Connect with us

Kerala

വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് വിഎസ്.

തൊടുന്യായങ്ങളും വിതണ്ഡവാദങ്ങളും ഉയര്‍ത്തി സ്വയം പരിഹാസ്യനാവാതെ, കേസിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുകയാണ് നടേശന്‍ ചെയ്യേണ്ടത്. അതിന്, യോഗം ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയുകയും, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കുകയും വേണം.

എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് പിന്നോക്ക സമുദായ കോര്‍പ്പറേഷനില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും വായ്പയെടുത്ത പണം അമിത പലിശക്ക് നല്‍കി സാമ്പത്തിക അഴിമതി നടത്തിയതാണ് കേസ്. രണ്ട് ശതമാനം പലിശക്കെടുത്ത പണത്തിന് പരമാവധി അഞ്ച് ശതമാനം പലിശ മാത്രമേ ഈടാക്കാവൂ എന്ന നിബന്ധന മറികടന്ന്, പന്ത്രണ്ടും പതിനഞ്ചും ശതമാനംവരെ പലിശ ഈടാക്കി എന്നതാണ് കേസ്.

ഇല്ലാത്ത പേരുകളില്‍ വായ്പ എഴുതി പാവപ്പെട്ട ഈഴവസ്ത്രീകളെ കബളിപ്പിച്ചതായും കേസുണ്ട്. ഈ കേസില്‍ ഒരഴിമതിയുമില്ലെന്നാണ് നടേശന്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ വിജിലന്‍സ് 80 ലക്ഷം രൂപയുടെ ക്രമക്കേട് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പ്രഥമവിവര റിപ്പോര്‍ട്ടും ഇട്ടിരിക്കുകയാണ്.

അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ആള്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നത് എസ്എന്‍ഡിപി യോഗത്തിനുതന്നെ അപമാനകരമാണ്. അതുകൊണ്ട് നടേശന്‍ സ്ഥാനം രാജിവെച്ച് കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും വിഎസ് പറഞ്ഞു.