Connect with us

Kerala

മഴ പെയ്തില്ല; കൊടുവള്ളിയില്‍ ജയിച്ചതുമില്ല

Published

|

Last Updated

തിരുവനന്തപുരം: മത്തായി സുവിശേഷം തന്നെയാണ് ഇപ്പോള്‍ സഭാ ചര്‍ച്ചകളിലെ ഹൈലൈറ്റ്. പതിമൂന്നാം നിയമസഭാ കാലത്ത് വി എസ് തുടങ്ങിവെച്ചത് അദ്ദേഹത്തിന്റെ പിന്മുറക്കാരെല്ലാം ചേര്‍ന്ന് ഏറ്റെടുക്കുകയാണ്.
ഇന്നലത്തെ ഉദ്ധരണി എം സ്വരാജ് വകയായിരുന്നു. “”വിശുദ്ധമായത് നായ്ക്കള്‍ക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ എറിയുകയുമരുത്. ആ മുത്തുകള്‍ അവ ചവിട്ടിക്കളയുകയും പിന്നീടു നിങ്ങളുടെ നേര്‍ക്കു തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.”” എന്താണ് വിശുദ്ധമായതെന്നോ ആരാണു നായ്ക്കളെന്നോ ആരുടെ മുത്തുകള്‍ ഏതു പന്നികള്‍ക്ക് ഇട്ടുകൊടുക്കരുതെന്നാണോ സ്വരാജ് വെളിപ്പെടുത്തിയില്ല. സഭയുടെ ക്രമസമാധാനം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടാണെന്നായിരുന്നു വ്യക്തത വരുത്താത്തതിനുള്ള സ്വരാജിന്റെ ന്യായീകരണം.
എന്‍ ഷംസുദ്ദീന്റെ കാന്തപുരം വിരോധത്തിന് പി ടി എ റഹീമിന് കൃത്യമായ മറുപടിയുണ്ട്. മണ്ണാര്‍ക്കാട് ഷംസുദ്ദീനെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രചാരണം നടത്തിയിട്ടൊന്നുമില്ല. പക്ഷെ, കൊടുവള്ളിയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനെന്ന വ്യാജേന സ്ത്രീകളെ സംഘടിപ്പിച്ചാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രചാരണം നടത്തിയത്. എന്നിട്ടും ലീഗ് തോറ്റു. മഴ പെയ്തതുമില്ല. കുന്ദമംഗലത്തും തിരുവമ്പാടിയിലെ സ്ഥിതിയും ഇത് തന്നെ. ഇതാണ് സ്ഥിതിയെന്നിരിക്കെ സഭയില്‍ ഇല്ലാത്ത കാന്തപുരത്തെ ശംസുദ്ദീന്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്നായിരുന്നു റഹീമിന്റെ ചോദ്യം.
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സാമാജിക വേഷം സ്വീകരിച്ച വീണാജോര്‍ജിന്റെ കന്നി പ്രസംഗമായിരുന്നു ഇന്നലെ കൈയടി നേടിയ മറ്റൊന്ന്. വീണ കത്തിക്കയറുമ്പോള്‍ പ്രസ് ഗ്യാലറിയില്‍ റിപ്പോര്‍ട്ടറുടെ വേഷത്തില്‍ വന്നതാകട്ടെ മുന്‍ മന്ത്രി കെ പി മോഹനനും.
ബജറ്റ് നിര്‍ദേശങ്ങളെ സ്വപ്‌നമെന്ന് വിമര്‍ശിക്കുന്ന പ്രതിപക്ഷത്തോട് പാവങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണിതെന്നായിരുന്നു വീണയുടെ മറുപടി. സമ്പദ് വ്യവസ്ഥ കുട്ടിച്ചോറാക്കിയ നിസ്സഹായതയില്‍ നിന്നുള്ള ജല്‍പ്പനങ്ങളാണ് പ്രതിപക്ഷത്തിന്റെ ബജറ്റ് വിമര്‍ശത്തിലെന്നും അവര്‍ പറഞ്ഞുവെച്ചു.
