Connect with us

Gulf

കാറുകള്‍ എന്‍ജിന്‍ ഓഫ് ചെയ്യാതെ വെയിലത്ത് നിര്‍ത്തുന്നത് അപകടം

Published

|

Last Updated

ദോഹ: പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ദീര്‍ഘനേരം എ സി പ്രവര്‍ത്തിപ്പിച്ച് കാറുകള്‍ അലക്ഷ്യമാക്കി ഇടുന്നത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്. അമിതമായി ചൂടായി തീപ്പിടിത്തത്തിന് കാരണമായേക്കാം.
ചൂട് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് വിവിധ കാരണങ്ങള്‍ കൊണ്ട് തീ പിടിക്കുന്നതിന് ഇടയാക്കും. ഇങ്ങനെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതില്‍ താമസക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ചൂട് വര്‍ധിച്ചതിനാല്‍ എന്‍ജിന്‍ ഓണാക്കിയിടുന്നത് ഡ്രൈവര്‍മാര്‍ക്കിടയില്‍ സര്‍വസാധാരണമാണ് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇങ്ങനെ എ സി ഓണാക്കിയിടുന്നതിനാല്‍ ആവശ്യം കഴിഞ്ഞ തിരിച്ചുവരുമ്പോള്‍ കാര്‍ തണുക്കുമെന്നതും അസ്വസ്ഥത കുറയുമെന്നതുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. മാളുകളില്‍ കയറി പലരും ദീര്‍ഘസമയം കഴിഞ്ഞാകും വരിക. അത്രയും സമയം എന്‍ജിന്‍ ഓണായിരിക്കും.
കുട്ടികളെ കാറിനുള്ളിലാക്കി മാതാപിതാക്കള്‍ ഷോപ്പിംഗിന് പോകുന്ന അത്യന്തം അപകടകരമായ പ്രവണതയുമുണ്ട്. ലോക്ക് ചെയ്യാതെ പോകുന്നതിനാല്‍ വില പിടിപ്പുള്ളത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്‍ജിന്‍ ഓണാക്കി പോകുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ജിന്‍ അമിതമായി ചൂടായാലും തീപിടിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബിന് സമീപം തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചിരുന്നു. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് തൊട്ടുടനെയായിരുന്നു അത്. ഈ മാസമാദ്യം ഐന്‍ ഖാലിദിലെ ഷോപ്പിംഗ് മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിനും തീപിടിച്ചിരുന്നു.
അപകടങ്ങള്‍ തടയുന്നതിന് എന്‍ജിനും ടയര്‍ മര്‍ദവും സ്ഥിരമായി പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.