Connect with us

Gulf

അബുദാബി ക്ലീന്‍ സിറ്റി; 768 വാഹനങ്ങള്‍ കണ്ടുകെട്ടി

Published

|

Last Updated

അധികൃതര്‍ കണ്ടുകെട്ടിയ വാഹനങ്ങളില്‍ ചിലത്‌

അബുദാബി: അബുദാബി നഗരസഭയും നഗരസഭാ കാര്യ-ഗതാഗത വിഭാഗവും സംയുക്തമായി നഗരത്തില്‍ നടപ്പിലാക്കുന്ന ക്ലീന്‍ സിറ്റിയുടെ ഭാഗമായി മുസഫ്ഫയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 768 വാഹനങ്ങള്‍ കണ്ടുകെട്ടി. 3,406 വാഹനങ്ങള്‍ക്ക് നഗരസഭാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങളാണ് നോട്ടീസ് പതിച്ച് കാലാവധിക്ക് ശേഷം അധികൃതര്‍ നീക്കം ചെയ്തത്.
ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരെ നഗരസഭ ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തിയിട്ടും അവഗണിച്ചതാണ് ശക്തമായ നടപടിക്ക് കാരണം. നഗരത്തിന്റെ നവീന മുഖത്തിന് കളങ്കമുണ്ടാക്കുന്നതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ പൊതുജന പങ്കാളിത്തം അനിവാര്യമാണെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. നോട്ടീസ് പതിച്ചിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങളാണ് അനുവദിക്കപ്പെട്ട ദിവസം കഴിഞ്ഞതിന് ശേഷം ജപ്തിചെയ്തത്. വിവിധ തരം വാഹനങ്ങള്‍, കേട് പറ്റിയ ബോട്ടുകള്‍, ടാങ്കര്‍, ട്രക്ക് തുടങ്ങിയവയാണ് നീക്കം ചെയ്തത്. ജൂണ്‍ ആദ്യം മുതലാണ് പരിസ്ഥിതി ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചത്. നിയമ നടപടികള്‍ക്ക് ശേഷം കണ്ടുകെട്ടിയ വാഹനങ്ങള്‍ നഗരസഭയുടെ അല്‍ വത്ബയിലെ പ്രത്യേക പ്രദേശത്തേക്ക് നീക്കം ചെയ്യും. പിഴ അടച്ചതിന് ശേഷം ഉടമസ്ഥര്‍ക്ക് വാഹനങ്ങള്‍ തിരികെ നല്‍കുമെന്നും നഗരസഭ വ്യക്തമാക്കി.
ആര്‍ടിക്ള്‍ 2012/2 പ്രകാരം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

Latest