Connect with us

Articles

മൈക്രോഫിനാന്‍സ്: തട്ടിപ്പ് പല വഴി

Published

|

Last Updated

പിന്നാക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്ന് കോടിക്കണക്കിന് രൂപ തുച്ഛമായ പലിശക്ക് വായ്പയെടുത്ത് എസ് എന്‍ ഡി പി യോഗത്തിന്റെ സ്വയം സഹായ സംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് പദ്ധതി പ്രകാരം കൂടിയ പലിശക്ക് വിതരണം ചെയ്യുകയായിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. സാധാരണക്കാരായ വീട്ടമ്മമാരെയും കൂലിവേലക്കാരെയും മൈക്രോഫിനാന്‍സിന്റെ പേരില്‍ കൊള്ളയടിച്ചിരിക്കുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നാക്ക കോര്‍പറേഷനില്‍ നിന്ന് എടുത്ത 15 കോടി രൂപ രണ്ട് ശതമാനത്തിന് പകരം 12 ശതമാനം പലിശക്കാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. പരമാവധി അഞ്ച് ശതമാനം പലിശക്ക് വേണം ഉപഭോക്താക്കള്‍ക്ക് നല്‍കാനെന്നിരിക്കെയാണ് കൂടിയ പലിശക്ക് സ്വന്തം സമുദായാംഗങ്ങള്‍ക്ക് വായ്പ നല്‍കിയത്. ഇതിന് പുറമെ വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഈ പണം വെള്ളാപ്പള്ളി തന്നെ തട്ടിയെടുത്തെന്നും വി എസ് ആരോപിച്ചിരുന്നു.
വ്യാജമായ പേരും വിലാസവും നല്‍കിയാണ് കോര്‍പ്പറേഷനെ കബളിപ്പിച്ചത്. ഇത് സംബന്ധിച്ച് സി എം ഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) നടത്തിയ പദ്ധതി അവലോക റിപ്പോര്‍ട്ടില്‍ എസ് എന്‍ ഡി പി 12 ശതമാനം പലിശക്കാണ് ഉപഭോക്താക്കള്‍ക്ക്് വായ്പ വിതരണം ചെയ്തിരുന്നതെന്നും ഈ സ്വയം സഹായസംഘങ്ങള്‍ക്ക് എസ് എന്‍ ഡി പി യോഗം യാതൊരു പിന്തുണയും നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയിലും സമാനമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്.
ഒരു ജാമ്യവുമില്ലാതെയാണ് എസ് എന്‍ ഡി പിക്ക് വായ്പ നല്‍കിയത്. വായ്പാ ദുര്‍വിനിയോഗം തെളിഞ്ഞ സാഹചര്യത്തില്‍ എസ് എന്‍ ഡി പി പിഴപ്പലിശയടക്കം തുക തിരിച്ചടക്കണമെന്ന് വി എസ് പ്രതിപക്ഷനേതാവായിരിക്കെ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വായ്പാ ക്രമക്കേട് സംബന്ധിച്ച് പല ഉപഭോക്താക്കളും ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്. 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വായ്പ ലഭിച്ചത്.
സംസ്ഥാനത്തെ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബേങ്കില്‍ നിന്ന് 600 കോടിയോളം രൂപയും ഈ വിധത്തില്‍ എടുത്തിട്ടുണ്ടെന്നും വി എസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണം വക മാറ്റി ചെലവഴിച്ചതിനും പലിശക്ക് നല്‍കിയതിനും പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പത്മകുമാറിനെതിരെ 2015 നവംബറില്‍ കേസെടുത്തിരുന്നു. പല യൂനിയനുകളിലും വീട്ടമ്മമാരടക്കം സമരവുമായി രംഗത്ത് വന്നതോടെയാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ് ഏറെ ശ്രദ്ധ നേടിയത്.വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എം എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ കെ മഹേശ്വരന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ എം ഡി. എന്‍ നജീബ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ്.