സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യംവെച്ചു അതിന് തുരങ്കം വെക്കാതിരിക്കാനുള്ള സാമാന്യ മര്യാദ കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടതാണ്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേളത്തിന്റെ താത്പര്യങ്ങള്‍ കൂടി മാനിക്കാന്‍ മന്ത്രി പൊന്‍രാധാകൃഷ്ണനും ബാധ്യതയുണ്ട്. വിഴിഞ്ഞം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കി കുളച്ചലിനു മുമ്പേ പ്രാവര്‍ത്തന സജ്ജമാക്കുകയാണ് കേരളത്തിന് മുമ്പില്‍ ഇനിയുള്ള മാര്‍ഗം. കുളച്ചലിനു തത്വത്തിലുള്ള അംഗീകാരം മാത്രമേ ലഭിച്ചിച്ചുള്ളൂ. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതിയാണ് ലഭ്യമായത്. കുളച്ചലിന് ഇനി പരിസ്ഥിതി അനൂകൂല റിപ്പോര്‍ട്ടടക്കം നിരവധി കാര്യങ്ങളില്‍ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനായാല്‍ കുളച്ചല്‍ അപ്രസക്തമാകും. മുന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാമെന്നാണ് അദാനി ഉറപ്പ് നല്‍കിയിരുന്നത്. ഒരു വര്‍ഷം പിന്നിട്ടു. അവശേഷിച്ച രണ്ട് വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് ഇനിയാവശ്യം. വിഴിഞ്ഞത്ത് തുറമുഖമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. പല തടസ്സവാദങ്ങളാലും അത് നീണ്ടുപോകുകയായരുന്നു.
ഇനിയെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ജാഗ്രത വേണം. ഉദാസീനത കാണിച്ചാല്‍ വിഴിഞ്ഞത്തിന് ലഭിക്കേണ്ട പ്രാധാന്യം കുളച്ചല്‍ കൊണ്ടുപോകുകയും വിഴിഞ്ഞം ഒരു നഷ്ടക്കച്ചവടമായി മാറുകയും ചെയ്യും.