Connect with us

Gulf

80 ശതമാനം പേരും ദുബൈയില്‍ ജോലി സുരക്ഷിതമെന്ന് വിശ്വസിക്കുന്നവര്‍

Published

|

Last Updated

ദുബൈ: ജീവനക്കാരില്‍ 80 ശതമാനവും ദുബൈയില്‍ ജോലി സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നവരാണെന്ന് സാമ്പത്തിക വികസന കാര്യ വകുപ്പ്. ലോകത്തിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ടോക്യോ, മിലാന്‍, പാരിസ്, ലണ്ടന്‍, ബാങ്കോക്ക് എന്നിവയെ അപേക്ഷിച്ച് ദുബൈയില്‍ ഉപഭോക്താവിന്റെ വിശ്വാസം കൂടുതലാണ്. ഇവിടെയുള്ള ഉപഭോക്താക്കള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ്. ന്യൂയോര്‍ക്ക്, ടോക്യോ, മിലാന്‍, പാരിസ്, ലണ്ടന്‍, ബാങ്കോക്ക് നഗരങ്ങളെ അപേക്ഷിച്ച് ജോലി സ്ഥിരതയും ദുബൈയിലാണ് കൂടുതല്‍. ഉപഭോക്തൃ ആത്മവിശ്വാസ സൂചികയില്‍ ദുബൈക്ക് 142 പോയന്റുകളാണുള്ളത്. 2016ന്റെ രണ്ടാം പാദത്തിലെ കണക്കെടുപ്പിലാണിത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 138 പോയന്റായിരുന്നു ദുബൈയിക്കുണ്ടായിരുന്നത്. തൊഴില്‍ സുരക്ഷിതത്വം, സാമ്പത്തികം എന്നിവയാണ് ലോക രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള ആറു രാജ്യങ്ങളും നേരിടുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ മികച്ച നിലവാരം, നല്ല നിലവാരം എന്നീ വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് 71ാം സ്ഥാനം നേടിയപ്പോള്‍ ദുബൈക്ക് 78ാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചെന്നത് മികച്ച കാര്യമാണ്.
വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളിലും ദുബൈയുടെ സ്ഥാനം മികച്ചതാണ്. ദുബൈയിലെ ഉപഭോക്താക്കളില്‍ 86 ശതമാനവും ന്യൂയോര്‍ക്കിലെ ഉപഭോക്താക്കളില്‍ 74 ശതമാനവും വ്യക്തിഗത സാമ്പത്തിക ഇടപാടുകള്‍ക്ക് നഗരങ്ങള്‍ മികച്ചതാണെന്ന് വിശ്വസിക്കുന്നു. പാരീസിന് ഇക്കാര്യത്തില്‍ 53 ശതമാനവും ലണ്ടന്‍(50), മിലാന്‍(42), ബാങ്കോക്ക്(36) എന്നിങ്ങനെയാണുള്ളത്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം അവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പണം ചെലവഴിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപഭോക്താക്കളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നതില്‍ ദുബൈയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് വിനോദസഞ്ചാര വകുപ്പാണെന്നും സാമ്പത്തിക വികസന വകുപ്പ് തയ്യാറാക്കിയ സര്‍വേ ഫലം വ്യക്തമാക്കുന്നു.