Connect with us

Ongoing News

ഡിഫ്തീരിയ ഭീഷണി;2.31 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ഡിഫ്തീരയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും 2.31 ലക്ഷം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ 31 പേര്‍ക്കും കോഴിക്കോട് ഏഴ് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇതില്‍ മലപ്പുറത്ത് രണ്ട് പേര്‍ മരണപ്പെട്ടു. മലപ്പുറത്തെ ഏഴ് ബ്ലോക്കുകളിലാണ് പ്രധാനമായും ഡിഫ്തീരിയ ബാധയുള്ളത്. ഇവിടെ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആവശ്യമായ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും ശേഖരിച്ചുകഴിഞ്ഞു. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. 1300 സ്‌കൂളുകളില്‍ പി ടി എ യോഗം വിളിച്ച് ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 15 മുതല്‍ 37 വയസ് വരെയുള്ളവര്‍ രോഗബാധിതരായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും രോഗ ബാധ കണ്ടെത്തിയെങ്കിലും മരണ സാധ്യത കൂടുതല്‍ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കാണ്.
രോഗപ്രതിരോധത്തിനുള്ള അടിയന്തര കര്‍മപദ്ധതി നടപ്പാക്കാന്‍ ഡോ. ജി സുനില്‍കുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.
മറ്റ് പ്രദേശങ്ങളിലെ നഴ്‌സിംഗ് അസിറ്റന്റുമാരെയും ഡോക്ടര്‍മാരെയും രോഗബാധയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ ജി എം ഒ എ, ഐ എം എ തുടങ്ങി ഡോക്ടര്‍മാരുടെ സംഘടനകളും ഇതുമായി സഹകരിക്കുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവരാണ് പ്രതിരോധ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. ഇവരില്‍ നിന്ന് ആവശ്യമായ ഡോസ് മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.
കുത്തിവെപ്പ് എടുക്കുന്നതില്‍ അലംഭാവം കാണിച്ചതാണ് രോഗബാധക്ക് കാരണം.
ഡിഫ്തീരിയ ബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും പലയിടത്തും ആവശ്യമായ മരുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം ഉമ്മര്‍ ചൂണ്ടിക്കാട്ടി. രോഗം വ്യാപിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗുരുതരമായ സാഹചര്യമുണ്ടാകും. രണ്ടായിരം കുട്ടികള്‍ക്ക് നല്‍കാനുള്ള മരുന്ന് പോലും ലഭ്യമല്ലെന്നും എം ഉമ്മര്‍ ആരോപിച്ചു.
സ്‌കൂള്‍ പ്രവേശനത്തിന് കുത്തിവെപ്പ് നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ വ്യാപകമായ ബോധവത്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുത്തിവെപ്പ് മരുന്ന് മാറ്റുന്നുണ്ടെങ്കില്‍ ലോകാരോഗ്യസംഘടനയുടെ അനുമതി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest