Connect with us

Kerala

മലബാര്‍ സിമന്റ്‌സ് എം ഡി നിയമനം: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ അന്വേഷണം

Published

|

Last Updated

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ തസ്തികയിലേക്കുള്ള കെ പത്മകുമാറിന്റെ നിയമനത്തിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. റിയാസ് കുട്ടമശേരി എന്നയാളുടെ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
പത്മകുമാറിനെ നിയമിച്ചതും പദവിയില്‍ തുടരുന്നതും വിദ്യാഭ്യാസ യോഗ്യതയില്ലാതെയും നടപടിക്രമം പാലിക്കാതെയുമാണെന്ന ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ത്വരിതാന്വേഷണത്തിന് ജഡ്ജി സി—ജയചന്ദ്രന്‍ ഉത്തരവിട്ടത്. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണച്ചുമതല. അടുത്ത മാസം 31ന് മുമ്പായി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
പൊതുമേഖലാ പുനസ്സംഘടനാ ഓഡിറ്റ് ബോര്‍ഡ് (ആര്‍ ഐ എ ബി) സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് പത്മകുമാറിനെ മലബാര്‍ സിമന്റ്‌സിന്റെ എം ഡിയായി നിയമിച്ചത്. എന്നാല്‍ ഈ രണ്ട് തസ്തികകളിലും നിയമിക്കാനുള്ള യോഗ്യത പത്മകുമാറിനില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പത്മകുമാര്‍ ആര്‍ ഐ എ ബിയുടെ സെക്രട്ടറിയായിരിക്കെ യോഗ്യത സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നിയമനം. പത്മകുമാറിന് യോഗ്യതയില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം സമര്‍പ്പിച്ച ബയോഡാറ്റയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ഇത് കൂടി പരിഗണിച്ചാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
ഉദ്യോഗത്തിലിരിക്കെ ജോലി രാജിവെച്ചാണ് പത്മകുമാര്‍ എംഫില്ലിന് ചേര്‍ന്നത്. പഠന ശേഷം വീണ്ടും പുനര്‍നിയമനം നല്‍കി. അപ്പോഴും യോഗ്യത പരിഗണിക്കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ല. അധ്യാപക തസ്തികയില്ലാതിരുന്നിട്ടും യു ജി സി ശമ്പള സ്‌കെയിലില്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നും പത്മകുമാറിന്റെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തെി പ്രതി ചേര്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. പത്മകുമാര്‍ പ്രതി ചേര്‍ക്കപ്പെടുന്ന അഞ്ചാമത്തെ കേസാണിത്.