നടന്‍ മുകേഷും പ്രതീക്ഷ തെറ്റിച്ചില്ല. എഴുതി വായിച്ച പ്രസംഗത്തിനൊടുവില്‍ തനതു ശൈലിയില്‍ അല്‍പം കോമഡിയും ചേര്‍ത്താണ് മുകേഷ് നിര്‍ത്തിയത്. എഴുതി തയ്യാറാക്കിയതായിരുന്നു മുകേഷിന്റെ പ്രസംഗം. തനിക്ക് ലഭിച്ച പുതിയ റോള്‍ മികച്ച പ്രാസംഗികരുള്ള സഭയില്‍ റീടേക്ക് ഇല്ലാതെ ഒറ്റഷോട്ടില്‍ തീര്‍ക്കാന്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.
തോമസ് ഐസക് ഒരിക്കലും കള്ളം പറയാത്ത മനുഷ്യനാണെന്നതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സംശയമില്ല. പക്ഷേ, പ്രശ്‌നം ഒന്നുമാത്രമാണ്. തനിക്കു വേണ്ട സത്യം മാത്രമേ അദ്ദേഹം പറയൂ. ധവളപത്രത്തില്‍ നികുതിയേതര വരുമാനത്തെപറ്റി ഒരു വരി പോലും പറയാതിരുന്നത് ഇതിന് ഉദാഹരണമായി എടുത്ത് കാട്ടി. നികുതിയേതര വരുമാനത്തിലെ വന്‍വര്‍ധന ഐസക് കാണാത്തതാണോ, കണ്ടിട്ടും കാണാത്തപോലെ നടിച്ചതാണോ എന്നൊക്കെ ഉമ്മന്‍ചാണ്ടി സംശയിച്ചു.
ഇല്ലാത്ത പണം കണ്ട് തയ്യാറാക്കിയ ബജറ്റ് നിര്‍ദേശങ്ങളെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് കെ സി ജോസഫ് പരിഹസിച്ചു. യു ഡി എഫ് തിരിച്ചുവന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“അരി മണിയൊന്ന് കൊറിക്കാനില്ല, കരി വള ഇട്ട് നടക്കാന്‍ മോഹം” എന്നത് പോലെയാണ് ഐസക്കിന്റെ കാര്യമെന്ന് മുന്‍മന്ത്രി പി കെ അബ്ദുര്‍റബ്ബും. നിങ്ങള്‍ സ്വപ്‌നം കാണുകയെന്ന എ പി ജെ അബ്ദുല്‍കലാമിന്റെ ഉപദേശം ഐസക്ക് സ്വീകരിച്ചതിന്റെ തെളിവാണ് ബജറ്റിലൂടെ കാണുന്ന സ്വപ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും ഭാവന പൂര്‍ണമായ നിര്‍ദേശങ്ങളുമാണ് ബജറ്റില്‍ ഐ ബി സതീശ് കാണുന്നത്. ചവിട്ടി നില്‍ക്കുന്നത് വെള്ളത്തിലാണോ കരയിലാണോയെന്ന് ബോധ്യമുള്ളവരൊന്നും ബജറ്റിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാന്ദ്യവിരുദ്ധ ബജറ്റെന്ന് വിശേഷിപ്പിക്കുമ്പോഴും മാന്ദ്യവിരുദ്ധ പാക്കേജിന് ബജറ്റില്‍ പണമില്ലെന്നും ധനമന്ത്രി തുഗഌക് പരിഷ്‌കാരം കൊണ്ടുവരാന്‍ ശ്രമിക്കരുതെന്നുമായിരുന്നു മുന്‍ധനമന്ത്രി കെ എം മാണിയുടെ ഉപദേശം. പൊതുമരാമത്ത് വകുപ്പിനെ ബൈപാസ് ചെയ്യുന്ന ബജറ്റാണിതെന്നും ഇത് നല്ലാതാണോയെന്ന് മന്ത്രി ജി സുധാകരന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest