Connect with us

Kerala

ജൈവ പച്ചക്കറികള്‍ കര്‍ശനമായി പരിശോധിക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവ പച്ചക്കറി ഉത്പന്നങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി കാര്‍ഷിക സര്‍വകലാശാല നാലെണ്ണവും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ലബോറട്ടറികളള്‍ സ്ഥാപിക്കും. ജൈവ കൃഷി ജനകീയമാക്കുന്നതിന് സമഗ്ര പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തും. ഉത്പാദിപ്പിക്കുന്ന പച്ചക്കറി കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് അമുല്‍ മാതൃകയിലുള്ള നെറ്റ്‌വര്‍ക്കിംഗ് സംവിധാനം രൂപവത്കരിക്കാനും ആലോചനയുണ്ട്. സംസ്ഥാനത്ത് 48 ഇടങ്ങളില്‍ ആരംഭിച്ച ഇക്കോഷോപ്പുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും കൃഷിക്കാരുടെ നേതൃത്വത്തില്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.
സംസ്ഥാനത്ത് 200 കൃഷിഭവനുകള്‍ അഗ്രോ ക്ലിനിക്കുകളാക്കും. കൃഷിക്ക് ആവശ്യമായ ആധുനിക സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത പോളിഹൗസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളെടുക്കും. 2015-16 കാലത്ത് സംസ്ഥാനത്ത് 6.28 മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം വര്‍ധിച്ചുവെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.