Connect with us

Kerala

സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാകില്ലെന്ന് തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരു വിധത്തിലുള്ള നിയമന നിരോധനവും ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പില്‍ മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുള്ളൂ എന്ന ബജറ്റ് പ്രഖ്യാപനം മന്ത്രി തിരുത്തി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വകുപ്പുകളിലും മാനദണ്ഡങ്ങള്‍ അനുസരിച്ചു പുതിയ തസ്തിക അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിനുള്ള പൊതു ചര്‍ച്ച്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച അവസാനിച്ചു. മൂന്ന് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൌണ്ട് സഭ വ്യാഴാഴ്ച്ച പാസാക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ പുതിയ പാക്കേജ് കൊണ്ടുവരും. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ലയങ്ങള്‍ പുനര്‍ നിര്‍മിക്കും. ഇതിനായി പഞ്ചായത്തിന് ഫണ്ടില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം ചിലവിടുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കൈത്തറിക്ക് വര്‍ഷം മുഴുവന്‍ അഞ്ച് ശതമാനം നികുതിയിളവ് നല്‍കുന്നത് പരിഗണിക്കും.

മേഴ്‌സികുട്ടന്‍ അക്കാദമിക്ക് 50 ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരം പ്രസ്‌ക്ലബിന് 25 ലക്ഷം രൂപയും ശുചിത്വമിഷന് 15 കോടി രൂപയും വഖഫ് ബോര്‍ഡിന് രണ്ടുകോടി രൂപയും അനുവദിച്ചു. കൊച്ചി ബിനാലേക്ക് സ്ഥിരം വേദി തയാറാക്കുന്നതു സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ക്കു ശേഷം തുക വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ക്രസ്റ്റ് കോഴിക്കോടിന് 15 കോടി, ആലപ്പുഴ ദേശീയ ഗെയിംസ് റോവിംഗ് ട്രാക്കിന് 10 കോടി, അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ ഫ്‌ളാറ്റ് സമുച്ചയത്തിന് 15 കോടി, കുടിവെള്ളം, ജലസേനം എന്നിവ്ക്ക് 147 കോടി, റോഡ് വികസനത്തിന് 560 കോടി, ആറ് ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് 105 കോടി, ഒമ്പത് പാലങ്ങള്‍ക്കായി 100 കോടി, അഞ്ച് ഫ്‌ളൈഓവര്‍ നിര്‍മാണത്തിന് 90 കോടി, നാല് പുതിയ റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് 70 കോടി, സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് 60 കോടി, റവന്യൂടവറുകളുടെ നിര്‍മാണത്തിന് 70 കോടി എന്നിങ്ങനെ നിക്ഷേപ പദ്ധതിയില്‍ വകയിരുത്തുമെന്നും ധനമന്ത്രി നിയമസഭയില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Latest